Sorry, you need to enable JavaScript to visit this website.

ടീച്ചറുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ 22 വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: സ്‌കൂളില്‍ അദ്ധ്യാപികയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ 22 വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. ഡല്‍ഹി ഛത്തര്‍പൂരിലെ ഗവണ്‍മെന്റ് ഗേള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. ആറാം ക്‌ളാസിലെയും ഏഴാം ക്‌ളാസിലെയും വിദ്യാര്‍ത്ഥികളാണ് കുഴഞ്ഞു വീണത്.
ആഘോഷത്തിനിടെ കേക്ക് കഴിച്ചതിനെത്തുടര്‍ന്നായിരുന്നു കുട്ടികള്‍ ഓരോരുത്തരായി ബോധരഹിതരായത്. തുടര്‍ന്ന് ഇവരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ വിവരമറിഞ്ഞ് പോലീസ് ആശുപത്രിയിലെത്തുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സ്‌കൂളില്‍ വാതകചോര്‍ച്ച ഉണ്ടായതാണ് സംഭവത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. ഭക്ഷ്യ വിഷബാധയാണോ കുട്ടികള്‍ കുഴഞ്ഞുവീഴാന്‍ കാരണമെന്നും പോലീസ് അന്വേഷണം നടത്തി.
എന്നാല്‍ വാതക ചോര്‍ച്ചയല്ല കാരണമെന്നും ഒരു അദ്ധ്യാപികുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പെപ്പര്‍ സ്പ്രേ ചോര്‍ന്നതാണ് വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീഴാന്‍ കാരണമായതെന്നും പിന്നീട് പൊലീസ് കണ്ടെത്തി. ഡിയോഡറന്റ് ആണെന്ന് കരുതി പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതാണ് കാരണമെന്നും വിവരമുണ്ട്. കുട്ടികളുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി സി പി ചന്ദന്‍ ചൗധരി അറിയിച്ചു. 
 

Latest News