Sorry, you need to enable JavaScript to visit this website.

നീറ്റ് പരീക്ഷക്ക് സൗദിയിലെ കേന്ദ്രം ഒരുങ്ങി; 500 വിദ്യാര്‍ഥികള്‍ ഇക്കുറി പരീക്ഷ എഴുതും

റിയാദ്-  നീറ്റ് പ്രവേശന പരീക്ഷയുടെ സൗദി അറേബ്യയിലെ സെന്ററായ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കങ്ങളായി. മേയ് ഏഴിന് രാവിലെ 11.30 മുതല്‍ ഉച്ചക്ക് 2.50 വരെയാണ് പരീക്ഷ.  500 ഓളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമാം, ജുബൈല്‍, അബഹ, കഫ്ജി, മജ്മ, ബുറൈദ, തബുക്ക്, തായിഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രവിശ്യകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം പരീക്ഷക്കായി റിയാദില്‍ എത്തും. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റര്‍ സൂപ്രണ്ടും ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ മീര റഹ്മാന്‍ അറിയിച്ചു. പരീക്ഷാ ഹാളുകളില്‍ സി.സി.ടി.വി ക്യാമറ അടക്കമുള്ളവ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യന്‍ സ്‌കൂളുകളുടെ ഒബ്‌സര്‍വറായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ മുഹമ്മ്ദ് ഷബീറിനാണ് സൗദി അറേബ്യയിലെ പരീക്ഷയുടെ ചുമതല. പൂര്‍ണമായും എംബസിയുടെ മേല്‍ നോട്ടത്തിലാണു പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വര്‍ഷവും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ നീറ്റ് പരീക്ഷാ കേന്ദ്രമായിരുന്നു.
പരീക്ഷ തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രത്തിലെത്തണം.
പരീക്ഷാകേന്ദ്രം രാവിലെ 8.30 നു തുറക്കും. പരീക്ഷ 11.30 ആരംഭിക്കുന്നതെങ്കിലും 11 നുശേഷം ആരെയും പ്രവേശിപ്പിക്കില്ല. പരീക്ഷാസമയമായ മൂന്നുമണിക്കൂര്‍ 20 മിനിറ്റ് കഴിഞ്ഞേ ഹാള്‍ വിട്ടുപോകാന്‍ സാധിക്കൂ. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റില്‍ നല്‍കിയ ഡ്രസ്സ് കോഡ് നിര്‍ബന്ധമായും പാലിക്കണം .
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ഓരോ വിഷയത്തിലും രണ്ടുഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 180 ചോദ്യങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി മാര്‍ക്ക് 720 ആണ്.

 

Latest News