ഏറെ ദിവസങ്ങളായി കേരളത്തിൽ ഏറ്റവും പ്രധാന ചർച്ചാവിഷയം ഒരു ആനയായിരുന്നല്ലോ. അരി മാത്രം കഴിക്കുന്നവൻ എന്നു സങ്കൽപിച്ച് അരിക്കൊമ്പൻ എന്നു നമ്മൾ പേരിട്ട ആന. ഒരുപാട് വിവാദങ്ങൾക്കും സമരങ്ങൾക്കും കോടതി കയറിയിറങ്ങലുകൾക്കും ഹർത്താലുകൾക്കും നിരോധാജ്ഞകൾക്കുമെല്ലാം ശേഷം അവനെ പെരിയാർ വനമേഖലയിലേക്കു തുറന്നു വിടുകയും ചെയ്തു. എന്നാൽ പ്രശ്നം അതോടെ തീരുന്നില്ല എന്നാണ് പുറത്തു വരുന്ന വാർത്തകൾ. അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിൽ എത്തിച്ചേരില്ല എന്നു പറയാനാകില്ല എന്നാണ് ഇപ്പോൾ വിദഗ്ധർ പറയുന്നത്.
റേഡിയോ കോളറുകളിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാത്തതിനാൽ ഇപ്പോൾ ആനയെവിടെയാണെന്നു പറയാനാകുന്നില്ല എന്നും വാർത്തയുണ്ട്. തമിഴ്നാട്ടിലേക്കു കടക്കുമോ എന്ന ഭയത്താൽ അവിടെയും കരുതലുകളെടുക്കുന്നു. മാത്രമല്ല, അരിക്കൊമ്പനാണ് അക്രമാസക്തൻ എന്നു പറയുമ്പോൾ അവനെ കാടുകടത്തിയ ശേഷവും ചിന്നക്കനാലിൽ ആനകളുടെ അക്രമം തുടർന്നു. മറുവശത്ത് ഇതേ സമയത്തു തന്നെ ആഘോഷിച്ച തൃശൂർ പൂരത്തിൽ 13 പേരെ കൊന്ന ചരിത്രമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ജനലക്ഷങ്ങൾക്കിടയിൽ എഴുന്നള്ളിച്ചതും സാമൂഹ്യ മധ്യമങ്ങളിലൊക്കെ വലിയ ചർച്ചക്ക് കാരണമായി.
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം കേരളത്തിൽ അതിരൂക്ഷമാകുകയാണ്. അതേക്കുറിച്ച് ഈ പംക്തിയിൽ പലപ്പോഴും എഴുതിയിട്ടുണ്ട്. പതിറ്റാണ്ടുകളായി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളിലേക്ക് മനുഷ്യർ നടത്തിയ കടന്നുകയറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തന്നെയാണ് ഈ സംഘർഷങ്ങളുടെ അടിസ്ഥാന കാരണമെന്നതിൽ സംശയമില്ല.
അതു പറയേണ്ടതുമാണ്. അപ്പോഴും ഏതു നിമിഷവും ആനകളടക്കമുള്ള വന്യമൃഗങ്ങളുടെ അക്രമങ്ങളെ ഭയന്നു ജീവിക്കുന്ന ആദിവാസികളടക്കമുള്ള പാവപ്പെട്ട ജനങ്ങളുടെ, ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാൻ ജനാധിപത്യ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. അവരിൽ മഹാഭൂരിപക്ഷവും ജനിച്ചുവീണതും വളർന്നതും ആ മണ്ണിലാണെന്നതു മറക്കരുത്. അവരോട് കാൽപനികമായ പ്രകൃതി സ്നേഹമോ മൃഗസ്നേഹമോ പറയുന്നതിൽ വലിയ അർത്ഥമില്ല. അതിനാൽ തന്നെ ഇത്തരം നടപടികളെ അടച്ചാക്ഷേപിക്കുന്നതിലും അർത്ഥമില്ല. ഭീഷണി നേരിടുന്ന മുഴുവൻ പേരുടെയും ജീവനും സ്വത്തും സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഇത്തരം തെറ്റുകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം. മനുഷ്യരുടേതു മാത്രമാണ് ഭൂമിയെന്ന ഒരു വിഭാഗം വികസന വാദികളുടെ നിലപാട് അംഗീകരിക്കാനാവില്ല. മൃഗങ്ങൾക്കു കൂടി അവകാശപ്പെടുന്നതാണ് ഭൂമി എന്ന യാഥാർത്ഥ്യം അംഗീകരിച്ചു തന്നെയാകണം ഏതു നടപടികളും സ്വീകരിക്കാൻ.
