ലഹരി നല്‍കി യുവതി കവര്‍ന്നത്  രണ്ടര കോടിയും നൂറ് പവന്‍ സ്വര്‍ണവും 

കോയമ്പത്തൂര്‍- റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി പണവും സ്വര്‍ണവും കവര്‍ന്ന യുവതിയുടെ കൂട്ടാളികള്‍ പിടിയില്‍. സിങ്കാനല്ലൂര്‍ സ്വദേശിനി വര്‍ഷിണി (29)യാണ് കോയമ്പത്തൂര്‍ പുലിയകുളം ഗ്രീന്‍ഫീല്‍ഡ് കോളനിയില്‍ താമസിക്കുന്ന രാജേശ്വരിയുടെ (63) രണ്ടര കോടി രൂപയും നൂറ് പവന്‍ സ്വര്‍ണവും കവര്‍ന്നത്.
യുവതിയുടെ സഹായികളായ തിരുവള്ളൂര്‍ സ്വദേശി അരുണ്‍കുമാര്‍ (37), ഇയാളുടെ സുഹൃത്തുക്കളായ സുരേന്ദ്രന്‍, അരുണ്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മാര്‍ച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
രാജേശ്വരി വീട്ടില്‍ തനിച്ചാണ് താമസം. സഹായിയായി കൂടെ നിന്ന വര്‍ഷിണി, ഭക്ഷണത്തില്‍ ലഹരിമരുന്ന് ചേര്‍ന്ന് വയോധികയെ മയക്കി കിടത്തി. തുടര്‍ന്ന് പണവും ആഭരണങ്ങളും കവര്‍ന്ന ശേഷം സ്ഥലം വിടുകയായിരുന്നു. സുഹൃത്തായ അരുണിന്റെ സഹായത്തോടെയായിരുന്നു മോഷണം നടന്നത്. 33.2 ലക്ഷം രൂപയും ആറ് ജോഡി സ്വര്‍ണവളകളും സുഹൃത്തുക്കളെ ഏല്‍പ്പിച്ചതായി അരുണ്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് മറ്റുള്ളവരെയും കേസില്‍ പ്രതി ചേര്‍ത്തത്. യുവതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 
 

Latest News