ജിസാന്‍- അബൂഅരീശ് ജനറല്‍ ആശുപത്രിയില്‍ ഇന്‍കുബേറ്റര്‍ വിഭാഗത്തില്‍ നവജാത ശിശുവിനെ മര്‍ദിച്ച വിദേശ നഴ്‌സിന് ജോലി പോയി. കുപ്പിപ്പാല്‍ നല്‍കുന്നതിനിടെ കരഞ്ഞ കുഞ്ഞിനെയാണ് നഴ്‌സ് മര്‍ദിച്ചത്. കുഞ്ഞിന്റെ ശിരസ്സ് ഉയര്‍ത്തി നഴ്‌സ് തലയിണയിലേക്ക് ഏറിയുകയും ഒറ്റകൈയില്‍ തൂക്കിപ്പിടിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നഴ്‌സിനെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയാണ് നഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഇത് തൊഴില്‍പരമായ ധാര്‍മികതക്ക് നിരക്കാത്തതാണെന്നും ജിസാന്‍ ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍ പെട്ടയുടന്‍ ഇന്‍കുബേറ്റര്‍ വിഭാഗത്തിലെ ജോലിയില്‍നിന്ന് നഴ്‌സിനെ സസ്‌പെന്റ് ചെയ്യുകയും അന്വേഷണം നടത്തി ഏറ്റവും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ജിസാന്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.