പൊതുനിരത്തില്‍ മാലിന്യം തളളി 10000 രൂപ പിഴ ഈടാക്കി

തൊടുപുഴ- കാഞ്ഞാര്‍ വെങ്കട്ട ഭാഗത്ത് രണ്ടിടങ്ങളില്‍ മാലിന്യം തള്ളി. പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പിടികൂടി 10000 രൂപ പിഴയീടാക്കി.വെങ്കട്ട റോഡില്‍ പൊതുമരാമത്ത് റോഡരികിലെ മിനി എം. സി. എഫിന് സമീപം മാലിന്യം തള്ളിയ കുടയത്തൂര്‍ സ്വദേശി ദീപകില്‍ നിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞ മാസം ഹരിതകേരളം മിഷന്റെ വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്റെ ഭാഗമായി വൃത്തിയാക്കിയ ഇടത്താണ് വീണ്ടും മാലിന്യം തളളിയത്.
സാനിറ്ററി നാപ്കിനുകള്‍,കുട്ടികളുടെ സ്നഗ്ഗികള്‍ തുടങ്ങി തൊടാന്‍ അറയ്ക്കുന്ന മാലിന്യങ്ങളാണ് ചാക്കില്‍ക്കെട്ടി പൊതുസ്ഥലത്ത് കൊണ്ടുവന്നിട്ടത്. ഹരിതകര്‍മ സേനാംഗങ്ങളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചാക്കഴിച്ച് നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവില്‍ നിന്നാണ് മാലിന്യം തള്ളിയയാളെ കണ്ടെത്തിയത്.ഉടന്‍ നോട്ടീസ് നല്‍കി പിഴയീടാക്കുകയായിരുന്നു.

 

Latest News