തിരുവനന്തപുരം-പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതിനെ ചൊല്ലി കലക്ടറെ ശകാരിച്ച് മന്ത്രി. പരിപാടി സംഘടിപ്പിക്കുമ്പോള്‍ അതിന്റേതായ രീതികള്‍ പാലിക്കണമെന്ന താക്കീതും മന്ത്രി ജി.ആര്‍.അനില്‍ കലക്ടര്‍ ജെറോമിക് ജോര്‍ജിന് നല്‍കി. ഇന്നലെ എസ്.എം.വി സ്‌കൂളില്‍ സംഘടിപ്പിച്ച സര്‍ക്കാരിന്റെ താലൂക്കുതല അദാലത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.
മന്ത്രി ജി.ആര്‍.അനിലായിരുന്നു മുഖ്യപ്രഭാഷകന്‍. കലക്ടര്‍ സ്വാഗതം പറഞ്ഞ് അദ്ധ്യക്ഷനായ മന്ത്രി ആന്റണി രാജുവിനെ ക്ഷണിച്ചു. അദ്ധ്യക്ഷപ്രസംഗം പൂര്‍ത്തിയാക്കിയ മന്ത്രി ഉദ്ഘാടകനായ മന്ത്രി വി.ശിവന്‍കുട്ടിയെ ക്ഷണിക്കാതെ നേരെ നിലവിളക്കിന് അടുത്തേക്ക് പോയി. പിന്നാലെ വിശിഷ്ടാതിഥികളെല്ലാവരും ചേര്‍ന്ന് നിലവിളക്ക് തെളിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടി ആരും ക്ഷണിക്കാതെ തന്നെ നേരെ മൈക്കിന് മുന്നിലെത്തി ഉദ്ഘാടന പ്രസംഗം നടത്തി.
അതിന് ശേഷം മുഖ്യപ്രഭാഷകനെ ക്ഷണിക്കുമെന്ന് ജി.ആര്‍.അനില്‍ കരുതിയെങ്കിലും ആരും വിളിച്ചില്ല. ഇതോടെ അനിലും സ്വമേധയ മുഖ്യപ്രഭാഷണം നടത്തി. അതിനുശേഷമാണ് കലക്ടറെ ശകാരിച്ചത്. സര്‍ക്കാര്‍ പരിപാടി നടത്തുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിക്കണമെന്ന നിലപാടിലായിരുന്നു മന്ത്രി അനില്‍.അതിഥികളെ പ്രസംഗിക്കാന്‍ ക്ഷണിക്കേണ്ടത് അദ്ധ്യക്ഷനാണ്.ആന്റണി രാജുവിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്കാണ് കലക്ടര്‍ പഴികേട്ടത്. ഇതോടെ ആന്റണി രാജു ഇടപെട്ട് അനിലിനെ അനുനയിപ്പിച്ചു. മന്ത്രി വി.ശിവന്‍കുട്ടിയും വി.കെ.പ്രശാന്ത് എം.എല്‍.എയും സമീപത്തുണ്ടായിരുന്നു.<