Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പായില്ല; മുസ്ലിം ലീഗ് നേരത്തെ ഒരുങ്ങാന്‍ കാരണമുണ്ട്

കോഴിക്കോട്- ഒരു കാലത്ത് മുസ്‌ലിം ലീഗിന്റെ ഇളകാത്ത മണ്ഡലമായ പൊന്നാനി ഇപ്പോള്‍ പാര്‍ട്ടിയുടെ ചങ്കിടിപ്പ് ഏറ്റുകയാണ്. മത്സരിക്കുന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും അനായാസ ജയം എന്ന അവസ്ഥ ഇപ്പോള്‍ മുസ്‌ലിം ലീഗിനില്ല. അതുകൊണ്ടു തന്നെയാണ് എല്ലാവരേക്കാളും മുമ്പേ ലീഗ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
മണ്ഡലം പുനര്‍നിര്‍ണയത്തോടെയാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം ചങ്കിടിപ്പ് ഏറ്റുന്ന വിധം മാറിയത്. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കുന്ദമംഗലം ലോക്‌സഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെട്ട മഞ്ചേരി മറ്റു മലപ്പുറം ജില്ലാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട പൊന്നാനി എന്നിവയായിരുന്നു പുനര്‍നിര്‍ണയത്തിന്  മുമ്പത്തെ ലീഗ് മണ്ഡലങ്ങള്‍. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാക്കളായ മലയാളികളല്ലാത്ത ഖാഇദമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്, സുലൈമാന്‍ സേട്ട്, ജി.എം. ബനാത്ത്‌വാല എന്നിവര്‍ ദീര്‍ഘകാലം പ്രതിനിധീകരിച്ച ഈ മണ്ഡലങ്ങളെ ഈയിടെയാണ് മലയാളി നേതാക്കള്‍ പ്രതിനിധീകരിച്ചു തുടങ്ങിയത്.
1991 ല്‍ ആദ്യമായി ഇ. അഹമ്മദ് മഞ്ചേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ജനവിധി തേടി. അതുവരെ മഞ്ചേരിയിലെ പ്രതിനിധീകരിച്ച സുലൈമാന്‍ സേട്ട് പൊന്നാനിയിലേക്ക് മാറി. 1996 ല്‍ സുലൈമാന്‍ സേട്ടിന് പകരം ബനാത്ത്‌വാല തിരിച്ചെത്തി. 2004 ല്‍ ഇ അഹമ്മദ് പൊന്നാനിയിലേക്ക് മാറുകയും മഞ്ചേരിയില്‍ കെ.പി.എ മജീദ് സ്ഥാനാര്‍ഥിയാവുകുയം ചെയ്തപ്പോള്‍ മഞ്ചേരി മണ്ഡലം ആദ്യമായി ലീഗിനെ കൈവിട്ടു. അര ലക്ഷം വോട്ടിനാണ് ടി.കെ. ഹംസ (സി.പി.എം) മജീദിനെ തോല്‍പിച്ചത്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 ലും ഇടതുമുന്നണി ജയിച്ചപ്പോള്‍ പൊന്നാനി ഇ.അഹമ്മദിനെ ഒരു ലക്ഷത്തിലേറെ വോട്ടിന് ജയിപ്പിച്ചു.
2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മുസ്‌ലിം ലീഗ്  കടന്നത് ഇന്നത്തേക്കാള്‍ ഗൗരവത്തോടെയും ആസൂത്രണത്തോടെയുമായിരുന്നു. അതുവരെ സുരക്ഷിതമായിരുന്ന പൊന്നാനി മണ്ഡലം കൈവിട്ടുപോയേക്കുമെന്ന് സ്ഥിതി വന്നു. എന്നാല്‍ മലപ്പുറമെന്ന് പേരു മാറിയ മഞ്ചേരി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, ബേപ്പൂര്‍ മണ്ഡലങ്ങള്‍ ഒഴിവായി ലീഗിന് കൂടുതല്‍ സുരക്ഷിതമായെങ്കില്‍ പൊന്നാനി നേരെ തിരിഞ്ഞു. മുസ്‌ലിം ലീഗ് താരതമ്യേന ദുര്‍ബലമായ തവനൂര്‍, പൊന്നാനി മണ്ഡലങ്ങള്‍ക്കൊപ്പം പാലക്കാട് ജില്ലയിലെ തൃത്താലയും ഉള്‍പ്പെട്ടതാണ് പൊന്നാനി. പുതിയ പൊന്നാനി മണ്ഡലത്തിലേക്ക് 2004 ല്‍ ലീഗ് ഒരുക്കം തുടങ്ങിയത് കൃത്യം ഒരു വര്‍ഷം മുമ്പായിരുന്നു. