ഹോളിവുഡ് എഴുത്തുകാര്‍ സമരത്തില്‍: എ. ഐ നിയന്ത്രിക്കണം; ശമ്പള വര്‍ധനവും ആവശ്യം

ലോസ് ഏഞ്ചല്‍സ്- ഹോളിവുഡിലെ സിനിമാ- ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ സമരത്തില്‍. ശമ്പളവര്‍ധന, തൊഴില്‍ സമയം ക്രമീകരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ നിര്‍മ്മാണക്കമ്പനികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. 

ദി റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് സ്റ്റുഡിയോകള്‍ അവരുടെ പ്രൊജക്ടുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം നിയന്ത്രിക്കണമെന്നാണ്. എന്നാല്‍ ഹോളിവുഡിലെ വിനോദ കമ്പനികളെ പ്രതിനിധീകരിക്കുന്ന ട്രേഡ് അസോസിയേഷന്‍ അലയന്‍സ് ഓഫ് മോഷന്‍ പിക്ചര്‍സ് ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസഴ്‌സ് ഈ ആവശ്യം തള്ളി. എഴുത്തുകാര്‍ ആവശ്യപ്പെടുന്ന ശമ്പളവര്‍ധനയും മറ്റ് ആനുകൂല്യങ്ങളും നിലവിലുള്ള പ്രതിസന്ധിഘട്ടത്തില്‍ നല്‍കാന്‍ കഴിയില്ലെന്നാണ് നിര്‍മ്മാണക്കമ്പനികള്‍ സ്വീകരിച്ച നിലപാട്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയത്തില്‍ എഴുത്തുകാര്‍ക്ക് പിന്തുണയുമായി ഹോളിവുഡിലെ സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ രംഗത്തുണ്ട്. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്നി തുടങ്ങിയ ഒ. ടി. ടി പ്ലാറ്റ്ഫോമുകള്‍ സജീവമായതോടെ എഴുത്തുകാര്‍ക്ക് വരുമാനം വര്‍ധിച്ചെങ്കിലും ചെലവുചുരുക്കി മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇത്തരം പ്ലാറ്റ്ഫോമുകള്‍ നടത്തുന്നത്. 

സമരം നീളുകയാണെങ്കില്‍ ടെലിവിഷന്‍ പരിപാടികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് അമേരിക്കയിലുണ്ടാവുക. സിനിമകളുടെ റിലീസുകളെയും സമരം ബാധിക്കാന്‍ സാധ്യതയുണ്ട്. 2007-ലും സമാനമായ സമരം അമേരിക്കയില്‍ ഉണ്ടായിരുന്നു. 100 ദിവസം നീണ്ടുനിന്ന എഴുത്തുകാരുടെ സമരത്തെത്തുടര്‍ന്ന് 200 കോടി ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്.

Latest News