താനൂരിനെ കണ്ണീര്‍ക്കടലാക്കിയ ബോട്ട് ദുരന്തത്തില്‍ കണ്ടത് ഉള്ളുലയുന്ന ദൃശ്യങ്ങള്‍

താനൂര്‍ - താനൂരിനെ കണ്ണീര്‍ക്കടലാക്കി മാറ്റിയ ബോട്ടു ദുരന്തത്തില്‍ മരവിച്ചിരിക്കുകയാണ് ഈ പ്രദേശത്തെ ജനങ്ങളാകെ. രക്ഷാ പ്രവര്‍ത്തനത്തിന് പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുമൊക്കെ ആവുന്നതും ശ്രമിച്ചെങ്കിലും ആംബുലന്‍സില്‍ ആശുപത്രിയിലേക്കെത്തിയത് അധികവും ജീവന്‍ നിലച്ചു പോയ ശരീരങ്ങളായിരുന്നു. എന്തും നേരിടാന്‍ കരളുറപ്പുണ്ടെന്ന് കരുതിയവരുടെ പോലും ഉള്ളുലഞ്ഞുപോയ രംഗങ്ങളാണ് താനൂരിന് സമീപത്തെ ആശുപത്രികളില്‍ അരങ്ങേറിയത്. ശ്വാസം നിലച്ചു പോയ കുട്ടികളെ നോക്കി വാവിട്ടു കരയുന്ന അമ്മമാര്‍. ഉറ്റവരെ തേടി ആശുപത്രിയിലെമ്പാടും ഓടി നടക്കുന്ന ബന്ധുക്കള്‍. ഓരോ ആംബുലന്‍സ് വരുമ്പോഴും ഓടിയെത്തി ജീവന്റെ അവസാന കണികയെങ്കിലും ബാക്കിയുണ്ടോയെന്ന് നോക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. ദുരന്ത ഭൂമിയിലെ കാഴ്ചകള്‍ വിവരണാതീതമാണ്.
വിനോദ സഞ്ചാരികളെയും കൊണ്ട് സ്ഥിരമായി ഒട്ടുംപുറം തൂവല്‍ തീരത്ത് സര്‍വ്വീസ് നടത്തുന്ന ബോട്ട് ഇന്ന് ഞായറാഴ്ചയായതിനാല്‍ ആളുകളെ കുത്തി നിറച്ചാണ് സര്‍വ്വീസ് നടത്തിയത്. 40 നും 45 നും ഇടയില്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നു.  ഇരുനില ബോട്ടില്‍ രണ്ടു തട്ടുകളില്‍ ആളുകളെ കുത്തി നിറച്ചിരുന്നു. അവസാനത്തെ ട്രിപ്പ് കരയില്‍ നിന്ന് 300 മീറ്റളോം അകലെയെത്തിയപ്പോഴാണ് രാത്രി 7.30 ഓടെ അപകടത്തില്‍ പെട്ടത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളായിരുന്നു ബോട്ടില്‍ അധികവുമുണ്ടായിരുന്നത്. ആളുകളുടെ ഭാരം താങ്ങാനാകാതെ ആടിയുലഞ്ഞ ബോട്ട് പെട്ടെന്ന് ഇടത്തേക്ക് ചെരിയുകയായിരുന്നു. പിന്നീട് ഇത് തലകീഴായി വെള്ളത്തിലേക്ക് മുങ്ങി. ബോട്ടിന്റെ മുകളിലുണ്ടായിരുന്ന കുറ്ച്ച് പേര്‍ക്ക് മാത്രമാണ് ആദ്യം രക്ഷപ്പെടനായത്. ഇവരെ ഒരു തോണിയില്‍ കയറ്റുകയായിരുന്നു. ബാക്കിയുള്ളവര്‍ തലകീഴായി മറിഞ്ഞ ബോട്ടിനുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. സ്ത്രീകളുടെയും മറ്റും നിലവിളി കേട്ടാണ് ബോട്ട് മറിഞ്ഞ കാര്യം കരയിലുണ്ടായിരുന്ന നാട്ടുകാര്‍ അറിഞ്ഞത്.  ഇവരെ ചെറിയ വള്ളത്തിലും മറ്റുമായി അപകടം നടന്നിടത്തേക്ക് എത്തിയെങ്കിലും ചെളിയില്‍ പൂണ്ടു കിടക്കുന്ന ബോട്ടില്‍ നിന്ന് ആളുകളെ പുറത്തെടുക്കുകയെന്നത് എളുപ്പത്തില്‍ സാധ്യമായില്ല. താഴെ നിലയില്‍ രണ്ടു വാതിലുകള്‍ മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ നീന്തല്‍ അറിയുന്നവര്‍ക്ക് പോലും രക്ഷപ്പെടാനായില്ല. പിന്നീട് ഫയര്‍ ഫോഴ്‌സും മത്സ്യ തൊഴിലാളികളും മറ്റും എത്തിയതോടെയാണ് രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായത്. വള്ളത്തിലാണ് ആദ്യം ആളുകളെ രക്ഷിച്ചത്. അപ്പോഴേക്കും ബോട്ടിനുള്ളില്‍ കുടുങ്ങിയ സ്ത്രീകളും കുട്ടികളും മിക്കവരും മരണാസന്നരായ നിലയിലായിരുന്നു. ചിലര്‍ അപ്പോഴേക്കും മരണത്തിന് കീഴടങ്ങുകയും ചെയ്തു. പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും കരയ്‌ക്കെത്തിക്കുകയെന്നത് എളുപ്പമായിരുന്നില്ല. ബോട്ട് ഉയര്‍ത്താനോ അപകട സ്ഥലത്ത് നിന്ന് പെട്ടെന്ന് വലിച്ചു മാറ്റാനോ സാധിച്ചില്ല. കരയ്‌ക്കെത്തിച്ചവരെയും കൊണ്ട് ആംബുലന്‍സുകള്‍ ആശുപത്രിയിലേക്ക് ഓടി. അപ്പോഴേക്കും വിവിധ ആശുപത്രികളില്‍ മെഡിക്കല്‍ ടീമിനെ സജ്ജരാക്കിയിരുന്നു. ഒരേ കുടുംബത്തില്‍ പെട്ട രണ്ടും മൂന്നും ആളുകള്‍ മരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ കുടുംബങ്ങളാണ് ബോട്ടില്‍ കയറിയത്. ലൈഫ് ജാക്കറ്റ് ബോട്ടില്‍ ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ ഉള്‍പ്പെടെ അധികമാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. രാത്രിയായതിനാല്‍ വെളിച്ചക്കുറവാണ് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായത്. അപകടം നടന്ന് 25 മിനിട്ടിന് ശേഷമാണ് രക്ഷാ ബോട്ട് അപകട സ്ഥലത്തെത്തിയത്. പിന്നീട് രണ്ടു മണിക്കൂറിന് ശേഷം അപകടത്തില്‍ പെട്ട ബോട്ടിനെ കയറുകെട്ടി വലിച്ചു കരയ്‌ക്കെത്തിക്കുകയായിരുന്നു. ബോട്ടിനുള്ളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

 

 

Latest News