കോഴിക്കോട് - ഉള്ള്യേരിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് കാർ യാത്രക്കാരായ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. ബാലുശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ഉള്ള്യേരിയിലുണ്ടായ അപകടത്തിൽ മടവൂർ കടവാട്ട് പറമ്പത്ത് സദാനന്ദൻ (67), മകന്റെ മകൻ ധൻജിത്ത് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ അഞ്ചുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം - ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും തുടർന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനാണ് സാധ്യത. ഞായറാഴ്ച ഇത് ന്യൂനമർദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കും. ശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
ഇതിന്റെ ഫലമായി തമിഴ്‌നാട്ടിലും കേരളത്തിലും ശക്തമായ മഴയുണ്ടാകും. ഇന്ന് ആറു ജില്ലകളിലാണ് സംസ്ഥാനത്ത് മഞ്ഞ ജാഗ്രതാ നിർ്‌ദേശമുള്ളത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ വ്യക്തമാക്കി.
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മേയ് അഞ്ചു മുതൽ ഏഴുവരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.