Sorry, you need to enable JavaScript to visit this website.

ഗോ ഫസ്റ്റ് നിർത്തലാക്കുന്നത് പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു

കണ്ണൂർ- ഗോ ഫസ്റ്റ് സർവീസ് നിർത്തലാക്കുന്ന തീരുമാനത്തിനെതിരെ പ്രവാസി യാത്രക്കാരിൽ ആശങ്ക കനക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തം. ഗോ ഫസ്റ്റ് സർവീസ് നിർത്തുന്നത് ആയിരകണക്കിന് പ്രവാസി യാത്രക്കാരെയാണ് ദുരിതത്തിലേക്ക് തള്ളിവിട്ടത്. ഇതിനെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. യാത്രക്കാരെ ആശങ്കയിലാക്കുന്ന നടപടിയിൽ കേന്ദ്ര.സംസ്ഥാന സർക്കാറുകൾ ഇടപെട്ട് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന്  ദുബായ് കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡന്റും കെ.എം.സി.സി ഗ്ലോബൽ ജില്ലാ ഘടകം  ചെയർമാനുമായ ടി.പി അബ്ബാസ് ഹാജി ആവശ്യപ്പെട്ടു. 
സർവീസ് റദ്ദാക്കുന്നതായി യാത്രയുടെ മണിക്കൂറുകൾക്ക് മുമ്പ് മാത്രം അറിയിപ്പ് ലഭിക്കുന്ന സാഹചര്യം പ്രവാസികൾക്കിടയിൽ വലിയ സാമ്പത്തിക ബാധ്യതയും കടുത്ത മാനസിക പ്രയാസവുമാണ് സൃഷ്ടിക്കുന്നത്. നേരെത്തെ ടിക്കറ്റെടുത്തവർ ഇപ്പോൾ മറ്റൊരു ടിക്കറ്റ് എടുക്കാൻ ഇരട്ടിയിലധികം തുക  നൽകേണ്ട സ്ഥിതിയാണ്. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് കഴിഞ്ഞ രണ്ട് ദിവസമായി വിദേശ നാടുകളിലേക്ക് സർവീസ് റദ്ദാക്കിയത്. വരുംദിവസങ്ങളിലും ഇത് തുടരുമെന്നതിനാൽ  പ്രവാസികളെ ആശങ്കയിലാക്കുകയാണ്. അവധികാലമെത്തുന്നതോടെ നാട്ടിലേക്ക് വരേണ്ടവരുടെ യാത്ര  ദുരിതപൂർണമായിമാകും. പ്രശ്‌ന പരിഹാരത്തിന് കേന്ദ്രകേരള സർക്കാറുകൾ അടിയന്തരമായി ഇടപെടണം. വിദേശ വിമാന കമ്പനികൾക്ക് അധിക സർവീസ് നടത്താൻ അനുമതി നൽകണം. അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വർധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്നും പ്രവാസികളോട് തുടരുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും അബ്ബാസ് ഹാജി ആവശ്യപ്പെട്ടു.


 

Latest News