Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പള്ളിയും കോവിലും ഒരു മതിൽ പങ്കിടുന്ന കാര്യം അറിയാമോ, റസൂൽ പൂക്കുട്ടി

തിരുവനന്തപുരം- പാളയം മസ്ജിദും ഗണപതി കോവിലും ഒരു മതിൽ പങ്കുവെക്കുന്ന കാര്യം അറിയുമോ എന്ന ചോദ്യവുമായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. കേരളത്തെ മോശമായി ചിത്രീകരിച്ച് സംഘ്പരിവാർ കേന്ദ്രങ്ങൾ പുറത്തിറക്കിയ കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് മൈ കേരള സ്റ്റോറി എന്ന ഹാഷ്ടാഗിൽ റസൂൽ പൂക്കുട്ടി ഇക്കാര്യം ട്വീറ്റ് ചെയ്തത്. 
സംഘ്പരിവാർ സിനിമയായ കേരള സ്റ്റോറിക്ക് എതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എതിർപ്പു ഉയരുന്നുണ്ട്. ഇതിനിടെ മൈ കേരള സ്റ്റോറി എന്ന പേരിൽ നിരവധി പ്രമുഖർ യഥാർത്ഥ കേരളത്തിന്റെ അനുഭവും വിവരിക്കുകയും ചെയ്യുന്നു.
അതേസമയം, 
കേരളം ഒന്നാണെന്ന് ഉറക്കെ പറയുന്ന ജൂഡ് ആന്റണി ജോസഫിന്റെ 2018 എന്ന സിനിമയെ തിേയറ്ററുകളിൽ പ്രേക്ഷകർ നെഞ്ചേറ്റിയപ്പോൾ കേരളത്തെ ഭിന്നിപ്പിക്കുന്ന പ്രമേയവുമായെത്തിയ ദി കേരള സ്റ്റോറിക്ക് തണുത്ത പ്രതികരണം. കേരളത്തെ രണ്ടറ്റങ്ങളിൽനിന്നു കാണുന്ന രണ്ട് ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്തപ്പോൾ ദി കേരള സ്റ്റോറിക്കുള്ള മറുപടിയായി മാറി പ്രേക്ഷകർ നെഞ്ചേറ്റുന്ന 2018.  കേരളം ഒറ്റ മനസ്സായി നേരിട്ട മഹാപ്രളയ വേളയിലെ മലയാളികളുടെ ഐക്യവും പോരാട്ടവും വികാരവായ്പോടെ രേഖപ്പെടുത്തുന്നതാണ് ജൂഡ് ആന്റണിയുടെ ചിത്രം. കേരളത്തിൽനിന്നു മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് കൊണ്ടുപോകുന്ന പെൺകുട്ടികളുടെ അനുഭവങ്ങളാണ് ദി കേരള സ്റ്റോറിയുടെ പ്രമേയം. ഇത് ഞങ്ങളുടെ കേരളമല്ല, സുദീപ്തോ സെൻ ഉത്തരേന്ത്യയിൽനിന്ന് കാണുന്ന കേരളമാണെന്നാണ് കേരള സ്റ്റോറി കണ്ടിറങ്ങിയ പലരും അഭിപ്രായപ്പെട്ടത്.

2018 നെ കൈയടികളോടെ സ്വീകരിച്ചപ്പോൾ ദി കേരള സ്റ്റോറിക്ക് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. സിനിമ കാണാൻ മതിയായ ആളില്ലാത്തതിനാൽ പല തിയേറ്ററുകളും പ്രദർശനത്തിൽനിന്ന് പിൻമാറി. കൊച്ചി നഗരത്തിൽ  ആകെ മൂന്ന് തിയേറ്ററുകളിൽ മാത്രമാണ് സിനിമ പ്രദർശിപ്പിച്ചത്. ഷേണായീസ്, സെന്റർ സ്‌ക്വയർ മാളിലെ സിനിപോളീസ്, ഒബ്രോൺ മാളിലെ  പിവിആർ എന്നീ തിയേറ്ററുകളിൽ ആയിരുന്നു പ്രദർശനം.  മറ്റു ജില്ലകളിലും പ്രദർശനം വിരലിലെണ്ണാവുന്ന തിയേറ്ററുകളിൽ മാത്രം ഒതുങ്ങി. അതേസമയം സിനിമ കാണാൻ ആളില്ലാത്തതിനെ തുടർന്ന് ലുലു പിവിആറിലെ ഷോ ഒഴിവാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത ചുരുക്കം പേർക്ക് തുക മടക്കി നൽകി. നേരത്തെ അമ്പതോളം സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നായിരുന്നു വിതരണക്കാരുടെ അവകാശവാദം. എന്നാൽ നഷ്ടം മുൻകൂട്ടി കണ്ട് തിയേറ്റുകൾ കരാറിലെത്താതെ പിൻമാറി. ഏറ്റവുമൊടുവിൽ 17 സ്‌ക്രീനുകൾ പ്രദർശിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. 

അതേസമയം, സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഷേണായീസ് തിയേറ്ററിലേക്ക് നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാവിലെ 9.45 ന് പ്രതിഷേധവുമായെത്തിയ എൻ.വൈ.സി പ്രവർത്തകർ തിയേറ്റർ കെട്ടിടത്തിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റ് ചെയ്തുനീക്കി. രാവിലെ 10 ന് അറസ്റ്റ് ചെയ്ത ഇവരെ സിനിമ പ്രദർശനം പൂർത്തിയാക്കിയ ശേഷം ഉച്ചക്ക് ഒന്നിനാണ് വിട്ടയച്ചത്. മാധവ ഫാർമസി ജങ്ഷനിൽ നിന്നും ജാഥയായാണ് ഫ്രറ്റേണിറ്റി പ്രവർത്തകർ തിയേറ്ററിലേക്ക് എത്തിയത്. അമ്പതോളം വരുന്ന പ്രവർത്തകർ തിയേറ്ററിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ഇവരെ തടഞ്ഞു. 

സിനിമ പ്രദർശനം നിരോധിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇത് വെറും കഥയാണെന്നും അതിനാൽ നിരോധിക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കേരളത്തിലെ തീവ്രവാദ മുഖം അനാവരണം ചെയ്യുന്നതാണ് സിനിമയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കർണാടകയിൽ പറഞ്ഞു.
 

Latest News