Sorry, you need to enable JavaScript to visit this website.

കുരുക്ക് മുറുകിയതോടെ വിജയ് മല്യ പ്രധാനമന്ത്രി മോഡിക്കയച്ച കത്ത് പരസ്യമാക്കി

ന്യൂദല്‍ഹി- പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയതിന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ നീക്കങ്ങള്‍ ശക്തമാക്കിയതോടെ രണ്ടു വര്‍ഷത്തെ മൗനം വെടിഞ്ഞ് പുതിയ ന്യായീകരണങ്ങളുമായി മദ്യ വ്യവസായി വിജയ് മല്യ രംഗത്ത്. 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പരസ്യമാക്കിയ മല്യ ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഈയിടെ അവതരിപ്പിച്ച പുതിയ നിയമപ്രകാരം മല്യയെ 'പിടികിട്ടാ സാമ്പത്തിക കുറ്റവാളി'യായി പ്രഖ്യാപിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കഴിഞ്ഞയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറെ നാളത്തെ മൗനം വെടിഞ്ഞ് ന്യായീകരണവുമായി മല്യ രംഗത്തു വന്നിരിക്കുന്നത്. തന്റെ ഭാഗം വിശദീകരിക്കുന്ന, പ്രധാനമന്ത്രിക്ക് അയച്ച കത്ത് ട്വിറ്ററിലൂടെ മല്യ പരസ്യപ്പെടുത്തുകയും ചെയ്തു.

മല്യ പരോക്ഷമായി നിയന്ത്രിക്കുന്നതടക്കം അദ്ദേഹത്തിന്റെ എല്ലാ സ്വത്തുകളും കണ്ടു കെട്ടുകെട്ടാന്‍ ഉത്തരവിടണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക കുറ്റവാളികളെ കുരുക്കിലാക്കാന്‍ അവതരിപ്പിച്ച പുതിയ നിയമം അനുസരിച്ച് ആദ്യമായാണ് ഒരു അന്വേഷണ ഏജന്‍സി പിടികിട്ടാപുള്ളിക്കു വേണ്ടി മുംബൈയില്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നല്‍കിയ നാടുകടത്തല്‍ ഹര്‍ജിയില്‍ ജൂലൈ 31-ന് ലണ്ടനിലെ കോടതി വിധിപറയാനിരിക്കെയാണിത്.

തനിക്കെതിരായ ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിച്ച് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും 2016 ഏപ്രിലില്‍ കത്തുകളയച്ചിരുന്നുവെന്നും എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ലെന്നുമാണ് മല്യ ഇപ്പോള്‍ പരിതപിക്കുന്നത്. തന്നെ കുരുക്കിലാക്കാന്‍ സര്‍ക്കാര്‍ നടത്തിവരുന്ന വേട്ടയില്‍ കുഴങ്ങിയിരിക്കുകയാണെന്നും മല്യ ചൊവ്വാഴ്ച പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. തന്നെ ചുറ്റപ്പറ്റിയുള്ള വിവാദങ്ങല്‍ സംബന്ധിച്ച് ചില വസ്തുതകള്‍ അറിയിക്കാനാണ് രണ്ടു വര്‍ഷത്തെ മൗനം വെടിഞ്ഞ് ഇതു പറയുന്നതെന്നും മല്യ പ്രസ്താവനയില്‍ പറഞ്ഞു. 

താന്‍ ബാങ്കു തട്ടിപ്പിന്റെ മുഖമായും ജനരോഷത്തിന്റെ പ്രതീകവുമായി മാറിയിരിക്കുകയാണെന്നും 9,000 കോടി മോഷ്ടിച്ച് കടന്നു കളഞ്ഞ ആളായാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ ചിത്രീകരിക്കുന്നതെന്നും മല്യ വിലപിക്കുന്നുണ്ട്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു നല്‍കിയ വായ്പയാണ് ഈ തുക. ചില ബാങ്കുകള്‍ തന്നെ മനപ്പൂര്‍വ്വം വായ്പ തെറ്റിച്ചവരുടെ കൂട്ടത്തില്‍പ്പെടുത്തിയിരിക്കുകയാണെന്നും മല്യ പറയുന്നു. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്റെ സ്വത്തുകള്‍ വിറ്റ് വായ്പാ കടം തീര്‍ക്കാന്‍ അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മല്യ പറഞ്ഞു.
 

Latest News