പുൽപളളി-ആടിക്കൊല്ലിയിൽ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ കടുവ കൊന്നു. പന്നപ്പുറത്ത് സുരേന്ദ്രന്റെ ആടിനെയാണ് ഇന്നലെ പുലർച്ചെ കടുവ പിടിച്ചത്. കഴിഞ്ഞ ദിവസം സമീപപ്രദേശങ്ങളായ ചേപ്പിലയിലും എരിയപ്പള്ളിയിലും പശുക്കിടാക്കളെ കടുവ കൊന്നിരുന്നു. ഇതേത്തുടർന്നു ചേപ്പിലയിൽ വനം വകുപ്പ് സ്ഥാപിച്ച കൂടിനു ഒരു കിലോമീറ്റർ മാറിയാണ് കടുവ ആടിനെ കൊന്നത്. കൂട്ടിൽനിന്നുള്ള ബഹളംകേട്ട് ഉണർന്ന വീട്ടുകാർ ഒച്ചയിട്ടപ്പോൾ കടുവ ആടിനെ ഉപേക്ഷിച്ച് ഓടിമറഞ്ഞു. കഴിഞ്ഞദിവസം ആടിക്കൊല്ലിയിൽ കടുവ റോഡ് മുറിച്ചുകടക്കന്നത് വഴിയാത്രക്കാർ കണ്ടിരുന്നു. കടുവാശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഒന്നടങ്കം ഭീതിയിലാണ്. കടുവയെ കൂടുതൽ കൂടുകൾ സ്ഥാപിച്ചോ മയക്കുവെടിവെച്ചോ പിടികൂടണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം, പഞ്ചായത്തിലെ കടുവാശല്യമുള്ള പ്രദേശങ്ങൾ കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ടോമി തേക്കുമല, വിജയൻ തോമ്പ്രാക്കുടി, ആന്റണി ചോലിക്കര, ജോയി പുളിക്കൽ, കെ.എം.മാത്യു, ജോർജ് മംഗലത്ത് എന്നിവർ എന്നിവരടങ്ങുന്ന സംഘമാണ് ആടിക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന വനം ഉദ്യോഗസ്ഥരുമായി അവർ സ്ഥിതിഗതികൾ ചർച്ചചെയ്തു.
ആടിക്കൊല്ലി, ചേപ്പില, ഏരിയപ്പിള്ളി, അമ്പത്താറ്, ഷെഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഒരാഴ്ചയായി വളർത്തുമൃഗങ്ങളെ കൊല്ലുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത കടുവയെ മയക്കുവെടിവച്ച് പിടിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനകം രണ്ട് പശുക്കിടാങ്ങളെയും ഒരാടിനെയും കടുവ കൊന്നു. കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പകൽപോലും വീടിനു പുറത്തിറങ്ങാൻ ഭയക്കുകയാണ്. കൃഷിയിടത്തിൽ സ്വസ്ഥമായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കടുവയെ പടികൂടുന്നതിൽ അധികൃതർ ഉദാസീനത കാട്ടിയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു നേതാക്കൾ പറഞ്ഞു.