Sorry, you need to enable JavaScript to visit this website.

മന്ത്രിമാര്‍ക്കു പോലും ഇനി അടുക്കാനാവില്ല; മോഡിക്ക് അതീവ സുരക്ഷാ കവചം

ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശത്രുക്കളുടെ 'ഏറ്റവും വിലപ്പെട്ട ഉന്ന'മായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കേന്ദ്ര സര്‍ക്കാര്‍ അതീവ സുരക്ഷാ വലയമൊരുക്കി. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ(എസ്.പി.ജി) അനുമതി ഇല്ലാതെ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കു പോലും മോഡിയുടെ നാലയലത്ത് പോലും വരാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച് പ്രധാനമന്ത്രിയുടെ പുതുക്കിയ സുരക്ഷാ ചട്ടങ്ങളില്‍ വ്യക്തമാക്കുന്നു. 

എക്കാലത്തേയും വലിയ ഭീഷണിയാണ് പ്രധാനമന്ത്രിക്കെതിരെ നിലവിലുള്ളതെന്ന് മന്ത്രാലയം പറയുന്നു. അതേസമയം ഏതു കേന്ദ്രത്തില്‍ നിന്നാണ് ഭീഷണി എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ സൂചനകളൊന്നും നല്‍കുന്നില്ല. 'അജ്ഞാത ഭീഷണി' മുന്‍ നിര്‍ത്തിയാണ് ഈ അതീവ സുരക്ഷാ കവചം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ പ്രചാരകനാകുന്ന മോഡിയോട് റോഡ് ഷോകളുടെ എണ്ണം കുറയ്ക്കാനും പൊതുറാലികളില്‍ പ്രസംഗിച്ചാല്‍ മതിയെന്നും എസ്പിജി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിക്കു സമീപം എല്ലായ്‌പ്പോഴും നിലയുറപ്പിക്കുന്ന എസ്.പി.ജിയുടെ ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിന് പുതിയ സുരക്ഷാ ചട്ടങ്ങല്‍ സംബന്ധിച്ച അറിയിപ്പു നല്‍കിയിട്ടുണ്ട്. മോഡിയുടെ അടുത്തു വരുന്ന മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും വേണ്ടി വന്നാല്‍ ദേഹ പരിശോധനയ്ക്ക് വരെ വിധേയരാക്കാനാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
 

Latest News