മുംബൈ - തെക്കുപടിഞ്ഞാറൻ മൺസൂൺ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത നാശം വിതച്ചു. അതിശക്തമായ മഴയെ തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ നഗരം മുങ്ങി. വ്യത്യസ്ത അപകടങ്ങളിൽ നാലു പേർ മരിച്ചു. നഗരത്തിലെ ഗതാഗത സംവിധാനം താറുമാറായി. ലോക്കൽ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയത് യാത്രക്കാരെ പ്രതിസന്ധിയിലാക്കി.
മുംബൈയിലും സമീപസ്ഥമായ താനെയിലും വലിയ നാശമാണ് മഴ വിതച്ചത്. ഞായർ രാത്രിയിൽ നിലക്കാതെ പെയ്ത മഴ ഇന്നലെ രാവിലെയും തുടർന്നു. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. തീവണ്ടിപ്പാളങ്ങൾ വെള്ളത്തിലായി. പലരും മണിക്കൂറുകൾ വൈകിയാണ് ഇന്നലെ ഓഫീസുകളിലെത്തിയത്.
മലബാർ ഹിൽ, ധാരാവി, ഹിന്ദ്മാതാ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടു രൂക്ഷം. ഇവിടങ്ങളിൽ മോട്ടോർ ഉപയോഗിച്ച് റോഡിലെ വെള്ളം പമ്പു ചെയ്ത് നീക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം തുടരുകയാണ്.
ദക്ഷിണ മുംബൈയിലെ മെട്രോ സിനിമക്ക് സമീപം മരം കടപുഴകിയുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരിച്ചത്. താനെയിൽ മതിൽ തകർന്ന് വീടിന് മുകളിലേക്ക് പതിച്ച് 13 കാരൻ മരിക്കുകയും മാതാപിതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. താനെ നഗരത്തിൽ ഭവനസമുച്ചയത്തിന്റെ കൂറ്റൻ ഭിത്തി ഇടിഞ്ഞുവീണ് രണ്ട് കാറുകൾ തകർന്നു.
റോഡ് ഗതാഗതം സുഗമമാക്കുന്നതിനു മാധ്യമങ്ങൾ വഴി സന്ദേശങ്ങളും മുന്നറിയിപ്പുകളും തുടർച്ചയായി നൽകുന്നുണ്ടെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ചിലയിടങ്ങളിൽ റോഡ് ഗതാഗതം താൽക്കാലികമായി നിരോധിച്ചു.