Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബസിൽ യുവതിയെ ആക്രമിച്ച യുവാവ് കഴുത്തറുത്തു, പിന്നിൽ പ്രണയനൈരാശ്യം

തിരൂരങ്ങാടി (മലപ്പുറം)-കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യവേ മലപ്പുറം വെന്നിയൂരിൽ വച്ച് യുവതിയെ കത്തി കൊണ്ടു കുത്തി പരിക്കേൽപ്പിച്ച് യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തിനു പിന്നിൽ പ്രണയവും തുടർന്നുണ്ടായ സംശയവും. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വയനാട് മൂലങ്കാവ് സ്വദേശി സനിലിനെതിരെ (25) പോലീസ് വധശ്രമത്തിന് കേസെടുത്തു. വെന്റിലേറ്ററിലായിരുന്ന ഇയാളെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. കുത്തേറ്റ ഗൂഢല്ലൂർ സ്വദേശി സീതയെ ജനറൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സീതയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മൂന്നാറിൽ നിന്നു ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വ്യാഴാഴ്ച രാത്രി 11ഓടെ തിരൂരങ്ങാടി വെന്നിയൂരിനടുത്തു വച്ചായിരുന്നു അനിഷ്്ട സംഭവം.
സംഭവത്തെക്കുറിച്ച് തിരൂരങ്ങാടി പോലീസ് പറയുന്നത്:  കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ഒരു വർഷം ഒരുമിച്ച് ജോലി ചെയ്ത സമയത്താണ് ഇരുവരും പ്രണയത്തിലായത്. യുവതിയുടെ ഭർത്താവ് മരിച്ചിരുന്നു. 
ഒരു കുഞ്ഞുണ്ട്. സനിലിനും ഭാര്യയും കുട്ടിയുമുണ്ട്. വേതനം കുറവായതിനാൽ ഇരുവരും ജോലി ഉപേക്ഷിച്ചു. പിന്നീട് യുവതി ആലുവയിലെ ഒരു വീട്ടിൽ ഹോംനഴ്സായും യുവാവ് കോട്ടയത്തെ ഹോട്ടലിലും ജോലി ചെയ്തു. ഇതിനിടെ യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം സനിലിനുണ്ടായി. തെറ്റിദ്ധാരണ മാറ്റാൻ യുവതി പലവട്ടം ശ്രമിച്ചെങ്കിലും 
സനിൽ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. യുവാവ് ഇക്കാര്യം പറഞ്ഞ് നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയതോടെ യുവതി ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്നു സനിലിന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് യുവതി വ്യാഴാഴ്ച നാട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറി അങ്കമാലിയിലെത്തി സുൽത്താൻ ബത്തേരിയിലേക്ക് ബസ് കയറി. അങ്കമാലിയിൽ സനിലിനെ കണ്ട യുവതി ഇയാളറിയാതെയാണ് ബസിൽ കയറിയത്. എടപ്പാൾ സ്റ്റോപ്പിൽ വച്ച് സനിലും കയറി. ബസിൽ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് ബസ് ജീവനക്കാർ ഇടപെട്ട് ഇരുവരെയും സീറ്റ് മാറ്റിയിരുത്തി.  രാത്രി പത്തോടെ ഭക്ഷണം കഴിക്കാനായി എടരിക്കോട്ട് നിറുത്തിയ ബസ് വീണ്ടും പുറപ്പെട്ട് 11ഓടെ വെന്നിയൂരിലെത്താറായപ്പോഴാണ് ആക്രമണമുണ്ടായത്. ബാഗിലുണ്ടായിരുന്ന കത്തിയെടുത്ത് അപ്രതീക്ഷിതമായി സനിൽ യുവതിയുടെ നെഞ്ചിൽ കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു. നിലവിളികേട്ടു യാത്രക്കാർ ചേർന്ന് ഇവരെ ആദ്യം തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഫോറൻസിക് സംഘം ബസ് പരിശോധന നടത്തി. തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി.ശ്രീനിവാസനാണ് കേസ് അന്വേഷിക്കുന്നത്. രക്തം പുരണ്ടതിനാൽ ബസിനു സർവീസ് തുടരാനായില്ല. തുടർന്നു മലപ്പുറം ഡിപ്പോയിൽ നിന്നു കോഴിക്കോട് വരെ യാത്രക്കാരെ എത്തിച്ചു.  പിന്നീട് അവിടെ നിന്നു മറ്റൊരു ബസിൽ ബംഗളൂരൂവിലേക്കു തിരിച്ചു.

Latest News