ജിദ്ദയില്‍ 490 സ്ഥാപനങ്ങള്‍ അടപ്പിച്ചു; പിടിച്ചെടുത്തത് 16 ടണ്‍ ഭക്ഷ്യവസ്തുക്കള്‍

ജിദ്ദ- വിശുദ്ധ റമദാനില്‍ ജിദ്ദ നഗരസഭയും ശാഖാ ബലദിയകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കിടെ ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് 490 സ്ഥാപനങ്ങള്‍ അടപ്പിച്ചു. കേടായതും ഉപയോഗശൂന്യവുമായ പതിനാറു ടണ്ണിലേറെ ഭക്ഷ്യവസ്തുക്കളും രണ്ടായിരം ലിറ്ററിലേറെ പാനീയങ്ങളും നഗരസഭാധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പതിനാറു ശാഖാ ബലദിയകളുടെ പരിധിയില്‍ പെട്ട റെസ്റ്റോറന്റുകളും കഫ്റ്റീരിയകളും ബഖാലകളും പലഹാര കടകളും അടക്കം 1,900 ഓളം സ്ഥാപനങ്ങളില്‍ നഗരസഭാധികൃതര്‍ റമദാനില്‍ പരിശോധനകള്‍ നടത്തി. ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 1,443 സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നോട്ടീസ് നല്‍കി. റെയ്ഡുകള്‍ക്കിടെ 291 സാമ്പിളുകള്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു. 490 സ്ഥാപനങ്ങള്‍ അടപ്പിച്ചു. കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കളും കേടായ ഭക്ഷ്യവസ്തുക്കളും, മോശം ശുചീകരണ നിലവാരം, മോശം രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലാതിരിക്കല്‍, സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സില്ലാതിരിക്കല്‍ പോലുള്ള നിയമ ലംഘനങ്ങളാണ് പരിശോധനകള്‍ക്കിടെ കണ്ടെത്തിയത്.
 

Latest News