എ.ഐ ക്യാമറ അഴിമതി ഉറവിടവും ക്ലിഫ് ഹൗസെന്ന് സൂചന, മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു

തിരുവനന്തപുരം - അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് വീണ്ടും കരിനിഴലില്‍. എ.ഐ ക്യാമറ അഴിമതിയിലും ഉറവിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ചെന്ന് സൂചന. എഐ ക്യാമറ സ്ഥാപിക്കാന്‍ ഉപകരാറെടുത്ത പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബന്ധത്തിന് കൂടുതല്‍ രേഖകള്‍ പുറത്തുവന്നത് ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ക്ക് പിന്നാലെ സെക്രട്ടേറിയേറ്റിലെയും ക്ലിഫ്ഹൗസിലേയും സി.സി.ടി.വി ക്യാമറകള്‍ ഇടിമിന്നലില്‍ നശിച്ചെന്ന അവകാശവാദത്തിലടക്കം ദുരൂഹത ഉയരുന്നു. സെക്രട്ടേറിയേറ്റിലെയും ക്ലിഫ്ഹൗസിലെയും ക്യാമറ മാറ്റി സ്ഥാപിച്ചതിലും വിവാദകമ്പനികള്‍ക്ക് ബന്ധമെന്ന് സംശയം. 2016 മുതല്‍ 2020 വരെ ക്ലിഫ് ഹൗസില്‍ പലതവണ പോയിട്ടുണ്ടെന്നാണു സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചത്. ധൈര്യമുണ്ടെങ്കില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സ്വപ്‌ന വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ 2021 മേയില്‍ തന്നെ ക്ലിഫ് ഹൗസിലെ ക്യാമറ സംവിധാനം മാറ്റിസ്ഥാപിച്ചു. 12,93,957 രൂപ ചെലവിലാണ് സി.സി.ടി.വി മാറ്റി സ്ഥാപിച്ചത്.
സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിയ പേരുകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ സെക്രട്ടേറിയേറ്റിലെയും ക്ലിഫ് ഹൗസിലെയും ക്യാമറകള്‍ ഇടിവെട്ടേറ്റ് നശിച്ചുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിതന്നെ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനും പങ്കുണ്ടെന്ന് തെളിവുകള്‍ പുറത്ത് വന്നതോടെയാണ് സി.സിടിവികള്‍ നശിച്ചതിലും ദുരൂഹത കൂടുതല്‍ ശക്തമാകുന്നത്. സെക്രട്ടേറിയേറ്റിലെ ക്യാമറയുമായി ബന്ധപ്പെട്ട് ചോദ്യം ഉയര്‍ന്നപ്പോള്‍ സംസ്ഥാനത്തിന് പുറത്തുള്ള കമ്പനിയാണ് സര്‍വീസെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എസ്.ആര്‍.ഐ.ടിയുടെ ആസ്ഥാനം സംസ്ഥാനത്തിന് പുറത്താണെന്നതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്.   
സാങ്കേതിക മികവില്ലാത്ത എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച വന്നിട്ടുണ്ട്. കാലങ്ങളായി കെല്‍ട്രോണ്‍ സ്ഥാപിച്ച ക്യാമറകളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് അനധികൃത കരാര്‍ നല്‍കിയവയായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. ഊരാളുങ്കല്‍, എസ്.ആര്‍.ഐ.ടി, അശോക ബില്‍ഡ്‌കോണ്‍ എന്നീ മൂന്ന് കമ്പനികള്‍ക്ക് ലഭിക്കുന്ന എല്ലാ വര്‍ക്കുകളുടെയും ഉപകരാറുകളും പര്‍ച്ചേസ് ഓര്‍ഡറുകളും നല്‍കുന്നത് പ്രസാഡിയോക്കാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് കിട്ടുന്ന കരാറുകളെല്ലാം  പ്രസാഡിയോയിലേക്കാണ് എത്തുന്നത്. എഐ ക്യാമറക്ക് മുന്നേ മോട്ടോര്‍ വാഹന വകുപ്പിന്റെ ടെസ്റ്റിംഗ് സെന്ററുകള്‍ സ്ഥാപിക്കാനടക്കം പ്രസാഡിയോക്ക് നാലു കോടിയുടെ അനുമതി നല്‍കി. കമ്പനി രൂപീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ പ്രവൃത്തിപരിചയംപോലും മാനിക്കാതെയാണ് കരാര്‍ നല്‍കിയത്.
പ്രസാഡിയോ കമ്പനി പ്രകാശ് ബാബുവിന്റേതാണെന്ന് എഐ ക്യാമറ ഉപകരാറില്‍നിന്നു പുറത്തായ അല്‍ഹിന്ദ് കമ്പനി വ്യക്തമാക്കിയിരുന്നു. കെല്‍ട്രോണുമായുള്ള യോഗത്തില്‍പോലും പ്രകാശ്ബാബു ഓണ്‍ലൈനായി പങ്കെടുത്തുവെന്നും അവര്‍ ആരോപിച്ചിരുന്നു. കൂടാതെ പ്രസാഡിയോ എംഡി രാംജിത്ത്, പ്രകാശ് ബാബുവിന്റെ ബിനാമി ആണെന്നും ഇയാള്‍ നിരവധി തവണ ക്ലിഫ്ഹൗസില്‍ എത്തിയിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രകാശ് ബാബുവും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായതോടെ ക്ലിഫ്ഹൗസ് വീണ്ടും സംശയത്തിന്റെ കരിനിഴലിലേക്ക് എത്തുകയാണ്. ആരോപണങ്ങള്‍ ഇത്രമേലുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും മൗനം തുടര്‍ന്നു.

 

 

Latest News