Sorry, you need to enable JavaScript to visit this website.

വീട്ടുമുറ്റത്ത് നിർമ്മിച്ച വിമാനം പുഴയോരത്ത് പറത്തുന്ന അഹമ്മദ്;  സ്വപ്നച്ചിറകുകൾക്ക് അതിരുകളില്ല

നാദാപുരം-കുഞ്ഞുന്നാളിൽ വിമാനത്തിൽ കയറാനായി ബോംബെയിൽ പോകേണ്ടി വന്ന പാറക്കടവിലെ അഹമ്മദ് കല്ലോളിയുടെ വീട്ടുമുറ്റത്ത് നിറയെ  കൊച്ചു പ്ലെയിനുകളും ഡ്രോണുകളും ഹെലികോപ്റ്ററുകളുമാണ്. ഇവ കൂടാതെ സ്വന്തമായി നിർമ്മിച്ചതും കൂട്ടിയോജിപ്പിച്ചതുമായ ബോട്ടുകളുമുണ്ട്.   ഇവയിലേറെയും റിമോട്ട് കൺട്രോൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. ന്യൂട്രോ ഫ്യൂവൽ കൊണ്ട് പറക്കുന്ന കൊച്ചു ഹെലികോപ്ടറും അഹമ്മദിന്റെ പണിശാലയിലുണ്ട്. വീടിന് സമീപമുളള  പുഴയോരമാണ് പരീക്ഷണ സ്ഥലം. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ   അഹമ്മദ് സ്വന്തമായി നിർമിച്ച ബോട്ടിൽ ഇരുപത്തഞ്ചോളം കുടുംബങ്ങളെ രക്ഷപ്പെടുത്തിയിരുന്നു. കരയിലും ആകാശത്തും വെള്ളത്തിലും  ഒരുപോലെ സഞ്ചരിക്കുന്ന  ഉപകരണങ്ങൾ നിർമ്മിക്കുന്നതിലാണ് അഹമ്മദിന് ഏറെ താൽപര്യം. ജീവൻ രക്ഷാദൗത്യത്തിന്റെ  ഭാഗമായ അണ്ടർ വാട്ടർഡ്രോൺ, മനുഷ്യനുമായി പറക്കാവുന്ന റിമോട്ട് കൺട്രോൾ എന്നിവ നിർമ്മിക്കാനുള്ള പണിപ്പുരയിലാണ് ഈ 49കാരൻ.  

സാധാരണ ഡ്രൈവറായി പ്രവാസ ജീവിതമാരംഭിച്ച അഹമ്മദിനെ പറക്കാനുള്ള  അഭിനിവേശം  കൊണ്ടെത്തിച്ചത് ഫാൽക്കൺ ട്രൈനർ ജോലിയിലാണ് .ഇത്തരമൊരു ജോലി ചെയ്യുന്ന ഏക മലയാളിയും ഒരു പക്ഷെ അഹമ്മദാകാം. നാട്ടിൽ ഹൈ സ്‌കൂൾ വിദ്യാഭ്യാസം മാത്രം ലഭിച്ച അഹമ്മദിന് ഖത്തർ ആർമിക്ക് വേണ്ടിയുള്ള റിമോട്ട് കൺട്രോൾ പൈലറ്റ് ആയി വരെ സേവനമനുഷ്ടിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഡ്രൈവർ ജോലിയോടൊപ്പം സ്വന്തമായി കമ്പ്യൂട്ടർ പരിജ്ഞാനം നേടിയതാണ് ജീവിതത്തിൽ വഴിത്തിരിവായത്. റിമോട്ട് കൺട്രോൾ പ്ലെയിൻ പറത്താനുള്ള  പരീക്ഷണ ഭാഗമായി  ഇന്ത്യയിലും ഖത്തറിലുമായി നിരവധി പരീക്ഷണങ്ങൾ അഹമ്മദ് നടത്തിയിട്ടുണ്ട്. കോയമ്പത്തൂർ, ബാംഗ്‌ളൂർ  ഉൾപ്പെടെയുള്ള നഗരങ്ങളിലെ കോളേജുകളിൽ ഏവിയേഷൻ മേഖലയിൽ പഠിക്കുന്ന  വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനും അഹമ്മദിനെ ക്ഷണിക്കാറുണ്ട്. കരയിലും വെള്ളത്തിനു മുകളിലൂടെയും ആകാശത്തിലും ഒരുപോലെ സഞ്ചരിക്കുന്ന യന്ത്രവാഹനം നിർമ്മിച്ച് വിജയിപ്പിച്ച അഹമ്മദിന് ജലാശയത്തിന്റെ ആഴത്തിലേക്കും പറക്കുന്ന യാനം നിർമ്മിക്കുക എന്നതാണ് സ്വപ്‌നം.
 

Latest News