Sorry, you need to enable JavaScript to visit this website.

പ്രവാസിക്ഷേമരംഗത്ത്  പുതിയ ചുവടുവെപ്പ്

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രവാസിചിട്ടി ഈ രംഗത്തെയൊരു പുതിയ കാൽവെപ്പാണ്. പ്രവാസി ചിട്ടിയുടെ പ്രവർത്തനം മുഴുവൻ ഓൺലൈനിൽ ആണ് നടക്കുന്നത്. ഇതിന്റെ രജിസ്‌ട്രേഷൻ നടപടികൾ ജൂൺ പന്ത്രണ്ടിന് തുടക്കം കുറിച്ചു. നിയമസഭാ സമുച്ചയത്തിൽ എം.എൽ.എമാരുടെയും ലോക്‌സഭാ-രാജ്യസഭാംഗങ്ങളുടെയും വിദേശത്തുള്ള മലയാളി സംഘടനാ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചത്.
പ്രവാസിചിട്ടിയുടെ ഏകോപനത്തിനായി തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ടെർമിനലിൽ ഓഫീസ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രവാസി ചിട്ടി തുടക്കമെന്ന നിലയിൽ യു.എ.ഇ.യിലാണ് ആരംഭിച്ചിരിക്കുന്നത്. പിന്നീട് മറ്റു ജി.സി.സി രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക എന്നിങ്ങനെ ലോകത്തെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിലേയ്ക്കും വ്യാപിപ്പിക്കാനാണു പരിപാടി. 
അതാത് രാജ്യങ്ങളിലെ നിയമങ്ങൾക്കനുസരിച്ചുമാത്രമെ ഈ ചിട്ടി സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വ്യാപിപ്പിക്കാനാവുകയുള്ളു. അതാത് സർക്കാരുകളുടെ പച്ചക്കൊടി ഇതിന് ഇനിയുംകിട്ടേണ്ടതായിട്ടാണിരിക്കുന്നത്. നിയമപരമായ പല വശങ്ങൾ പരിശോധിച്ചാവും ഇവിടങ്ങളിൽ പ്രവാസി ചിട്ടി പ്രവർത്തനം ആരംഭിക്കുക. സാമ്പത്തിക ഇടപാടായതിനാൽ റിസർവ്വ് ബാങ്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നിലപാടുകളും ചിട്ടിയുടെ മുന്നോട്ടുള്ള പോക്കിന് നിർണായകമാണ്. നിയമപരമായ കുരുക്കുകളിൽനിന്ന് രക്ഷപ്പെട്ടാൽ പ്രവാസിചിട്ടി ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമാകും. ആധുനിക വിവരസാങ്കേതികവിദ്യയുടെ ഒരു മാജിക്കായി അത് മാറും. എന്നാൽ കാര്യങ്ങൾകാത്തിരുന്നുകണ്ടാൽമാത്രമെ ഇതിന്റെ പ്രായോഗിക വിജയത്തെക്കുറിച്ച് പറയാൻ കഴിയുകയുള്ളു.
ചിട്ടിമലയാളിയുടെ ജീവതത്തിന്റെ ഭാഗമാണ്. ഗ്രാമങ്ങളിൽ വീട്ടമ്മമാർ നടത്തുന്ന ഓണചിട്ടിയും പെരുന്നാൾ ചിട്ടിയും മുതൽ സർക്കാർ അംഗീകാരത്തോടെ നടത്തുന്ന ചിട്ടിഫണ്ടുകൾ വരെ കേരളത്തിലുണ്ട്. നാട്ടിൻപുറങ്ങളിൽ ചിട്ടിഫണ്ടുകളായിരുന്നു ഒരുകാലത്ത് സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങളിൽ ഭൂരിപക്ഷവും നിർവ്വഹിച്ചിരുന്നത്. ഇപ്പോൾ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സർക്കാർ ചിട്ടിയായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസാണ്. കേരളത്തിലെ ഏറ്റവും മികച്ചനിലയിൽ പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണിത്. 
പരമ്പരാഗതമായ ഒരു സമ്പാദ്യ പദ്ധതിയാണ് കേരളീയർക്ക് ചിട്ടിയെന്ന് കാണാം. അതിനൂതനമായ സാങ്കേതിക മാർഗ്ഗങ്ങളിലൂടെ ഈ സമ്പാദ്യപദ്ധതി വിദേശ മലയാളികളിലേയ്‌ക്കെത്തിക്കുകയാണിപ്പോൾചെയ്യുന്നത്. മലയാളികളിൽ 35 ലക്ഷം പേരെങ്കിലും വിദേശത്ത് ജീവിക്കുന്നവരാണ്. വിദേശ മലയാളികൾക്ക് ഒരു സമ്പാദ്യപദ്ധതി എന്നതുപോലെ സംസ്ഥാനത്തിന് വലിയ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ഒരു സാമ്പത്തിക മാതൃക കൂടിയാവുകയാണിത്. 
