ഓരോ തൃശൂർ പൂരം കഴിയുമ്പോഴും ഇത്തവണത്തേയായിരുന്നു ഏറ്റവും നല്ല പൂരം എന്ന് തോന്നാറുണ്ട്. എന്നാൽ ഇത്തവണത്തെ തൃശൂർ പൂരം ശരിക്കും മികച്ചതായിരുന്നു. കോവിഡിന് ശേഷം നടന്ന ഏറ്റവും നല്ല പൂരം. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇത്രയും ജനത്തിരക്ക് അനുഭവപ്പെട്ട പൂരം വേറെ ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം നടന്ന പൂരത്തിന് അനുഭവപ്പെട്ട ജനത്തിരക്ക് കണ്ടപ്പോൾ ഇതിനപ്പുറം ഒന്നും ഉണ്ടാകാനില്ല എന്ന് കരുതിയതാണ്.
എന്നാൽ ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ആളുകൾ പൂരം കാണാൻ കൂടും എന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അത് ശരിയായി എന്ന് ഈ പൂരക്കാലം തെളിയിച്ചു.
നാടും നഗരവും കാടും കടലും കടന്ന് ഏതൊക്കെയോ ദേശങ്ങളിൽ നിന്ന് ആളുകൾ പൂരം കാണാൻ എത്തി. ഇടയ്‌ക്കൊന്ന് തിമിർത്തു ചെയ്ത് മണ്ണിനെയും വിണ്ണിനെയും തണുപ്പിച്ച് മഴ ആളുകൾക്കൊപ്പം പൂരം കണ്ടു. കാര്യമായി ആരെയും ശല്യപ്പെടുത്താതെ. പൂരം മഴ കൊണ്ടുപോയില്ല. ചടങ്ങുകൾ എല്ലാം ഭംഗിയായിത്തീർന്നതിനു ശേഷം മാത്രം നഗരത്തെ ശുദ്ധീകരിക്കാൻ എന്ന പോലെ മഴ ആർത്തു പെയ്തു.
ഇത്തവണ തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൗണ്ടിലും നിറഞ്ഞ കച്ചവടക്കാർ മറ്റേത് വർഷത്തേക്കാളും എണ്ണത്തിൽ കൂടുതലായിരുന്നു.
തൃശൂർ പട്ടണത്തിലെ കച്ചവടക്കാർക്ക് നല്ല കച്ചവടം കിട്ടുന്നതും കൂടി വേണ്ടിയാണ് പൂരം ശക്തൻ തമ്പുരാൻ വിഭാവനം ചെയ്തത് എന്നും പറയാറുണ്ട്.
ഇന്നത് തൃശൂരിലെ കച്ചവടക്കാർക്ക് മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന കച്ചവടക്കാർക്കും നല്ല കച്ചവടം കിട്ടുന്ന ദിവസങ്ങളാണ്. പൂരം വന്നണയുന്നതിനും മാസങ്ങൾക്ക് മുൻപേ പൂരനഗരിയിലെ ലോഡ്ജുകളിലെ മുറികൾ ബുക്ക് ചെയ്യപ്പെട്ടിരുന്നു. പുതിയ ട്രെൻഡ് ആയി നഗരത്തിനകത്തെ ഫ്ലാറ്റുകളിൽ പൂരം സ്‌റ്റേ എന്ന പുതിയ സമ്പ്രദായം കൂടി തുടങ്ങി. പൂരം കാണാൻ വിദേശത്തുനിന്നും മറ്റുമെത്തുന്നവർക്ക് രണ്ടോ മൂന്നോ ദിവസം പൂരം കാണാൻ സൗകര്യപ്രദമായ രീതിയിൽ നഗരത്തിനുള്ളിലെ ഫ്ലാറ്റുകളിൽ താമസ സൗകര്യം ഒരുക്കുന്ന പൂരം സ്‌റ്റേ വരുംവർഷങ്ങളിൽ വലിയ ബിസിനസ് ആവാൻ സാധ്യതയുള്ള ഒന്നാണ്. മുൻ വർഷങ്ങളേക്കാൾ കാറും ഇരുചക്ര വാഹനങ്ങളുമടക്കം സ്വകാര്യ വാഹനങ്ങൾ എല്ലാവർക്കും കൂടിയതിനാൽ തൃശൂർ നഗരത്തിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് മുൻവശങ്ങളേക്കാൾ വർധിച്ചു.
തൃശൂർ നഗരത്തിന് ഉൾക്കൊള്ളാൻ കഴിയാവുന്നതിലും അധികം ജനസഞ്ചയമാണ് ഓരോ വർഷവും പൂരത്തിന് എത്തുന്നത്. എന്നിട്ടും ഈ നഗരം എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്നു എന്നതാണ് അത്ഭുതം.
കൊടിയേറ്റം മുതൽ, അല്ല പന്തലിന്റെ കാൽനാട്ട് മുതൽ, അതുമല്ല എക്‌സിബിഷന്റെ കാൽനാട്ട് മുതൽ ഈ നഗരവും ഇവിടുള്ളവരും പൂരത്തിന്റെ ലഹരിയിലാണ്. പൂരത്തിന്റെ വരവറിയിച്ച് സ്വരാജ് റൗണ്ടിനു ചുറ്റുമുള്ള പൂമരങ്ങൾ പൂക്കുന്നതോടെ പൂരമെത്തിയെന്ന് പ്രകൃതിയും പറയും.
