താനൂർ ബോട്ട് ദുരന്തം; രക്ഷപ്പെട്ടയാൾ പറയുന്നത് ഇങ്ങനെ.., മരണം 18 ആയി

മലപ്പുറം - ബോട്ട് ബാലൻസ് തെറ്റി ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് പിന്നീട് കീഴ്‌മേൽ മറിയുകയാണുണ്ടായതെന്ന് താനൂർ ഓട്ടുമ്പുറം തൂവൽ തീരത്തുണ്ടായ ബോട്ട് ദുരന്തത്തിൽ രക്ഷപ്പെട്ടവർ പ്രതികരിച്ചു. രണ്ടുമൂന്ന് ഫാമികൾ അടക്കം 35-ലേറെ പേർ ബോട്ടിലുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
 ബോട്ടിന്റെ ഇരു നിലകളിലായി ഉണ്ടായിരുന്നവരിൽ പലരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. പല ആളുകളും ബോട്ടിന്റെ പല ഭാഗത്തേക്കും നടന്നിരുന്നു. അത് ഒരു ഭാഗത്തേക്ക് കൂടുതൽ വന്നതോടെയാണ് ബോട്ടിന്റെ ബാലൻസ് തെറ്റിയത്. ആദ്യം ഒരു വശത്തേക്കാണ് ബോട്ട് മറിഞ്ഞത്. തുടർന്ന് വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്.
 ഇതിനകം 18 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അത് ആരെല്ലാമാണെന്ന ലിസ്റ്റ് പുറത്തുവന്നിട്ടില്ല. എട്ടുപേരെ രക്ഷപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തിൽ പെട്ടവരെ പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് ഏറെയും പ്രവേശിപ്പിച്ചിട്ടുള്ളത്. ചിലരെ കോഴിക്കോട്ടേക്കും മഞ്ചേരിയിലേക്കും മാറ്റാനും നിർദേശങ്ങൾ നൽകിയതായും പറയുന്നു.
 വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Latest News