Sorry, you need to enable JavaScript to visit this website.

അത് വ്യാജ വാര്‍ത്ത; സൗദി എയര്‍പോര്‍ട്ടുകളില്‍ കാര്‍ട്ടണ്‍ വിലക്കില്ല

 റിയാദ് - വിമാന യാത്രികരുടെ ബാഗേജുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തക്ക് സ്ഥിരീകണമില്ല. സൗദി അറേബ്യന്‍ വിമാനത്താവളങ്ങളില്‍ ജൂലൈ ഒന്നു മുതല്‍ കാര്‍ഡ്‌ബോര്‍ഡ് കാര്‍ട്ടണ്‍ ബാഗേജുകള്‍ അനുവദിക്കില്ലെന്നും സാധാരണ രീതിയിലുള്ള പെട്ടികള്‍ മാത്രമേ അനുവദിക്കൂവെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍  പ്രചരിക്കുന്നത്.
എന്നാല്‍ സൗദി അറേബ്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇതുസംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല. ഇത്തരം ഭേദഗതികള്‍ വരുമ്പോള്‍ ഔദ്യോഗികമായി അറിയിക്കാറുണ്ട്. തുണി കൊണ്ട് കെട്ടിയുണ്ടാക്കിയതും ഉരുണ്ടതും കയര്‍ കൊണ്ട് ബന്ധിച്ചതുമായ ബാഗേജുകള്‍ നേരത്തെ തന്നെ നിരോധിച്ചതാണ്. കണ്‍വെയര്‍ ബെല്‍റ്റിലൂടെയുള്ള ബാഗേജ് നീക്കത്തിന് തടസ്സമായതിനാലാണ് ഇത്തരം ബാഗേജുകള്‍ നിരോധിച്ചത്. എന്നാല്‍ നിരപ്പായ പ്രതലമുള്ള കാര്‍ട്ടണ്‍  ഉപയോഗിക്കുന്നതിന് ഇതുവരെ വിലക്കേര്‍പ്പെടുത്തിയിട്ടില്ല.
ഗള്‍ഫ് എയറിന്റെ ലോഗോ ഉപയോഗിച്ച് സൗദി അധികൃതരുടെ പേരിലാണ് ഇപ്പോള്‍ ബാഗേജ് സംബന്ധിച്ച് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഗള്‍ഫ് എയര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അക്കാര്യം അറിയില്ലെന്നാണ് പറഞ്ഞതെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

ഉരുണ്ടതും ഷേപ്പ് ഇല്ലാത്തതുമായ ബാഗേജുകള്‍ സ്വീകരിക്കില്ലെന്ന് മാത്രമാണ് ഗള്‍ഫ് എയര്‍ യാത്രക്കാരെ അറിയിച്ചിരുന്നത്. ഇതിന്റെ കൂടെ കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ സ്വീകരിക്കില്ലെന്നും സാധാരണ പെട്ടികള്‍ മാത്രമേ സ്വീകരിക്കൂ എന്നും ചേര്‍ത്ത് ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു.

ബാഗേജ്, ടിക്കറ്റ് തുടങ്ങി എയര്‍ ലൈനുകളുമായി സംബന്ധിച്ച അറിയിപ്പുകള്‍ അതത് സമയങ്ങളില്‍ ട്രാവല്‍ ഏജന്റുമാര്‍ക്ക് സര്‍ക്കുലറായി ലഭിക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അതുണ്ടായിട്ടില്ല.
ബാഗേജ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നേരത്തെ തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.

Latest News