അതേസമയം നമ്മൾ ചതിയിൽ പെടുത്തി പിടിച്ച് നാട്ടാന എന്നു ഓമനപ്പേരിട്ട്, ആനപ്രേമമെല്ലാം നടിച്ച് ഉത്സവങ്ങളുടെയും മറ്റും പേരിൽ ഭീകരമായി പീഡിപ്പിക്കുന്ന വിഷയം മറ്റൊന്നാണ്. സംസ്കാരമുള്ള ഒരു ജനതക്കു ചേരാത്ത അത്തരം ആഘോഷങ്ങൾക്ക് കാലത്തിനനുസരിച്ച മാറ്റം വരുത്തിയേ തീരൂ.
കേരളത്തിൽ ഉത്സവങ്ങളുടെ പേരിൽ നടക്കുന്ന ആന പീഡനങ്ങൾക്കെതിരെ ലോകത്തിന്റെ എത്രയോ ഭാഗങ്ങളിൽ നിന്നു പ്രതിഷേധം ഉയർന്നിരിക്കുന്നു. മറുവശത്ത് പാപ്പാന്മാരും നിരപരാധികളുമായ എത്രയോ പേർ ആനകളുടെ അക്രമങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ എണ്ണം ഒരുപക്ഷേ കാട്ടാനകളുടെ അക്രമത്തിൽ കൊല്ല്പ്പട്ടവരേക്കാൾ കൂടുതലായിരിക്കും.
എന്നാലും നമ്മൾ ഒരു മാറ്റത്തിനും തയാറാകാതെ ആഘോഷങ്ങൾ തുടരുകയാണ്. അതാണല്ലോ ഒരേ ദിവസം തന്നെ അരിക്കൊമ്പൻ മയക്കുവെടിയേൽക്കുന്നതും തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ തിടമ്പേറ്റുന്നതും കേരളം ആഘോഷിച്ചത്. തമിഴ്നാട്ടിലെ കാളപ്പോര് പ്രാകൃതമാണെന്നു പറയുന്നവർ പോലും ആനകൾക്ക് പീഡനമായ എഴുന്നള്ളിപ്പുകളെ പ്രകീർത്തിക്കുന്നതു കേൾക്കാം. ആനകൾ അവ ആസ്വദിക്കുന്നതായുള്ള കുറെ ന്യായീകരണങ്ങളും കഥകളും അവരുണ്ടാക്കിയിട്ടുണ്ട്.
അടിസ്ഥാനപരമായി ആന വന്യജീവിയാണ്. അവയെ പരിപൂർണമായി മെരുക്കാൻ സാധ്യമല്ല എന്നതാണ് വസ്തുത. ചട്ടം പഠിപ്പിക്കൽ എന്നു പേരിട്ട് അവയെ മെരുക്കാനായി നടത്തുന്ന ശ്രമങ്ങൾ ക്രൂരവും പ്രാകൃതവുമാണ്. പല ആനകളുടെയും ഓരോ കണ്ണുകൾ കുത്തിക്കളഞ്ഞിട്ടുണ്ട്. ഉത്സവങ്ങളിൽ മസ്തകമുയർത്തി നിൽക്കാൻ അവയെ പഠിപ്പിക്കുന്നത് കുന്തങ്ങൾ ഉപയോഗിച്ചുള്ള പീഡനങ്ങളിലൂടെയാണ്. ഏറെ വർഷങ്ങളായി യഥാർത്ഥ ആനപ്രേമികൾ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി ആനകൾക്ക് ആശ്വാസകരമായ കുറെ നടപടികളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ ആനപിടിത്തം നിരോധിച്ചപ്പോൾ നാട്ടാനകളുടെ എണ്ണം കുറഞ്ഞതോടെ നിലവിലെ ആനകൾക്ക് 'ജോലിഭാരം' ഏറെ കൂടിയിരിക്കുകയാണ്. ഈ ആനകൾ ഉടമകൾക്ക് വലിയ വരുമാന മാർഗവുമാണ്. കാട്ടിലെ തണുപ്പിൽ ജീവിക്കുന്ന ആനകളെ രൂക്ഷമായ വെയിലത്തു നിർത്തി പൊരിച്ചാണ് ഈ വരുമാനമൊക്കെ ഉണ്ടാക്കുന്നത്.
കറുത്ത നിറം ചൂടിനെ ആഗിരണം ചെയ്യുന്നതിൽ മുന്നിലാണെന്നു ഹൈസ്കൂൾ വിദ്യർത്ഥികൾക്കു പോലും അറിയുന്ന കാലത്താണ് ഈ അതിക്രമം നടക്കുന്നത്, അതും ആഗോള താപനത്തെ കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുന്ന വേളയിൽ. മാത്രമല്ല, കാട്ടിലെ ജീവിയായതിനാൽ അവക്ക് വിയർപ്പു ഗ്രന്ഥികൾ കുറവാണ്. കാട്ടിൽ നിന്നു ലഭിക്കുന്ന പോലെ വൈവിധ്യമാർന്ന ഭക്ഷണവും ഇഷ്ടം പോലെ വെള്ളവും ലഭിക്കുന്നില്ല.