പന്തൽ പണി പുരോഗമിക്കുന്നതിനിടെ കൊടിയേറ്റം, എക്‌സിബിഷന് തിരക്ക് കൂടിക്കൂടി വന്നുകൊണ്ടിരിക്കും, കൊടിയേറിക്കഴിഞ്ഞാൽ പിന്നെ വേറൊന്നും ഈ നഗരത്തിന് പറയാനും ചിന്തിക്കാനും കേൾക്കാനും ഇല്ല.. എങ്ങും എവിടെയും എപ്പോഴും പൂരവിശേഷം മാത്രം.
ഗൾഫിലുള്ള എത്രയോ പേർ ലീവ് പൂരത്തിനു വേണ്ടി മാറ്റിവെച്ച് അഡ്ജസ്റ്റ് ചെയ്ത് പോകുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉള്ള തൃശൂർക്കാർ നാലഞ്ച് ദിവസത്തേക്ക് വന്നു പോകുന്നു ഈ പൂരം നാളുകളിൽ. ഒരു വട്ടം കണ്ടു കഴിഞ്ഞാൽ പിന്നെ കാണാതിരിക്കാൻ ആവില്ല എന്ന് തോന്നുന്ന ഒരടുപ്പം പൂരവും കാഴ്ചക്കാരും തമ്മിലുണ്ടാകുന്നു. അതൊരു മാജിക്കാണ്. തൃശൂർ പൂരത്തിന്റെ മാജിക്.
രണ്ടു പതിറ്റാണ്ടിനപ്പുറം കിഴക്കൂട്ട് അനിയൻ മാരാർ എന്ന പുതിയ പ്രമാണിയെ കണ്ടും മേളം കേട്ടും ഇലഞ്ഞി ആനന്ദത്തോടെ ഇളകിയാടിയതും വടക്കുംനാഥന്റെ മതിൽക്കെട്ടിനു പുറത്ത് തിരുവമ്പാടിയുടെ പുതിയ മേള പ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരെ കണ്ടും മേളം കേട്ടും ശ്രീമൂല സ്ഥാനത്തെ ആലിലകൾ കോരിത്തരിച്ചതും ഈ വർഷത്തെ പൂരത്തെ രോമാഞ്ചപ്പൂരമാക്കി. പൂര വിളംബരം നടത്താൻ തെക്കേ ഗോപുര തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വരാതിരുന്നതിന്റെ നിരാശ ഘടക പൂരങ്ങളിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി രാമൻ എത്തിയപ്പോൾ ആരാധകർക്ക് മാറിയെന്ന് മാത്രമല്ല, അത് അവരെ കൂടുതൽ ആവേശത്തിലാഴ്ത്തുകയും ചെയ്തു.
കുടമാറ്റത്തിൽ തൃശൂരിന്റെ തനതു കലയെന്ന് വിശേഷിപ്പിക്കുന്ന പുലിക്കളിയിലെ പുലികൾ ആനപ്പുറമേറിയപ്പോൾ കാൽപന്തു കളിയിൽ ഐ.എം. വിജയൻ എന്ന തൃശൂരിന്റെ രാജകുമാരന്റെ നാട്ടിൽ കാൽപന്തുകളിയിലെ മിശിഹ ലയണൽ മെസ്സിയും ആനപ്പുറമേറി. കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിട്ടു പോലും സാമ്പിൾ വെടിക്കെട്ടും പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും കാണാൻ ആൾ ഒട്ടും കുറഞ്ഞില്ല. അമിട്ടുകളിൽ വന്ദേഭാരതും കെ റെയിലും മിന്നിമറിഞ്ഞു.പിറ്റേന്ന് പകൽ പൂരത്തിന് തൃശൂരിലെ വീട്ടമ്മമാർ മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വീട്ടമ്മമാരും എത്തിയപ്പോൾ പൂരനഗരി നിറഞ്ഞു കവിഞ്ഞു. അടുത്ത വർഷം കാണാമെന്ന് പരസ്പരം വേദനയോടെ പറഞ്ഞുകൊണ്ട് ഉപചാരം ചൊല്ലിപ്പിരിയുന്ന തിരുവമ്പാടി പറമേക്കാവ് ഭഗവതിമാരെ കണ്ട്, അവസാന വെടിക്കെട്ടും കണ്ട ശേഷം ഒരൊറ്റ നടത്തമായിരുന്നു. പ്ലാവില പാത്രത്തിൽ ചൂട് കുത്തരിക്കഞ്ഞിയും മാമ്പഴ പുളിശ്ശേരിയും നാളികേര കൊത്തും നല്ല മാങ്ങ അച്ചാറും പപ്പടവും ചേർത്ത് മൂക്കറ്റം പൂരം കഞ്ഞി മോന്തി വെച്ചുപിടിച്ചു വീട്ടിലേക്ക്.. ഓരോ പൂരക്കമ്പക്കാരനും..
അടുത്ത പൂരം ഏപ്രിൽ 19 ന്... എന്നുവെച്ചാൽ ഒരു വർഷമില്ല അടുത്ത പൂരത്തിന്.






