Sorry, you need to enable JavaScript to visit this website.

എല്ലാവര്‍ക്കും പവാറിനെ വേണം, ഒടുവില്‍ രാജി പിന്‍വലിച്ചു

മുംബൈ - എന്‍.സി.പി ദേശീയ അധ്യക്ഷസ്ഥാനം രാജി വെക്കാനുള്ള തീരുമാനം ശരദ് പവാര്‍ പിന്‍വലിച്ചു. പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് നടപടി. എന്‍.സി.പിയിലെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍  ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പവാര്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന പ്രമേയം ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി തീരുമാനം പിന്‍വലിക്കുന്നതായി പവാര്‍ അറിയിച്ചത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ശരദ് പവാര്‍ നിശ്ചയിച്ച 18 അംഗങ്ങള്‍ അടങ്ങിയ കോര്‍ കമ്മിറ്റി യോഗമാണ് രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.
വര്‍ഷങ്ങളായി എന്നോടൊപ്പമുള്ള അനുയായികളുടെയും വോട്ടര്‍മാരുടെയും വികാരങ്ങളെ അവഗണിക്കാനാകില്ല. എന്നിലുള്ള അവരുടെ വിശ്വാസത്തിലും സ്‌നേഹത്തിലുമാണ് ഞാന്‍ മുന്നോട്ടു പോയത്. അതിനാല്‍ രാജി തീരുമാനം പിന്‍വലിക്കുന്നു- പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദക്ഷിണ മുംൈബയിലെ വൈ.ബി.ചവാന്‍ ഹാളില്‍ ആത്മകഥ പ്രകാശനം ചെയ്യുന്നതിനിടെയാണ് പാര്‍ട്ടി അണികളെ ഞെട്ടിച്ച തീരുമാനം പവാര്‍ പ്രഖ്യാപിച്ചത്. പിന്നീട് രാജിക്കെതിരെ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയതോടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായി സഹോദരപുത്രന്‍ അജിത് പവാര്‍ പറഞ്ഞിരുന്നു. അതേസമയം, പാര്‍ട്ടി അധ്യക്ഷപദം കൈക്കലാക്കാന്‍ അജിത് പവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തന്ത്രപരമായി തടയിടുകയായിരുന്നു പവാറെന്നും പാര്‍ട്ടി തന്നോടൊപ്പമാണെന്ന് തെളിയിക്കാനാണ് രാജിനാടകമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

 

Latest News