ആലപ്പുഴ- ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബുവിനെ സി.പി.എമ്മിൽനിന്ന് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഭാര്യ മിനിസ നൽകിയ ഗാർഹിക പീഡന പരാതിയിലാണ് പാർട്ടി നടപടി. മർദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിർദേശപ്രകാരം സി.പി.എം കായംകുളം ഏരിയ സെക്രട്ടറി കമ്മിറ്റി യോഗം ചേർന്നാണ് ബിപിനെതിരെ നടപടിയെടുത്തത്.
ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ് ബിപിൻ. സി.പി.എം കായംകുളം കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗുമാണ് മിനിസ. മൂന്നുമാസം മുൻപാണ് മിനിസ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. ഞായറാഴ്ച എം.വി.ഗോവിന്ദൻ ഉൾപ്പെട്ട സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം വീണ്ടും ചർച്ചയായി. ഗാർഹിക പീഡനം തെളിഞ്ഞതിനാൽ നടപടി വേണമെന്നു ഗോവിന്ദൻ യോഗത്തിൽ ആവശ്യപ്പെട്ടു.