ഗൂഗിള്‍ കൃത്യമായി വഴി പറഞ്ഞു കൊടുത്തു,  യുവതികളുടെ കാര്‍ ചെന്നു വീണത് കടലില്‍ 

വാഷിംഗ്ടണ്‍- ജിപിഎസ് നോക്കി കാറോടിച്ച വിനോദസഞ്ചാരികള്‍ ചെന്നുവീണത് കടലില്‍. യുഎസിലെ ഹവായിയിലാണ് സംഭവം. ഹവായിയിലെ ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയ രണ്ടു യുവതികളാണ് കടലില്‍ വീണത്. ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിയുകയും കാര്‍ കടലില്‍ വീഴുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വെള്ളത്തില്‍ മുങ്ങിയ വാഹനത്തെ സമീപത്തുണ്ടായിരുന്നവര്‍ കയര്‍ കെട്ടി ഉയര്‍ത്തി. ശേഷം ഇരുവരെയും പുറത്തെത്തിച്ചു. ഇരുവരും സഹോദരിമാരാണെന്നാണ് വിവരം. ''മഴ പെയ്യുന്നതു കാരണം ഞാന്‍ ഒതുങ്ങിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് കാര്‍ കടലില്‍ വീണത്. കടലില്‍ വീണെങ്കിലും അവര്‍ പരിഭ്രാന്തരായില്ല. അവര്‍ അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു'' വിഡിയോ റെക്കോര്‍ഡ് ചെയ്ത പ്രദേശവാസിയായ ക്രിസ്റ്റി ഹച്ചിന്‍സണ്‍ പറഞ്ഞു.

Latest News