Sorry, you need to enable JavaScript to visit this website.

അതീഖ് അഹമ്മദിന്റെ കുടുംബ ഖബര്‍സ്ഥാന്‍ വിവാദത്തില്‍; അനധികൃത നിയന്തണം ഒഴിവാക്കും

പ്രയാഗ്‌രാജ്- ഉത്തര്‍പ്രദേശില്‍ പോലീസ് സാന്നിധ്യത്തില്‍ അക്രമികള്‍ വെടിവെച്ചു കൊന്ന മുന്‍ എം.പി അതീഖ് അഹമ്മദിന്റെ കുടുംബ ഖബര്‍സ്ഥാനെന്ന് പറയപ്പെടുന്ന കസാരിമസാരി  അടുത്ത ബന്ധുവിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ജില്ലാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഖബര്‍സ്ഥാന്റെ മുതവല്ലി (പരിപാലകന്‍) അധികാരികള്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. അതീഖിന്റെ മരണശേഷം ബന്ധുവിന്റെ അനധികൃത അധിനിവേശത്തില്‍ നിന്ന് ഭൂമി മോചിപ്പിക്കാന്‍ കഴിയുമെന്നാണ് ഖബര്‍സ്ഥാന്‍ കമ്മിറ്റി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ഖബര്‍സ്ഥാന്റെ പകുതിയോളം ഭൂമി കൈയേറിയതായും അതില്‍ അതീഖിന്റെ ബന്ധുക്കള്‍ നിര്‍മ്മാണ സാമഗ്രികളുടെ ബിസിനസ്സ് നടത്തുന്നുണ്ടെന്നും ഗാരേജായും തൊഴിലാളികള്‍ക്ക് ഷെഡായും ഉപയോഗിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
അതീഖും കൂട്ടാളികളും അനധികൃതമായി കൈവശപ്പെടുത്തിയ വഖഫ് സ്വത്തുക്കള്‍ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന്  ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫിന് കീഴില്‍ ഛോട്ടി കര്‍ബല ഖബര്‍സ്ഥാന്‍ എന്ന പേരിലാണ് ഈ ഭൂമി ചേര്‍ത്തിരിക്കുന്നതെന്ന്  ഇപ്പോഴത്തെ മുതവല്ലി അമീര്‍ അലവി പറഞ്ഞു.
ഭൂമി തട്ടിയെടുത്തതു സംബന്ധിച്ച് 2021ല്‍ ഖബര്‍സ്ഥാന്‍ കമ്മിറ്റി അവസാനമായി മുഖ്യമന്ത്രിക്കും പ്രയാഗ്രാജ് അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ല. ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. അതീഖിന്റെ ബന്ധുക്കളോട്  ഭൂമി ഒഴിയാന്‍ നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ വിഷയത്തില്‍ അടുത്ത കാലത്തൊന്നും പരാതി ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതി ലഭിച്ചാല്‍ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖബര്‍സ്ഥാന്‍  ഒറ്റയടിക്ക് കൈയേറിയതല്ലെന്നും 12 വര്‍ഷം മുമ്പാണ് ഇതിന്റെ ചെറിയൊരു ഭാഗം  പിടിച്ചെടുത്തതെന്നും നാട്ടുകാര്‍ പറയുന്നു.  ആതിഖ് അഹമ്മദിന്റെ പേരില്‍ നാട്ടുകാരെയും ഖബര്‍സ്ഥാന്‍ കമ്മിറ്റി അധികൃതരെയും ബന്ധു ഭീഷണിപ്പെടുത്തുക പതിവായിരുന്നുവെന്നും പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News