Sorry, you need to enable JavaScript to visit this website.

മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ നടക്കുന്നത് ഭരണകൂട പിന്തുണയുള്ള വംശീയാക്രമണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം - മണിപ്പൂരിൽ നടക്കുന്നത് ഗോത്രവർഗക്കാർക്കും ക്രൈസ്തവർക്കും നേരെയുള്ള വംശീയാക്രമണമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. സംഘ്പരിവാർ ഭരണകൂടത്തിൻ്റെ പിന്തുണയോടെ നടക്കുന്ന ആക്രമണമാണിത്. അമ്പതോളം ആളുകൾ കൊലചെയ്യപ്പെട്ടുവെന്ന നടുക്കുന്ന വിവരമാണ് പുറത്തുവരുന്നത്. നിരവധി ചർച്ചുകളും സ്ഥാപനങ്ങളും തകർക്കുകയും പതിനായിരക്കണക്കിനാളുകളെ പാലായനത്തിന് നിർബന്ധിക്കുകയും ചെയ്തിരിക്കുന്നു.

ബി.ജെ.പി നയിക്കുന്ന മണിപ്പൂർ സർക്കാർ കലാപം അമർച്ച ചെയ്യാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇന്ത്യയിൽ സംഘ്പരിവാർ ആധിപത്യം സമ്പൂർണ്ണമായാൽ എന്താണ് സംഭവിക്കുക എന്നതിൻ്റെ നേർചിത്രമാണ് മണിപ്പൂർ വരച്ചുകാട്ടുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങൾ സമാധാനമായി കഴിഞ്ഞു കൂടിയിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി നേടിയ സ്വാധീനം വൻ ദുരന്തമാണ് ഉണ്ടാക്കുന്നത്.

തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വലിയ ധ്രൂവീകരണമാണ് ബി.ജെ.പി സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ത്രിപുരയിൽ മുസ്‍ലിംങ്ങൾക്ക് നേരേയും ആസൂത്രിത ആക്രമണമുണ്ടായി. മതന്യൂനപക്ഷങ്ങളെയും ദലിത്-ഗോത്ര വിഭാഗങ്ങളെയും ഉൻമൂലനം ചെയ്യുക എന്ന സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിതെല്ലാം. 2002-ലെ ഗുജറാത്ത് വംശഹത്യയെയും 2008-ലെ കണ്ഡമാൽ വംശഹത്യയെയും അനുസ്മരിപ്പിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ആക്രമണം.

അക്രമികളെ അമർച്ച ചെയ്യാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണം. രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിൽ നിന്ന് ഒറ്റക്കെട്ടായ പ്രതിഷേധം ഉയരണമെന്നും മണിപ്പൂരിലെ ജനതയ്ക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Latest News