തിരുവനന്തപുരം- എഐ ക്യാമറ വിവാദത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. വിജിലന്‍സും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അന്വേഷിക്കുന്നുണ്ട്. നേരത്തെ വിവാദം ഉണ്ടായപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ബാലന്റെ പ്രതികരണം.
അന്വേഷണം നടക്കുമ്പോള്‍ മെറിറ്റിലേക്ക് കടന്ന് മുഖ്യമന്ത്രി അഭിപ്രായം പറയാന്‍ പാടുണ്ടോയെന്ന് ബാലന്‍ ചോദിച്ചു. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പ്രതികരിക്കണോ എന്നതു സംബന്ധിച്ച്, വരേണ്ടതൊക്കെ പുറത്തേക്ക് വരട്ടെ, ഒന്നു കലങ്ങിത്തെളിയട്ടെ എന്നും ബാലന്‍ പറഞ്ഞു.
ഓരോ ദിവസവും ഓരോ ആള്‍ക്കാരെക്കൊണ്ടും ഓരോ കമ്പനിക്കാരെയും കൊണ്ട് ഓരോന്ന് പറയിപ്പിക്കുന്നുണ്ടല്ലോ. അതിനെല്ലാം ഓരോ ദിവസവും മറുപടി പറയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതിനുള്ള പ്രത്യേക സംവിധാനം ഉണ്ടാകണം മാധ്യമങ്ങളെ കണ്ട് മറുപടി പറയാന്‍. ഓരോ ദിവസവും ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുകയല്ലേയെന്നും ബാലന്‍ ചോദിച്ചു.
എന്തൊക്കെ ആരോപണങ്ങളാണ് പ്രതിപക്ഷം കൊണ്ടുവന്നത്. ഏതെങ്കിലും ഒരു ആരോപണം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ഏതെങ്കിലും സംവിധാനം വഴി കഴിഞ്ഞിട്ടുണ്ടോയെന്ന് എകെ ബാലന്‍ ചോദിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 11 മണിക്കൂര്‍ നീണ്ടു നിന്ന അവിശ്വാസ പ്രമേയമാണ് കേരള നിയമസഭയില്‍ ചര്‍ച്ച ചെയ്തത്.
അതില്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അന്ന് പ്രതിപക്ഷം ഒളിച്ചോടിയില്ലേ. അന്ന് ഉന്നയിച്ച കാര്യങ്ങള്‍ തന്നെയല്ലേ പ്രതിപക്ഷം ഇപ്പോഴും പറയുന്നതെന്നും ബാലന്‍ ചോദിച്ചു. ക്യാമറ പദ്ധതി 2020 ല്‍ ഭരണാനുമതി കൊടുത്ത പദ്ധതിയാണ്. ഇതുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്ക് കിട്ടിയപ്പോള്‍ തന്നെ അദ്ദേഹം വിജിലന്‍സിന് കൈമാറി.