Sorry, you need to enable JavaScript to visit this website.

അബ്ശിറിൽ പുതിയ സേവനങ്ങൾ, കുടുംബാംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം

ജിദ്ദ - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ സിവിൽ അഫയേഴ്‌സ് വിഭാഗം പുതുതായി രണ്ടു സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ, കേടായ സൗദി തിരിച്ചറിയൽ കാർഡിനു പകരം ബദൽ കാർഡ് ഇഷ്യു ചെയ്യൽ എന്നീ സേവനങ്ങളാണ് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. സൗദി ജവാസാത്ത് മേധാവിയും സിവിൽ അഫയേഴ്‌സ് ആക്ടിംഗ് അണ്ടർ സെക്രട്ടറിയുമായ ജനറൽ സുലൈമാൻ അൽയഹ്‌യ പുതിയ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു. 
ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ, ഡിജിറ്റൽ രേഖകളുടെ വെരിഫിക്കേഷൻ, വാഹന വിൽപന നടപടിക്രമങ്ങൾ, ഫാൻസി നമ്പർ പ്ലേറ്റുകൾക്കുള്ള ലേലം, ജീർണിച്ചതിനാലും കേടായതിനാലും മറ്റും ദീർഘകാലമായി ഉപയോഗിക്കാത്ത വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യൽ, സൗദി പൗരന്മാരുടെയും വിദേശികളുടെയും നവജാതശിശുക്കളുടെ ജനന രജിസ്‌ട്രേഷൻ, പുതിയ ഇഖാമ, ഇഖാമ പുതുക്കൽ, സൗദി പാസ്‌പോർട്ടുകൾ, റീ-എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ അടക്കം 350 ലേറെ സേവനങ്ങൾ അബ്ശിർ വഴി വ്യക്തികൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകുന്നു. 
നിരവധി സേവനങ്ങൾ സമീപ കാലത്ത് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.6 കോടിയിലേറെ ഡിജിറ്റൽ ഐ.ഡി ഉടമകൾ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ദിവസേന ശരാശരി 60,000 ലേറെ സേവനങ്ങൾ അബ്ശിർ വഴി സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നതായാണ് കണക്ക്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വിഭാഗങ്ങൾ നേരിട്ട് സമീപിക്കേണ്ടതില്ലാതെ സുരക്ഷിതമായും എളുപ്പത്തിലും സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സ്വദേശികളെയും വിദേശികളെയും അബ്ശിർ സഹായിക്കുന്നു. കൂടുതൽ ഓൺലൈൻ സേവനങ്ങൾ അബ്ശിറിൽ ഉൾപ്പെടുത്താൻ ശ്രമങ്ങൾ തുടരുകയാണ്. 
അബ്ശിർ വഴി കഴിഞ്ഞ വർഷം 12.8 കോടിയിലേറെ സേവനങ്ങൾ നൽകിയിരുന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അബ്ശിർ വഴി നൽകിയ സേവനങ്ങളിൽ 51 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം അബ്ശിർ വഴി നൽകിയ ആകെ സേവനങ്ങളിൽ 3.8 കോടിയിലേറെ സേവനങ്ങൾ തൽക്ഷണം പൂർത്തിയാക്കുന്ന ഓട്ടോമേറ്റഡ് പ്രക്രിയ വഴിയുള്ള സേവനങ്ങളായിരുന്നു. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഓട്ടോമേറ്റഡ് പ്രക്രിയ സേവനങ്ങളിൽ 13 ശതമാനം വളർച്ച രേഖപ്പെടുത്തി. 
കഴിഞ്ഞ വർഷം 11,16,999 പുതിയ സൗദി പാസ്‌പോർട്ടുകൾ ഇഷ്യു ചെയ്യൽ, പാസ്‌പോർട്ട് പുതുക്കൽ പ്രക്രിയകൾ അബ്ശിർ പൂർത്തിയാക്കി. 67,94,934 പുതിയ ഇഖാമ ഇഷ്യു ചെയ്യൽ, ഇഖാമ പുതുക്കൽ പ്രക്രിയകളും 4,02,343 മുഖീം റിപ്പോർട്ടുകളും 9,47,324 ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ പ്രക്രിയകളും 12,05,117 വെഹിക്കിൾ രജിസ്‌ട്രേഷൻ പുതുക്കൽ പ്രക്രിയകളും 1,30,439 വാഹന വിൽപന നടപടിക്രമങ്ങളും 10,78,666 ഐഡന്റിറ്റി വെരിഫിക്കേഷൻ പ്രക്രിയകളും 1,41,080 സൗദി തിരിച്ചറിയൽ കാർഡ് പുതുക്കലുകളും 1,18,095 ഫാമിലി കാർഡ് ഇഷ്യു ചെയ്യൽ പ്രക്രിയകളും അബ്ശിർ വഴി കഴിഞ്ഞ വർഷം പൂർത്തിയാക്കി. 
പുതുതായി ഇഷ്യു ചെയ്ത രേഖകളും പുതുക്കിയ രേഖകളും തപാൽ മാർഗം ഉടമകളുടെ വിലാസത്തിൽ നേരിട്ട് എത്തിക്കാനുള്ള 25,72,526 അപേക്ഷകളിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി. ആഭ്യന്തര മന്ത്രാലയ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത വിരലടയാളങ്ങളുമായി ബന്ധപ്പെട്ട 70,478 അന്വേഷണങ്ങളിലും അബ്ശിർ മറുപടികൾ നൽകി. 

Latest News