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ലീഗ് നേരിട്ടത് പരാജയമായിരുന്നു. പാര്‍ട്ടിയെ ജാഗ്രതയിലാക്കാന്‍ ഒരു കാരണം കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ച കുറ്റിപ്പുറം, ഇ.ടി. മുഹമ്മദ് ബഷീറിനെ തോല്‍പിച്ച തിരൂര്‍ എന്നിവ പൊന്നാനിയില്‍ ആയിരുന്നു.
2019 ലേക്ക് വരുമ്പോള്‍ പൊന്നാനി നല്‍കുന്ന ചിത്രം ലീഗിന് അത്രമേല്‍ ശുഭസൂചകമല്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്ന് തിരൂരങ്ങാടി 6043, തിരൂര്‍ 7061, കോട്ടക്കല്‍ 15,042, തൃത്താല 10,547 എന്നിവയും ഇടതു സ്ഥാനാര്‍ഥികളെ ജയിപ്പിച്ച താനൂര്‍ 4918, തവനൂര്‍ 1706, പൊന്നാനി 15,640 എന്നീ മണ്ഡലങ്ങളുമാണ് പൊന്നാനിയിലുള്ളത്. 2016 ലെ കണക്കനുസരിച്ച് 1071 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനുണ്ട്. ഇതാകട്ടെ തൃത്താലയില്‍ വി.ടി ബല്‍റാമിന് ലഭിച്ച 10,547 വോട്ടിന്റെ ഭൂരിപക്ഷം ചേര്‍ത്തിട്ടാണ്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ തൃത്താലയില്‍ 6433 വോട്ടിന് പിന്നിലായിരുന്നുവെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ പൊന്നാനി ലീഗിന്റെ ചങ്കിടിപ്പാകാതെ വയ്യ.
2004 ല്‍ പൊന്നാനിയില്‍ ആരെ സ്ഥനാര്‍ഥിയാക്കണമെന്നതിന് ലീഗ് കൃത്യമായ അഭിപ്രായം തേടി. ഇ.ടി, മുനീര്‍, സമദാനി, ടി.എ അഹമ്മദ് കബീര്‍ എന്നിവരില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് മുന്‍ഗണന രേഖപ്പെടുത്താന്‍ പഞ്ചായത്ത് തലം മുതല്‍ അണികള്‍ക്ക് അവസരം നല്‍കിയപ്പോള്‍ ഒന്നാമതെത്തിയത് ഇ.ടിയായിരുന്നു. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ചിട്ടയായ പ്രവര്‍ത്തനം കൂടിയായപ്പോള്‍ മഅ്ദനിയെയും കാന്തപുരത്തെയും കൂട്ടുപിടിച്ച ഹുസൈന്‍ രണ്ടത്താണി സ്ഥാനാര്‍ത്ഥിയാക്കിയിട്ടും ഇടതുപക്ഷത്തിന് മേല്‍ എണ്‍പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഇ.ടി കരസ്ഥമാക്കി. 2014 ല്‍ ഇ.ടിക്കെതിരെ വന്നത് കോണ്‍ഗ്രസ് വിമതനായ അബ്ദുറഹിമാനാണ്. അദ്ദേഹം ഇപ്പോള്‍ ലീഗിന്റെ കുത്തക മണ്ഡലമായ താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ തോല്‍പിച്ച നിയമസഭാംഗമാണ്. 2014 ല്‍ ഇ.ടിക്ക് കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ.
പത്ത് വര്‍ഷം പാര്‍ലമെന്റിലെ ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രവര്‍ത്തനം ആരെയൊക്കെ എത്രമാത്രം തൃപ്തരാക്കുമെന്നതും ലീഗിനെ കുഴക്കുന്നു. ഇ.ടി. പാര്‍ലമെന്റില്‍ വേണമെന്ന് ലീഗ് ആഗ്രഹിക്കുന്നു. അതിന് പൊന്നാനി പാകമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇ.ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ജയിക്കാനാകുക എന്ന ചോദ്യവും ഒപ്പം വരുന്നു.

 

Latest News