കണ്ണൂർ - സംഘപരിവാർ സംഘടനകൾ ക്ഷേത്രഭരണം കയ്യടക്കി വിശ്വാസികളെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്ന പശ്ചാത്തലത്തിൽ കണ്ണൂരിൽ സി.പി.എം നേതൃത്വത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംഘടന രൂപീകരിക്കാൻ നീക്കം. മുൻ സംഘപരിവാർ നേതാവും ഇപ്പോഴത്തെ ഇടതു സഹയാത്രികനും മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ ഒ.കെ. വാസുമാസ്റ്ററുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങൾ നടക്കുന്നത്. അടുത്തിടെ ആർ.എസ്.എസ് വിട്ട സതീശൻ തില്ലങ്കേരിയാണ് മറ്റൊരു സജീവ നേതാവ്. ഇതിനു മുന്നോടിയായുള്ള കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സാന്നിധ്യത്തിൽ നടന്നു.
വടക്കെ മലബാറിലെ ക്ഷേത്രം ഭാരവാഹികളുടെ കൺവെൻഷനാണ് കണ്ണൂരിൽ നടന്നത്. നൂറിലധികം പേർ പങ്കെടുത്തു. കണ്ണൂരിലെ ഈ നീക്കം വിജയിച്ചാൽ മറ്റു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കും. ഒരു മാസത്തിനകം പുതിയ സംഘടന നിലവിൽ വരുമെന്നാണ് സൂചന. കണ്ണൂരിലെ പല പോക്കറ്റുകളിലും സംഘപരിവാർ സംഘടനകൾ വളരുന്നത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ്. വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ തങ്ങളുടെ പ്രസ്ഥാനത്തിലേക്കു അടുപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവർ സംഘടിപ്പിച്ചുവരുന്നത്. ഇതിനു തടയിടുകയാണ് ലക്ഷ്യം. സി.പി.എം ശക്തി കേന്ദ്രങ്ങളിൽ പോലും സംഘപരിവാർ സംഘടനകൾ പച്ചപിടിക്കുന്നത് ക്ഷേത്രവിശ്വാസത്തെ ചൂഷണം ചെയ്താണ്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും ഗണേശോത്സവവും അടക്കം സംഘടിപ്പിച്ചാണ് ഇടതു ആഭിമുഖ്യമുള്ളവരെ പോലും സംഘപരിവാർ സംഘടനയിലേക്കു ആകർഷിക്കുന്നത്. സി.പി.എം ശക്തി കേന്ദ്രമായ പയ്യന്നൂരിലും തലശ്ശേരി മേഖലയിലും ഇത്തരം പരിപാടികളിൽ സി.പി.എം കുടുംബങ്ങളിൽനിന്നുള്ളവർ കൂടി പങ്കെടുക്കാൻ തുടങ്ങിയതോടെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സി.പി.എം ബദൽ പരിപാടികൾ സംഘടിപ്പിച്ചുവരുന്നത്.
സി.പി.എം ഔദ്യോഗിക പദവികൾ വഹിക്കുന്നവർ, ക്ഷേത്രങ്ങളുടെ കമ്മിറ്റികളിൽനിന്ന് വിട്ടു നിൽക്കണമെന്ന പാർട്ടി പാലക്കാട് പ്ലീനത്തിന്റെ തീരുമാനം നടപ്പാക്കുന്നതോടെ ഇത്തരം കമ്മിറ്റികൾ പലതും സംഘപരിവാർ സംഘടനകളുടെ നിയന്ത്രണത്തിലാകാൻ സാധ്യതയുണ്ടെന്നതു കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്. എന്നാൽ ഈ കൂട്ടായ്മയ്ക്കു രാഷ്ട്രീയമില്ലെന്നും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കുന്നതും ക്ഷേത്രങ്ങളെ പൊതു സ്വത്താക്കി നിലനിർത്താനുമുളള കൂട്ടായ്മയാണിതെന്നുമാണ് സംഘാടകർ അവകാശപ്പെടുന്നത്.
ശബരിമല തീർഥാടകർക്കുള്ള ഇടത്താവളങ്ങൾ സി.പി.എം നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചു വരുന്നുണ്ട്. പാർട്ടി നിയന്ത്രണത്തിലുള്ള ജീവകാരുണ്യ സംഘടനയായ ഐ.ആർ.പി.സിയുടെ നേതൃത്വത്തിലാണ് ഇത്തരം താവളങ്ങൾ സജ്ജീകരിച്ചിരുന്നത്. ഇതിനു വൻ തോതിൽ പൊതു സ്വീകാര്യത ലഭിച്ചിരുന്നു. മാത്രമല്ല, പാർട്ടി നിയന്ത്രണത്തിലുള്ള കെൽകോ എന്ന സഹകരണ സ്ഥാപനം, നാലമ്പല ദർശനമടക്കമുള്ള വിശ്വാസവുമായി ബന്ധപ്പെട്ട ടൂറുകൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള 27 ക്ഷേത്രങ്ങളടക്കം കണ്ണൂർ ജില്ലയിൽ 2050 അമ്പലങ്ങളാണുള്ളത്. ഇതിലെ കമ്മിറ്റി ഭാരവാഹികളെയടക്കം പങ്കെടുപ്പിച്ച് ഏരിയാ, ലോക്കൽ തലങ്ങളിൽ കൺവെൻഷനുകൾ അടുത്ത ആഴ്ചയാടെ വിളിച്ചു ചേർക്കും.






