സ്വിഫ്റ്റ് ബസിലെ അക്രമിയായ സുനില്‍  യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് കുടുംബം  

കോഴിക്കോട്- കെ സ്വിഫ്റ്റ് ബസിലെ ആക്രമണത്തില്‍ പ്രതികരിച്ച് യുവതിയുടെ കുടുംബം. അക്രമിയായ സുനില്‍ സഹോദരിയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതിയുടെ സഹോദരന്‍ പ്രതികരിച്ചു.
പേടിച്ചാണ് മകള്‍ വീട്ടിലേക്ക് പുറപ്പെട്ടതെന്നും, വരുന്നതിന് തൊട്ടുമുമ്പ് വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും യുവതിയുടെ അമ്മ ഒരു ചാനലിനോട് പറഞ്ഞു. മൂന്നാറില്‍ നിന്നും ബംഗളുരുവിലേയ്ക്ക് പോകുന്ന ബസില്‍ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. യുവതി അങ്കമാലിയില്‍ നിന്നും പ്രതി മലപ്പുറം ജില്ലയില്‍ നിന്നുമാണ് ബസില്‍ കയറിയത്.
ബസ് മലപ്പുറം വെണ്ണിയൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി ബസ് നിര്‍ത്തിയ ശേഷം വീണ്ടും പുറപ്പെട്ടപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ബസിലെ പുറകിലെ സീറ്റില്‍ നിന്നും യുവതി ഇരിക്കുന്ന സീറ്റിനടുത്തേയ്ക്ക് എത്തിയ സുനില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇതിന് ശേഷം ബസിന് പുറകിലേയ്ക്ക് പോയി സ്വയം കഴുത്തറുത്തു. യുവതിയുടെ നെഞ്ചിനാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

Latest News