Sorry, you need to enable JavaScript to visit this website.

കുടുംബത്തിലെ 12 പേര്‍ ഒറ്റയടിക്ക് ഇല്ലാതായെന്ന സത്യം വിശ്വസിക്കാനാകാതെ മരവിച്ച മനസ്സുമായി സെയ്തലവി

മലപ്പുറം - തന്റെ കുടുംബത്തിലെ 12 പേര്‍ ഒറ്റയടിക്ക് ഇല്ലാതായെന്ന് വിശ്വസിക്കാന്‍ പരപ്പനങ്ങാടി കുന്നുമ്മല്‍ വീട്ടില്‍ സെയ്തലവിക്ക് ഇനിയും കഴിയുന്നില്ല. ആ ദുരന്തത്തിന് മുന്നില്‍ ഒന്ന് മിണ്ടാല്‍ പോലുമാകാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അദ്ദേഹവും സഹോദരന്‍മാരും. പെരുന്നാള്‍ അവധിക്ക് കുടുംബം ഒത്തകുടിയതിന്റെ സന്തോഷം ഒറ്റയടിക്കാണ് ആ കൊച്ചു വീട്ടില്‍ ദുരന്തമായി വന്ന് പതിച്ചത്.  പരപ്പനങ്ങാടി ആവില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷംന (16), ഷഫ്‌ല (13), ഫിദ ദില്‍ന (എട്ട്) സൈതലവിയുടെ സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ ഷഹ്‌റ (എട്ട്), ഫാത്തിമ റിഷിദ (ഏഴ്), നൈറ ഫാത്തിമ (പത്ത് മാസം), സൈതലവിയുടെ സഹോദരി നുസ്‌റത്തിന്റെ മകള്‍ ആയിഷ മെഹറിന്‍ (ഒന്നര വയസ്) സെയ്തലവിയുടെ സഹോദരന്‍  കുന്നുമ്മല്‍ വീട്ടില്‍ ജാബിറിന്റെ  ഭാര്യ കുന്നുമ്മല്‍ ജല്‍സിയ എന്ന കുഞ്ഞിമ്മു (42), മകന്‍ ജരീര്‍ (12) എന്നിവരാണ് ബോട്ടപകടത്തില്‍  മരിച്ചത്. മത്സ്യ തൊഴിലാളി കുടംബമാണ് സെയ്തലവിയുടേത്. പെരുന്നാള്‍ അവധിയുടെ ഭാഗമായി എല്ലാവരും സെയ്തലവിയുടെ വീട്ടില്‍ ഒത്തു കൂടാന്‍ തീരുമാനിക്കുകയായിരുന്നു. വൈകുന്നരമായപ്പോള്‍ തൂവല്‍ തീരത്തേക്ക്  പോകണമെന്ന് കുട്ടികള്‍ വാശി പിടിച്ചപ്പോള്‍ സെയ്തലവി സമ്മതിച്ചു. അദ്ദേഹം തന്നെയാണ് കുടുംബത്തിലുള്ളവരെ തൂവല്‍ തീരത്തേക്ക് കൊണ്ടുവിട്ടതും. ഒരു കാരണവശാലും ബോട്ടില്‍ കയറരുതെന്ന് പറയുകയും ചെയ്തിരുന്നു. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ കൂട്ട നിലവിളിയാണ് കേട്ടത്. ഉടന്‍ മറ്റ് ബന്ധുക്കളുെയും മറ്റും കൂട്ടി സംഭല സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും കുടുംബത്തിലെ ഓരോരുത്തരായി ജീവന്‍ വെടിയുന്നതാണ് സെയ്തലവിക്ക് കണ്ടു നില്‍ക്കേണ്ടി വന്നത്. 

 

Latest News