Sorry, you need to enable JavaScript to visit this website.

മാറിടത്തിൽ സ്പർശിച്ചു, ബംഗ്ലാവിലും വിദേശ യാത്രയിലും പീഡനം; എം.പിയെ തൊടാതെ പോലീസ്, പ്രതിഷേധം കനക്കുന്നു

- നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് കായിക താരങ്ങളുടെ ആഹ്വാനം

ന്യൂഡൽഹി - ലൈംഗികാരോപണ പരാതിയിൽ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം 15-ാം ദിവസത്തിലേക്ക് കടക്കവെ നാളെ രാജ്യത്ത് മെഴുകുതിരി കത്തിച്ച് പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഞായറാഴ്ച രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാൻ കായികതാരങ്ങൾ അഭ്യർത്ഥിച്ചു.
 വളരെ ഗുരുതരമായ ആരോപണങ്ങൾക്കു പിന്നാലെ വലിയ പ്രതിഷേധമുയർന്നിട്ടും ബ്രിജ്ഭൂഷണെ ചോദ്യം ചെയ്യാൻ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. മാറിടം ഉൾപ്പെടെ സ്വകാര്യ ഭാഗങ്ങളിൽ സ്്പർശിച്ചുവെന്നും ബംഗ്ലാവിലും വിദേശയാത്രയിലുമടക്കം എട്ടുതവണ ലൈംഗികാതിക്രമം ഉണ്ടായെന്നും കായിക താരങ്ങൾ പരാതി നൽകിയിട്ടും ഇരകൾക്കു നീതി ലഭ്യമാക്കാൻ പോലീസിനായിട്ടില്ല. 
 അതിനിടെ, രാഷ്ട്രീയ, സാമൂഹികരംഗത്തെ നിരവധി പേരാണ് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തുന്നത്. സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ ഇന്ന് സമരപ്പന്തലിൽ എത്തി. ചണ്ഡീഗഡ് ഐ.എൻ.ടി.യു.സിയുടെയും കിസാൻ യൂണിയന്റെയും അംഗങ്ങൾ ഗുസ്തിക്കാർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മെഴുകുതിരി മാർച്ചും നടത്തി. 
 ഡൽഹി പോലീസ് ഗുസ്തി താരങ്ങളെ പീഡിപ്പിക്കുകയാണെന്നും ബ്രിജ്  ഭൂഷണെ അറസ്റ്റ് ചെയ്യുന്നതിനു പകരം അവർ ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്നും മാർച്ചിൽ പങ്കെടുത്ത ചണ്ഡീഗഡ് കോൺഗ്രസ് പ്രസിഡന്റ് എച്ച്.എസ് ലക്കി പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ വനിതാ താരങ്ങളുടെ ആരോപണങ്ങൾ നമ്മുടെ പെൺമക്കൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കർഷക സമരം പോലെ ഈ സമരവും ദീർഘനാൾ മുന്നോട്ട് പോകുമെന്ന് ചണ്ഡീഗഡ് ഐ.എൻ.ടി.യു.സി പ്രസിഡന്റ് നസീബ് ജാഖറും കിസാൻ യൂണിയൻ പ്രസിഡന്റ് കുൽദീപ് കുണ്ടുവും പറഞ്ഞു.
 അതിനിടെ, ബ്രിജ് ഭൂഷൺ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്ന് രണ്ട് ഗുസ്തി താരങ്ങൾ മൊഴി നൽകി. വിവിധ ടൂർണമെന്റുകൾ നടന്ന സ്ഥലങ്ങളിലും മറ്റുമായി ലൈംഗികാതിക്രമം നേരിട്ടതായി ഏഴ് ഗുസ്തി താരങ്ങൾ പോലീസിലും പരാതി നൽകി. ഗുസ്തി ഫെഡറേഷൻ ഓഫീസ്, പരിശീലന കേന്ദ്രം, ബംഗ്ലാവ് തുടങ്ങിയ ഇടങ്ങളിലായി എട്ടുതവണ ലൈംഗികാതിക്രമം ഉണ്ടായതായാണ് താരങ്ങളുടെ മൊഴി. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും താരങ്ങൾ വ്യക്തമാക്കി. 
 എന്നാൽ, ഗുരുതരമായ മൊഴികളും പരാതികളും ഉയർന്നിട്ടും ബ്രിജ് ഭൂഷനെ ഇതുവരെയും ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല. പീഡനത്തിന് ഇരയായ താരങ്ങളുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നിലും ഇതുവരേയും രേഖപ്പെടുത്തുന്നതിന് നടപടി ഉണ്ടായിട്ടില്ല. ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന പോലീസ്, സർക്കാർ സംവിധാനങ്ങളുടെ തുടർച്ചയാണിതെന്ന് താരങ്ങൾ ചൂണ്ടിക്കാട്ടി. ബ്രിജ് ഭൂഷന്റെ അറസ്റ്റ് രേഖപ്പെടുത്തുംവരെ സമരം കൂടുതൽ ശക്തമായി മുന്നോട്ടു നീക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം. ഒപ്പം വരും ദിവസങ്ങളിൽ മഹിളാ സംഘടനകൾ അടക്കം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾക്കു നീതി ലഭ്യമാക്കാനാവശ്യമായ ശക്തമായ ഇടപെടലും ഉണ്ടാകുമെന്നാണ് വിവരം.


 

 

Latest News