പാരിസ്- മുസ്ലിം സമുദായത്തിനെതിരെ ആക്രണം ആസുത്രണം ചെയ്ത കുറ്റത്തിന് ഒരു മുന്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 10 തീവ്രവലതുപക്ഷക്കാരെ ഫ്രഞ്ച് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രി ജെറാഹ് കൊളും ആണ് ഇക്കാര്യം അറിയിച്ചത്. സംശയകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഇവര്‍ക്ക് തീവ്രവലതു പക്ഷ സംഘടയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പാരിസ്, കൊര്സിക ഐലന്‍ഡ് മേഖലകളിലും തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരങ്ങളിലും ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. 32 മുതല്‍ 69 വയസ്സ് വരെ പ്രായമുള്ളവരാണ് പിടിയിലുള്ളത്. മുസ്ലിംകളെ ഉന്നമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി തയാറാക്കി വരികയായിരുന്നു ഇവര്‍.






