ഫിറോസ് കുന്നംപറമ്പിൽ-യൂത്ത് കോൺഗ്രസ് പോര് മുറുകുന്നു

എടപ്പാൾ- ഫിറോസ് കുന്നംപറമ്പിലിനെ തവനൂരിൽ സ്ഥാനാർഥിയാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിലെ പ്രമേയത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത പോർവിളി. കഴിഞ്ഞ ദിവസം തിരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ് പ്രമേയം കൊണ്ടുവന്നത്. ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. നൂലിൽ കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ ഇനി തവനൂരിലേക്ക് അനുവദിക്കാൻ പാടില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തോട് യൂത്ത് കോൺഗ്രസിന്റെ മുന്നറിയിപ്പ്. ഇക്കാര്യം സോഷ്യൽ മീഡിയയിലും വൈറലായി. ഇതോടെയാണ് ഫിറോസ് കുന്നംപറമ്പിൽ ഫെയ്‌സ്ബുക്കിലൂടെ ഇതിന് കടുത്ത രീതിയിൽ മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവിനെതിരെ കടുത്ത ഭാഷയിൽ ഫിറോസ് കുന്നംപറമ്പിൽ രംഗത്ത് വന്നു. ഇ.പി. രാജീവ് സംഘി ആണെന്നും തന്റെ തെരഞ്ഞെടുപ്പ് സമയത്ത് പരമാവധി മാറ്റിനിർത്തപ്പെട്ട ആളാണ് രാജീവ് എന്നും ഫിറോസ് ഫെയ്‌സ്ബുക്കിലൂടെ തുറന്നടിച്ചു. കുറി തൊട്ടവനേയും, ചരട് കെട്ടിയവരേയും സംഘിയാക്കുന്ന നിലപാടാണ് ഫിറോസിന്റേതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തുവന്നു. കോൺഗ്രസ് പാരമ്പര്യം ഒന്നുംതന്നെ ഇല്ലാത്ത ഫിറോസ് കുന്നംപറമ്പിലിനെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിച്ചതിൽ ഇപ്പോൾ പാർട്ടി വിഷമം അനുഭവിക്കുന്നു എന്ന് പല നേതാക്കളും സോഷ്യൽ മീഡിയയിൽ കുറിച്ചു. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളും രാജീവിന് പിന്തുണയുമായി വന്നെങ്കിലും ഫിറോസ് കുന്നംപറമ്പിലിന്റെ അഭിപ്രായത്തെ അദ്ദേഹത്തിന്റെ അനുകൂലികളും ശരിക്കും രാജീവിനെതിരായി തിരിച്ചുവിട്ടു. പരസ്പരം പോർവിളിയും വാചകക്കസർത്തുകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും അരങ്ങു തകർക്കുകയാണ്. അതേസമയം ഇ.പി. രാജീവിനെതിരെ യൂത്ത് കോൺഗ്രസിലെ വലിയൊരു വിഭാഗവും രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസിൽ സമീപകാലത്ത് അതിരുകവിഞ്ഞ ഗ്രൂപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത വ്യക്തി എന്നാണ് രാജീവിനെതിരായ യൂത്ത് കോൺഗ്രസ് ആരോപണം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ കഴിഞ്ഞ ദിവസം ഇ.പി. രാജീവ് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നു.
 

Latest News