ഹൈദരാബാദ് - അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. തെലങ്കാനയില്‍നിന്നാണ് പ്രിയങ്ക കന്നി മത്സരത്തിനൊരുങ്ങുന്നത്. 1980 ല്‍ നിര്‍ണായക തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വിജയിച്ച മേദക്ക് അല്ലെങ്കില്‍ മെഹബൂബ് നഗര്‍. ഇവയിലൊന്നില്‍ മുത്തശ്ശിയുടെ പാത പിന്തുടര്‍ന്ന് പ്രിയങ്ക മത്സരിക്കുമെന്നാണ് ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ഹൈക്കമാന്‍ഡ് ഗൗരവമായി പരിഗണിക്കുകയാണെന്നാണു സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അടിയന്തരവാസ്ഥക്കു ശേഷമുള്ള പ്രതിസന്ധികള്‍ക്കിടയിലും മേദക്ക് ഇന്ദിരക്കൊപ്പം നിന്നിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ക്കു മുമ്പാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പൊതുതിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല പ്രിയങ്കക്കായിരിക്കും. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഓരോ 20 ദിവസത്തിനുള്ളിലും പ്രിയങ്ക ഒരു പ്രാവശ്യമെങ്കിലും തെലങ്കാനയില്‍ സന്ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 20 പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മേയ് എട്ടിന് സരൂര്‍ നഗറിലാണ് ആദ്യ പൊതുയോഗം.
ക്രിമിനല്‍ കേസില്‍ അയോഗ്യത നേരിടുന്ന രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവുമെന്ന് ഇനിയും ഉറപ്പില്ല. അതിനാല്‍ തന്നെ പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങേണ്ടത് അനിവാര്യമാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ കരുതുന്നത്.