Sorry, you need to enable JavaScript to visit this website.

ഗുസ്തി താരങ്ങളുടെ സമരപ്പന്തലിൽ സംഘർഷാവസ്ഥ; രണ്ടുപേർക്ക് പരുക്ക്

ന്യൂഡൽഹി -  ലൈംഗിക പീഡന ആരോപണം നേരിടുന്ന ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ നേതാവുമായ ബ്രിജ് ഭൂഷണെതിരേ ഗുസ്തി താരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്ദറിൽ സംഘർഷാവസ്ഥ.. താരങ്ങളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബുധനാഴ്ച രാത്രിയാണ് സംഭവം. 
 അതിനിടെ, മദ്യപിച്ചെത്തിയ ഒരു പോലീസുകാരൻ രണ്ട ഗുസ്തി താരങ്ങളെ അധിക്ഷേപിക്കുകയും മർദ്ദിച്ചതായും പരാതി ഉയർന്നു. പോലീസ് മർദ്ദിച്ചതായി ഗുസ്തി താരങ്ങൾ പറഞ്ഞു. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  സമര പന്തലിലേക്ക് എത്തിച്ച കട്ടിലുകൾ പോലീസ് തടഞ്ഞതിനെച്ചൊല്ലിയുള്ള വാഗ്വാദമാണ് തർക്കത്തിൽ കലാശിച്ചത്. മഴ പെയ്തതിനെ തുടർന്ന് സമരപ്പന്തലിലെ കട്ടിലുകൾ നനഞ്ഞിരുന്നു. പകരം മടയ്ക്കി ഉപയോഗിക്കാവുന്ന കട്ടിലുകളും കിടക്കകളും കൊണ്ടുവന്ന ആം ആദ്മി പ്രവർത്തകരേ പോലീസ് തടയുകയായിരുന്നു. എ.എ.പി നേതാവ് സോമനാഥ് ഭാരതിയെയും രണ്ട് പ്രവർത്തകരേയും പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. 12-ാം ദിവസത്തിലേക്ക് പ്രവേശിച്ച സമരത്തെ ഇല്ലാതാക്കാനും ലൈംഗിക പീഡകന് മറയൊരുക്കി സംരക്ഷിക്കാനുമാണ് പോലീസ് ശ്രമമെന്ന് താരങ്ങൾ പറഞ്ഞു. സമരത്തെ പിന്തുണക്കുന്നവരെല്ലാം ജന്തർ മന്ദറിലേക്ക് എത്തണമെന്ന് ഗുസ്തി താരം ബജ്രംഗ് പൂനിയ അഭ്യർത്ഥിച്ചു. 
 സമരത്തിന് രാജ്യത്തെ ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണ്. ഭരണകൂടം സമരത്തെ അടിച്ചമർത്താനുള്ള തന്ത്രങ്ങളിലാണ്. ഇരകൾക്കു നീതി ലഭ്യമാക്കാനല്ല, വേട്ടക്കാരനെ സംരക്ഷിക്കാനാണ് പോലീസിനും സർക്കാറിനും തിടുക്കം. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. നടപടി എടുത്തേ തീരൂ. പോലീസ് തങ്ങൾക്കു മേൽ ബലം പ്രയോഗിക്കുകയാണ്. സ്ത്രീകളോട് പോലും പോലീസ് മോശമായാണ് പെരുമാറുന്നത്. ബ്രിജ് ഭൂഷണെതിരെ പോലീസിൽനിന്ന് ഒരു ഇലയനക്കം പോലും ഉണ്ടാകുന്നില്ലെന്നും സമരക്കാർ കുറ്റപ്പെടുത്തി.


 

Latest News