മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പോലീസ്  റോബോട്ട് ഉപയോഗ ശൂന്യം, മാറ്റി

തിരുവനന്തപുരം-പോലീസ് ആസ്ഥാനത്ത് സന്ദര്‍ശകരെ വരവേല്‍ക്കാന്‍ എസ്. ഐ റാങ്കോടെ നിലയുറപ്പിച്ചിരുന്ന കെ.പി- ബോട്ട് എന്ന റോബോട്ട് പുറത്തായി. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ സൈബര്‍ ഡോമിലേക്കാണ് മാറ്റം. പോലീസ് സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ റോബോട്ടായിരുന്നു. ഡി.ജി.പിയെ കാണാനെത്തുന്നവര്‍ക്ക് വിവരങ്ങള്‍ ചോദിച്ചറിയാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും പരാതികള്‍ സൂക്ഷിക്കാനും റോബോട്ടിന് കഴിവുണ്ടെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്.
പോലീസ് ഉദ്യോഗസ്ഥരെ കാണാന്‍ സമയം നിശ്ചയിച്ചു നല്‍കാനും പരാതിക്കാരെ ഒരിക്കല്‍ കണ്ടാല്‍ ഓര്‍ത്തുവയ്ക്കാനും റോബോട്ടിന് കഴിയുമെന്നും അവകാശപ്പെട്ടിരുന്നു.
2019 ഫെബ്രുവരി 20നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നിയമസഭയില്‍ എം.കെ.മുനീറിന്റെ ചോദ്യത്തിന് രേഖാമൂലം മുഖ്യമന്ത്രി ഇപ്പോള്‍ നല്‍കിയ മറുപടിയിലാണ് മാറ്റിയകാര്യം അറിയിച്ചത്.സന്ദര്‍ശകര്‍ റോബോട്ടിന്റെ സേവനം ഉപയോഗിക്കാത്തതിനാല്‍ മാറ്റിയെന്നാണ് മറുപടി. അതേസമയം, ഉദ്ഘാടനം ചെയ്ത് നാല് മാസം കൊണ്ട് റോബോട്ട് പ്രവര്‍ത്തിക്കാതായിരുന്നു. പോലീസ് നവീകരണത്തിനുള്ള ഫണ്ടുപയോഗിച്ചാണ് സൈബര്‍ഡോമും അസിമോവ് റോബോട്ടിക്‌സ് എന്ന കമ്പനിയും ചേര്‍ന്ന് റോബോട്ടിനെ വികസിപ്പിച്ചത്.
 

Latest News