പ്രവാസിചിട്ടിവഴി ലോകം മുഴുവനും കാൽകീഴിൽ വരുന്നുവെന്നതാണ് പ്രത്യേകത. ലോകത്തെവിടെയിരുന്നും മലയാളികൾക്കിതിൽ ചേരാൻ കഴിയും. ആഗോളവൽക്കരണത്തിന്റെ കാലത്തെ ചിട്ടിയാണിത്. ചിട്ടി ഇന്ന് ലോകതലത്തിലേക്ക് വളരുമ്പോൾ ഭാവനാസമ്പന്നനായിരുന്ന ധനമന്ത്രി പി.കെ. കുഞ്ഞിനെ ഓർക്കാതിരിക്കാൻ കഴിയില്ല. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായിരുന്നു പി.കെ.കുഞ്ഞ്. സോഷ്യലിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. കായംകുളത്തുനിന്ന് തന്നെ മൂന്ന് ധനമന്ത്രിമാർ ഉണ്ടായതിൽ ആദ്യത്തെയാൾ. 
1967 ൽ ഇ.എം.എസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി.കെ.കുഞ്ഞാണ് ലോട്ടറിക്കൊപ്പം ചിട്ടിഫണ്ടും സ്ഥാപിച്ചത്. കെ.എസ്.എഫ്.ഇ ഇന്ന് ലക്ഷക്കണക്കിനാളുകളുടെ ആശ്രയകേന്ദ്രമാണ്. പതിനായിരങ്ങളാണ് ഇവിടെ തൊഴിലെടുക്കുന്നത്. പ്രവാസി ചിട്ടിയെന്ന ഇതിന്റെ  രണ്ടാം ഘട്ടത്തിന് നേതൃത്വം നൽകുന്നത് ആലപ്പുഴ ജില്ലയിൽനിന്നുതന്നെയുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കാണെന്നതും യാദൃഛികമാകാം. കിഫ്ബിയുടെയും (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) നോർക്കയുടെയും സഹകരണത്തോടെയാണ്  പ്രവാസിച്ചിട്ടി നടപ്പാക്കുന്നത്. ഇത് കൂടുതൽ വിശ്വാസ്യതയ്ക്കിട നൽകുന്നു. ചിട്ടിയിൽ ചേരുന്നതും പണമടയ്ക്കുന്നതും രേഖകൾ സമർപ്പിക്കുന്നതുമെല്ലാം കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ ആയിരിക്കും. സിഡിറ്റിന്റെ നേതൃത്വത്തിൽ എൻ.ഐ.സിയും മറ്റു ചില സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളും ചേർന്നു രൂപം നൽകിയ ഈ ഓൺലൈൻ സംവിധാനം ലോകത്തുതന്നെ സാമ്പത്തിക ഇടപാടിനുള്ള ആദ്യത്തെ സംരംഭമാണെന്ന് പറയാം. വിദേശ രാജ്യങ്ങളിൽ കഴിയുന്ന മലയാളികൾക്കായി കെ.എസ്.എഫ്.ഇ. ഒരുക്കുന്ന പ്രവാസി ചിട്ടി വിജയിച്ചാൽ സംസ്ഥാനത്ത് വലിയ പുരോഗതിക്കു വഴിയൊരുക്കുമെന്നകാര്യത്തിൽ യാതൊരു സംശയവുമില്ല.
സംസ്ഥാനത്തെ ചിട്ടിയിൽ നിന്നു വ്യത്യസ്തമായി പ്രവാസി ചിട്ടിക്ക് എൽ.ഐ.സിയുടെ ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നതാണ് ഒരു പ്രത്യേകത. ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരണമടഞ്ഞാൽ ബാക്കിവരുന്ന തവണകൾ എൽ.ഐ.സി അടച്ചു തീർക്കും. ഇതിന്റെ  അനുകൂല്യങ്ങൾ ബന്ധുക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും. ചിട്ടിയിൽ ചേർന്നവരാരെങ്കിലും വിദേശത്തു മരണമടഞ്ഞാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കെ.എസ്.എഫ്.ഇ വഹിക്കുകയും ചെയ്യും. സ്റ്റേറ്റ് ഇൻഷുറൻസിന്റെ പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകുമെന്നതും എടുത്തുപറയേണ്ടകാര്യമാണ്.
എച്ച്.ഡി.എഫ്.സി പോലെ വിവിധ ഏജൻസികളിൽ നിന്ന്  കിഫ്ബി വായ്പകൾ എടുക്കുന്നുണ്ട്. ഇത്തരം വായ്പകൾക്ക് ഒമ്പതു ശതമാനം വരെ പലിശ കൊടുക്കണം. പ്രവാസി ചിട്ടിയാവുമ്പോൾ ചിട്ടി ബിസിനസിൽ സാധാരണയായുണ്ടാവുന്ന നീക്കിയിരിപ്പ് കിഫ്ബി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നതാണ് സർക്കാരിന് നേട്ടം, ചിട്ടി പിടിക്കുന്നവർക്ക് എത്രയുംവേഗം മുഴുവൻ തുകയും കൊടുത്തുതീർക്കുകയും ചെയ്യും. 
പ്രവാസി ചിട്ടിയിൽ ചേരുന്നവർ അടയ്ക്കുന്ന തവണകൾ കിഫ്ബി ബോണ്ടുകളിലേയ്ക്കാണു പോവുന്നത്. പ്രവാസികളുടെ പണം പൂർണമായി സുരക്ഷിതമായിരിക്കുമെന്ന് സർക്കാർ ഉറപ്പ് പറയുന്നു. അതേസമയം ഇതിലെ പണം നാട്ടിലെ ചെറുതും വലുതുമായ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. കേരള മോഡൽ വികസനത്തിൽ മറ്റൊരധ്യായംകൂടി രചിക്കുകയാണ് പ്രവാസിചിട്ടിയിലൂടെ സർക്കാർ ചെയ്യുന്നത്. പുതിയ സംരംഭമെന്ന നിലയിൽ കൂടുതൽ സൂക്ഷ്മത പുലർത്തണമെന്ന് മാത്രം.

Latest News