പിലാവുള്ളകണ്ടി തെക്കെരപ്പറമ്പിൽ ഉഷ എന്ന പി.ടി. ഉഷയോളം രാജ്യം ആദരിക്കുന്ന കായികതാരങ്ങൾ ഇന്ത്യയിൽ അധികമില്ല. ഒളിംപിക്‌സിൽ ഉഷക്ക് നഷ്്ടമായ സെക്കന്റിന്റെ നൂറിലൊരംശത്തെയോർത്ത് സങ്കടപ്പെടാത്ത കായികപ്രേമികളുമില്ല, അന്നത്തെ തലമുറയിൽ മാത്രമല്ല ഇന്നത്തെ തലമുറയിലും. അതിനാൽ തന്നെ പലരും പരിഹസിച്ചതുപോലെ ജന്തർമന്തറിൽനിന്ന് ഓടി രക്ഷപ്പെടുന്ന പയ്യോളി എക്‌സ്പ്രസിന്റെ ചിത്രം ഏറെക്കാലം കായികഭാരതത്തെ അസ്വസ്ഥമാക്കും.
കേരളത്തിന് ഇത് തികച്ചും വേദനാജനകമാണ്. കേരളത്തെ ലോക കായികഭൂപടത്തിൽ അടയാളപ്പെടുത്തിയ താരമാണ് ഉഷ. ഉഷക്ക്‌ശേഷം കായികരംഗത്ത് പ്രോജ്വല നേട്ടങ്ങൾ കരസ്ഥമാക്കിയ കായികതാരങ്ങൾ ഇല്ലെന്നല്ല. പക്ഷെ ഉഷ മലയാളിക്ക് ഒരു പ്രതീകമായിരുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ആത്മവിശ്വാസത്തോടെ വിജയത്തിലേക്ക് കുതിച്ചുപാഞ്ഞ നായിക. കേരളത്തിന് എക്കാലത്തും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ കഴിയുന്ന പ്രതിഭാധനരായ മലയാളിയുടെ പട്ടികയിൽ ഉഷയുടെ സ്ഥാനം മുൻനിരയിൽതന്നെയാണ്.
പക്ഷെ ഉഷ ഇന്ന് മറ്റൊരു പ്രതീകമായിരിക്കുന്നു. രാഷ്ട്രീയവിധേയത്വത്തിന്റെ പേരിൽ സഹപ്രവർത്തകരെപ്പോലും തള്ളിപ്പറയാൻ മടികാണിക്കാത്ത പുതിയൊരു വർഗത്തിന്റെ ഉദയം നടക്കുന്ന നാട്ടിൽ ഉഷ, എല്ലാ മഹത്ത്വങ്ങളും കളഞ്ഞുകുളിച്ച് ഒരു സ്തുതിപാഠകയായി തലകുനിച്ച് നിൽക്കുന്നത് നമ്മിൽ ഞെട്ടലുണ്ടാക്കുന്നു. കടപ്പുറത്തെ മണൽത്തരികളിൽ പതിഞ്ഞ ആ കാൽപാദങ്ങളുമായി ഒളിംപിക് ട്രാക്കിലൂടെ അശ്വവേഗത്തിൽ കുതിച്ചുപാഞ്ഞ ആത്മവീര്യത്തെയല്ല രാജ്യസഭയിലെ എം.പി കസേരയിലും ഐ.ഒ.സി അധ്യക്ഷയുടെ പദവിയിലും ഇരിക്കുന്ന ഉഷയിൽ നാം കാണുന്നത്. മറിച്ച്, പദവികൾ നൽകിയവർക്ക് മുന്നിൽ ഓച്ഛാനിച്ചുനിൽക്കുന്ന ദുർബലയായ ഒരു രാഷ്ട്രീയക്കാരിയെയാണ്്.
അത് പക്ഷെ ഇന്ത്യക്കാർക്ക് അസഹനീയമാണ്. അവസരവാദികളായ രാഷ്ട്രീയക്കാരിൽനിന്ന് ഇത് നാം എപ്പോഴും പ്രതീക്ഷിക്കുന്നു. സത്യസന്ധമായ നിലപാടുകളും ആദർശപ്രചോദിതമായ പ്രവൃത്തികളും നമ്മുടെ രാഷ്ട്രീയ നേതാക്കളിൽനിന്ന് അപ്രത്യക്ഷമായിട്ട് കാലമെത്രയോ കഴിഞ്ഞു. നമ്മുടെ പ്രധാനമന്ത്രി ഏറ്റവും വിജയകരമായി പരീക്ഷിച്ചുവിജയിക്കുന്ന തള്ളൽ രാഷ്ട്രീയം തന്നെയാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊതുമുഖം. എന്നാൽ ഉഷയെപ്പോലെ സമാദരണീയയായ ഒരു വ്യക്തിയിൽനിന്ന് നാം പ്രതീക്ഷിക്കുന്നത് അതല്ല.
