കൊച്ചി- ഇടപ്പള്ളി ഉണിച്ചിറയില്‍ നിന്നും 6720 ലിറ്റര്‍ സ്പിരിറ്റ് പിടിച്ച കേസിലെ പ്രതികള്‍ എറണാകുളം എന്‍ ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി ടെനിമോന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ പിടിയിലായി. ഉണിച്ചിറയില്‍ സ്പിരിറ്റ് സൂക്ഷിക്കുന്നതിന് വേണ്ടി ഗോഡൗണ്‍ വാടകക്കെടുത്തിരുന്ന കേസിലെ രണ്ടാം പ്രതി മാവേലിക്കര പെരിങ്ങാല നടക്കാവില്‍ വിജയ ഭവനില്‍ അഖില്‍ വിജയന്‍ (35), ഗോഡൗണിലെ ജോലിക്കാരനും അഖിലിന്റെ സഹായിയുമായ കേസിലെ മൂന്നാം പ്രതി കാര്‍ത്തികപ്പിള്ളി കൃഷ്ണപുരം പുള്ളിക്കണക്ക് പതിയാരത്ത് ലക്ഷം വീട്ടില്‍ അര്‍ജ്ജുന്‍ അജയന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ ഒന്നാം പ്രതി അജിത്തിനെ കൂടാതെ ഈ കേസില്‍ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥരായ മീനച്ചില്‍ കടനാട് നീലൂര്‍ മറ്റത്തിപ്പാറ സ്വദേശി മഞ്ഞക്കുന്നേല്‍ ആന്റണി എന്ന ഷാജന്‍, തൊടുപുഴ കാരിക്കോട് ഇടവെട്ടി ദേശത്ത് അഞ്ചു കണ്ടത്തില്‍ വീട്ടില്‍ നിബു സെബാസ്റ്റിന്‍, സ്പിരിറ്റ് കടത്താന്‍ സാമ്പത്തിക സഹായം ചെയ്ത മീനച്ചില്‍ മേലുകാവ് തുണ്ടിയില്‍ വീട്ടില്‍ തോമസ് ജോര്‍ജ്ജ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ ഈ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഗോഡൗണ്‍ വാടകക്ക് എടുത്തിരുന്ന അഖില്‍ വിജയന്‍ പിടിയിലായതോടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. ടോറസ്റ്റ് ലോറിയില്‍ വന്‍ തോതില്‍ സ്പിരിറ്റ് എത്തിച്ച് നല്‍കിയിരുന്നത് രാജ് മണികണ്ഠന്‍ എന്ന മൈസൂര്‍ സ്വദേശിയാണെന്ന് സൂചന ലഭിച്ചു. ഇതോടെ ഇയാള്‍ക്കായുള്ള അന്വേഷണം മൈസൂരിലേക്ക് വ്യാപിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം.