ഭോപാല്‍- മധ്യപ്രദേശിലെ ടിക്കാംഗഡ് ജില്ലയില്‍ ഗ്രാമത്തലവന്റെ വീടിനു മുന്നിലൂടെ ബൈക്കോടിച്ചു പോയതിന് ദലിത് യുവാവിനു മര്‍ദനം. തന്റെ വീടിനു മുന്നിലൂടെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ബൈക്ക് തള്ളിക്കൊണ്ടു പോയാല്‍ മതിയെന്നും ഓടിച്ചു പോകരുതെന്നും ആക്രോശിച്ചായിരുന്നു മര്‍ദനം. 30-കാരനായ ദയാറാം അഹിര്‍വറാണ് ആക്രമണത്തിനിരയായത്. ദയാറാമിന്റെ പരാതിയെ തുടര്‍ന്ന് ഗ്രാമത്തലവന്‍ ഹേമന്ദ് കുര്‍മിയേയും അദ്ദേഹത്തിന്റെ രണ്ടു സഹോരന്‍മാരേയും ഒരു അയല്‍ക്കാരനേയും പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിനു മുന്നിലൂടെ ബൈക്കോടിച്ചതിന് ക്രൂരമായി മര്‍ദിച്ചതിനു പുറമെ മേലില്‍ ഇതുവഴി ബൈക്കോടിച്ചു പോകരുതെന്നും ആക്രമികള്‍ യുവാവിനു മുന്നറിയിപ്പു നല്‍കി. മറ്റു പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഗ്രാമമുഖ്യന്‍ ഹേമന്ദ് ദളിത് യുവാവിനെ അധിക്ഷേപിക്കുകയും പൊതിരെ തല്ലുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവര്‍ കുടുങ്ങിയത്.