വാക്കുകളിലേയും നിലപാടുകളിലേയും സത്യസന്ധതയാണ്. കാരണം, അവർ തലമുറകൾക്ക് മാതൃകയാണ്. ഒരു രാഷ്ട്രീയക്കാരനും ഇന്ന് ആർക്കും മാതൃകയല്ല. ആ വേദനയാണ് ജന്തർ മന്തറിലെ പ്രക്ഷോഭ വേദിയിൽ ഉഷയെ കാത്തിരുന്നത്.
വാക്കുകൾ കൊണ്ട് കുത്തിമുറിവേൽപിച്ച ശേഷം ആ മുറിവിൽ മരുന്നുതേക്കാൻ പോകുന്നതിന് രാഷ്ട്രീയക്കാർക്ക് അതിന്റേതായ രീതികളുണ്ട്. എന്നാൽ ഉഷ പൂർണമായും പഴുത്തുപാകമായ ഒരു രാഷ്ട്രീയക്കാരിയല്ലാത്തതിനാൽ അവർ നേരെ സമരവേദിയിലേക്ക് നടന്നുചെന്ന്് ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങുകയായിരുന്നു.
തികച്ചും ന്യായമായ ആവശ്യത്തിന്റെ പേരിലാണ് ഗുസ്തിതാരങ്ങൾ ജന്തർ മന്തറിൽ കുത്തിയിരിക്കുന്നത്. അവരുടെ ദീർഘകാലമായുള്ള സമരം ഇപ്പോഴും തുടരുന്നത് തെമ്മാടികളായ നേതാക്കൾക്ക് പാർട്ടികൾ ഒരുക്കുന്ന സുരക്ഷാവലയത്തിന്റെ ഭീകരത നമുക്ക് കാണിച്ചുതരുന്നു. ഡ്രസ്സിംഗ് റൂമുകളിലും റിഹേഴ്‌സൽ ക്യാമ്പുകളിലും വനിതാ ഗുസ്തിതാരങ്ങൾ അനുഭവിച്ച പീഡനത്തിന്റെ കഥ സമരക്കാർ നമുക്ക് വിവരിച്ചുതന്നതാണ്. കായികരംഗത്തെ അവസരങ്ങൾക്കായി ഇത്രയും കാലം ഇത് അവർ സഹിച്ചു. ഇനി സഹിക്കാൻ വയ്യ. വരും തലമുറയെയെങ്കിലും ഈ പീഡനത്തിൽനിന്ന് രക്ഷിക്കണം. അതിന് ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷസ്ഥാനത്തുനിന്ന് ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൻ ശരൺസിംഗിനെ മാറ്റണം. ഇയാളുടെ കൈക്കരുത്തിന് വശംവദരാകുന്നതിൽനിന്ന് ഇനിയുള്ള ഗുസ്തിതാരങ്ങളെയെങ്കിലും രക്ഷിക്കണം.
രാജ്യത്തിന്റെ കായിക മുഖമെന്ന നിലയിലും, ഒരു സ്ത്രീയെന്ന നിലയിലും, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയെന്ന നിലയിലും പി.ടി ഉഷക്ക് സക്രിയമായി ഇടപെടാവുന്ന ഒരു സമരമായിരുന്നു ഇത്. എന്നാൽ സങ്കുചിത ദേശീയവാദികളായ രാഷ്ട്രീയക്കാരെപ്പോലെ ഉഷ വേവലാതിപ്പെട്ടത് ദീർഘനാളായി തന്നെപ്പോലെയുള്ള കായികതാരങ്ങൾ അനുഭവിച്ച മോശം അനുഭവങ്ങളെക്കുറിച്ചല്ല, മറിച്ച് ഏതാനും കായികതാരങ്ങൾ ജന്തർ മന്തറിൽ കുത്തിയിരിക്കുന്നതുകൊണ്ട് രാജ്യത്തിന് സംഭവിക്കുന്ന പ്രതിച്ഛായ തകർച്ചയെക്കുറിച്ചാണ്. നാമറിയുന്ന ഉഷയല്ല അവിടെ സംസാരിച്ചത് എന്ന് വ്യക്തം. ആരോ അവർക്കായി സംസാരിക്കുകയാണ്. ആരുടേയും കണക്കിലല്ല ഉഷയുടെ കായിക വിജയം. സ്വപ്രയത്‌നം കൊണ്ട് നേടിയെടുത്ത ആ വിജയങ്ങൾക്ക് മുന്നിൽ ബ്രിജ് ഭൂഷണോ, കായിക മന്ത്രിയായ അനുരാഗ് താക്കൂറോ ഒന്നുമല്ല. ആ തലയെടുപ്പ് സ്വയം മനസ്സിലാക്കാൻ കഴിയാത്തതാണ് ഉഷയുടെ പരാജയം.
നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ അഭിമാനമാണ് കായികതാരങ്ങൾ. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പതാക പാറുമ്പോഴും ദേശീയഗാനം അലയടിക്കുമ്പോഴുമാണ് ഈ മഹത്തായ രാജ്യത്തിന്റെ അഭിമാനം വാനോളമുയരുന്നത്. ആർക്കും തർക്കിക്കാൻ അവകാശമില്ലാത്ത വേദികളാണത്. വലിയ വിജയത്തിന്റെ ഉന്മാദത്തിലും ഈ രാജ്യത്തെ കായികതാരങ്ങളെ നാം വേണ്ടവിധത്തിൽ ബഹുമാനിച്ചിട്ടില്ല. എന്നിട്ടും അവരാരും പരാതി പറഞ്ഞിട്ടില്ല. രാജ്യത്തിന്റെ അഭിമാനമുയർത്തിയ അവരെയാണ്, രാജ്യത്തിന്റെ അപമാനമായി ഉഷ ചിത്രീകരിച്ചത്. രാജ്യത്തിന് വരുന്ന കളങ്കത്തെക്കുറിച്ച് ആശങ്കപ്പെട്ടത്. ഇത് ഒരു കായികതാരത്തിന് ഉണ്ടാക്കുന്ന മാനസികാഘാതം എത്ര വലുതായിരിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്നയാൾ ഉഷ തന്നെയാണ്. അതാണ് ജന്തർ മന്തറിൽ ഉഷക്കെതിരെ രോഷം പുരണ്ടവാക്കുകൾ ഉയർന്നത്. ഉഷയുടെ പ്രസ്താവന സഹിക്കാൻ കഴിഞ്ഞില്ല എന്നാണ് ഗുസ്തിതാരങ്ങൾ പറഞ്ഞത്.
ഉഷയുടെ പ്രസ്താവന കാര്യങ്ങൾ ശരിയാംവിധം ഗ്രഹിക്കാനുള്ള അവരുടെ കഴിവുകേട് മാത്രമല്ല പുറത്തുകൊണ്ടുവന്നത്. അനുഭാവശൂന്യത കൂടിയാണ്. വനിതാ താരങ്ങളെ പീഡിപ്പിക്കുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് രാജ്യത്തിന്റെ പ്രതിച്ഛായ ഉയർത്തുമെന്നാണോ ഉഷ കരുതുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയടക്കം ഏഴ് വനിതാ ഗുസ്തിക്കാരാണ് ബ്രിജ്ഭൂഷനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നോർക്കണം. തൊണ്ണൂറുകളിൽ ദാവൂദ് ഇബ്രാഹിം സംഘവുമായുള്ള ബന്ധത്തിന്റെ പേരിൽ ടാഡ കേസ് പ്രതിയായിരുന്ന ഇയാൾ കോടതികളിൽ നിലനിൽക്കുന്ന മറ്റ് നിരവധി കേസുകളിലും പ്രതിയാണ്.
കൊലക്കുറ്റവും ആയുധനിയമം അനുസരിച്ചുള്ള കേസുകളും ഇയാൾക്കെതിരെ നിലനിൽക്കുന്നു. ഇങ്ങനെയൊരാൾ അന്താരാഷ്ട്രവേദിയിൽ ഇന്ത്യൻ ഗുസ്തിയെ പ്രതിനിധീകരിക്കുന്നത് രാജ്യത്തിന് കളങ്കമല്ലേ. ഉഷയുടെ പ്രസ്താവന വരുന്നതിന് ഒരു ദിവസം മുമ്പാണ് സമരത്തിന്റെ മുഖമായ ലോക ചാമ്പ്യൻ വിനേഷ് ഫോഗട്ട്, തങ്ങളുടെ സമരത്തോട് ഇന്ത്യൻ കായികലോകം കാണിക്കുന്ന നിസ്സംഗതയെക്കുറിച്ച് സംസാരിച്ചത്. ഭരിക്കുന്നവരെ പേടിച്ചാണ് കായികതാരങ്ങൾ തങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ട് വരാത്തത് എന്നു ഫോഗട്ട് പറഞ്ഞു.
അഭിമാന താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷിമാലികും ജന്തർ മന്തറിലെ തെരുവിൽ കൊതുകുകടിയേറ്റ് കിടക്കുമ്പോൾ, കായിക താരമായ ഐ.ഒ.സി അധ്യക്ഷക്ക് അവരുടെ വികാരം മനസ്സിലാകാത്തത് സങ്കുചിതമായ രാഷ്ട്രീയത്തിന്റെ വലയത്തിൽ അവർ പെട്ടുപോയതുകൊണ്ട് മാത്രമാണ്.
സെക്കന്റിന്റെ നൂറിലൊരംശം മൂലം ഒളിംപിക് വേദിയിൽ ഉഷക്ക് നഷ്്ടമായ വിക്ടറി സ്റ്റാൻഡിനെക്കാൾ വലിയ നഷ്്ടമാണ് ജന്തർ മന്തറിൽ അവർക്ക് നഷ്ടമായത്. അത് ഇന്ത്യൻ മനസ്സുകളിൽനിന്നുള്ള കുടിയിറക്കമാണ്.