ലൈംഗികതയടക്കം നിഷേധിക്കപ്പെടുന്നതുകൊണ്ടുള്ള ആഘാതങ്ങൾ വേറെ. ശബ്ദവും പുകയും തീയുമൊക്കെ വലിയ ഭയമായ അവയെ നിരത്തി നിർത്തിയാണ് നമ്മൾ വെടിക്കെട്ടടക്കം നടത്തുന്നതെന്നതും മറക്കരുത്. ആനകളുടെ എണ്ണം അഭിമാന പ്രശ്നമായി എടുക്കുന്നതിനാൽ പല ഉത്സവങ്ങൾക്കം ഓരോ വർഷവും ആനകൾ കൂടുകയാണ്. മാത്രമല്ല, കടയുദ്ഘാടനം മുതൽ ഗൃഹപ്രവേശനത്തിനു പോലും ആനകളെ എഴുന്നള്ളിപ്പിക്കുന്നു. ഗുരുവായൂരിൽ ഗൃഹപ്രവേശനത്തിനു കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കുത്തേറ്റ് ഒരാൾ മരിച്ചിട്ട്് അധിക കാലമായില്ലല്ലോ.
ആനപീഡനങ്ങളെ കുറിച്ചും പ്രാകൃതമായ വെടിക്കെട്ടിനെ കുറിച്ചും പറയുന്നവരെയെല്ലാം കേരളത്തിന്റെ സംസ്കാരം തകർക്കാൻ ശ്രമിക്കുന്ന വിദേശ ചാരന്മാരായി ചിത്രീകരിക്കുന്ന രീതിയാണ് ഏറെക്കാലമായി കാണുന്നത്. അവരെല്ലാം വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനെങ്കിലും വായിക്കണം. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്നു പറഞ്ഞ ഒരു ഗുരുവും നമുക്കുണ്ടായിരുന്നു. മറ്റെല്ലാ വിഷയങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും നമ്മൾ ഗുരുവിനെ മറന്നു. തീർച്ചയായും ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അവയെ നിഷേധിക്കുന്ന കേവല യുക്തിവാദത്തിൽ ഒരർത്ഥവുമില്ല. അതേസമയം കാലത്തിനനുസരിച്ച് നാം നേടുന്ന അവബോധത്തിനനുസൃതമായ മാറ്റങ്ങൾ അവയിലും ഉണ്ടാകണം. ഒരു വശത്ത് മനുഷ്യ ജീവനു അപകടകരവും മറുവശത്ത് ഐക്യരാഷ്ട്ര സഭ പോലും പ്രഖ്യാപിച്ചിട്ടുള്ള, ഇന്ത്യയടക്കം അംഗീകരിച്ച മൃഗാവകാശങ്ങൾക്കെതിരുമാണ് ആനയെഴുന്നള്ളിപ്പെന്നത് വ്യക്തം.
സാങ്കേതിക വികാസങ്ങളെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉപയോഗിക്കുന്നവരുമാണല്ലോ നമ്മൾ. അതിവിടെയുമാകാം. കൃത്രിമ ബുദ്ധിയുടെ ഇക്കാലത്ത് റോബോട്ട് ആനകളെ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്? അപൂർവമാണെങ്കിലും ചിലയിടത്തെങ്കിലും ആ പരീക്ഷണം വിജയകരമായി നടത്തിയിട്ടുണ്ടല്ലോ.
കുതിരവേല, കാളവേല എന്നൊക്കെ പറയുന്ന പല ഉത്സവങ്ങളിലും ഉപയോഗിക്കുന്നത് അവയുടെ പ്രതിമകളാണെന്നതും മറക്കരുത്. അതുപോലെ തന്നെ പ്രധാനമാണ് വെടിക്കെട്ടിന്റെ കാര്യവും. ലോകമാകെ ആഘോഷങ്ങളിൽ എത്രയോ മനോഹരമായ ഡിജിറ്റൽ വെടിക്കെട്ടുകൾ നാം കാണുന്നു. കേരളത്തിൽ തന്നെ അപൂർവമായി പലയിടത്തും അവ പരീക്ഷിച്ചിട്ടുണ്ട്. തൃശൂരിലെ തന്നെ പുലിക്കളിക്ക് നടത്തിയ ഡിജിറ്റൽ വെടിക്കെട്ട് വളരെ ആകർഷകമായിരുന്നു. താളങ്ങളുടെയും നാദങ്ങളുടെയും വർണങ്ങളുടെയും മറ്റെല്ലാ മനോഹാരിതയും നിലനിർത്തി ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാനാണ് സംസ്കാര ചിത്തരായ മനുഷ്യർ ശ്രമിക്കേണ്ടത്. അല്ലാതെ അരിക്കൊമ്പനെതിരായ ആക്രോശങ്ങളും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കുറിച്ചുള്ള അപദാനങ്ങളുമായി കാലം കളയുകയല്ല.






