Sorry, you need to enable JavaScript to visit this website.

കോവിഡ് ഇനി ആഗോള മഹാമാരിയല്ല; ആശ്വാസ പ്രഖ്യാപനം നടത്തി ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി- കൊറോണ കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്തയായി ലോകാരോഗ്യ സംഘടനയുടെ  വലിയ പ്രഖ്യാപനം.  കൊറോണ ഇനി ആഗോള മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. അതേസമയം, കൊറോണ അവസാനിച്ചുവെന്നല്ല ഇതിനര്‍ഥമെന്നും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ നീക്കി എന്നു മാത്രമാണെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി.  
കൊറോണ പകര്‍ച്ചവ്യാധി കാരണം  ലോകത്ത് എല്ലാ രാജ്യങ്ങളിലും ഒരു സമയത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവിധ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയേയും ഗുരുതരമായി ബാധിച്ച രോഗബാധയില്‍  കുറഞ്ഞത് 70 ലക്ഷം ആളുകളാണ് മരിച്ചത്.
തെക്ക് കിഴക്കന്‍ ഏഷ്യയിലും പശ്ചിമേഷ്യയിലും അണുബാധയുടെ കേസുകള്‍ അടുത്തിടെ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ അടിയന്തര ഘട്ടം അവസാനിച്ചുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നതെന്നും പകര്‍ച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകമെമ്പാടും ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും അണുബാധ മൂലം മരിക്കുന്നുണ്ടെന്ന് യു.എന്‍ ആരോഗ്യ ഏജന്‍സി അറിയിച്ചു.
കോവിഡ് 19 ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ ഘട്ടം കടന്നതായി പ്രഖ്യാപിക്കുന്നത് വലിയ പ്രതീക്ഷയോടെയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.  ഇതിനര്‍ത്ഥം കോവിഡ് 19 ന്റെ ആഗോള ആരോഗ്യ ഭീഷണി അവസാനിച്ചുവെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020 ജനുവരി 30നാണ് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജന്‍സി ആദ്യമായി കൊറോണ വൈറസ് ബാധയെ അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നത്. അന്ന് അതിന് കോവിഡ് 19 എന്ന് പേരിട്ടിരുന്നില്ല. ചൈനയ്ക്ക് പുറത്ത് വ്യാപകമായി രോഗം പടര്‍ന്നിട്ടുമുണ്ടായിരുന്നില്ല. മൂന്ന് വര്‍ഷത്തിലേറെയായി ഈ വൈറസ് ആഗോളതലത്തില്‍ 764 ദശലക്ഷം പേര്‍ക്ക് അണുബാധക്ക് കാരണമായിട്ടുണ്ട്. കൂടാതെ ഏകദേശം അഞ്ച് ബില്യണ്‍ ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News