Sorry, you need to enable JavaScript to visit this website.

മീഡിയവൺ ലൈസൻസ് കേന്ദ്ര സര്‍ക്കാര്‍ പത്തുവര്‍ഷത്തേക്ക് പുതുക്കി

ന്യൂദല്‍ഹി- തടഞ്ഞുവെച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി. 10 വർഷത്തേക്ക് ലൈസൻസ് പുതുക്കി വാർത്താവിതരണ മന്ത്രാലയം ഉത്തരവിറക്കി. സുപ്രിംകോടതി വിധിയെത്തുടർന്നാണ് കേന്ദ്രം ലൈസൻസ് പുതുക്കി നൽകിയത്. നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണമെന്നായിരുന്നു സുപ്രിംകോടതി വിധി. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 2021ലാണ് കേന്ദ്രം ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്. കേന്ദ്രം ഉന്നയിച്ച വാദങ്ങൾ സുപ്രിംകോടതി പൂർണമായി തള്ളുകയായിരുന്നു.

മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് റദ്ദാക്കിയത്. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണെന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

മുദ്രവെച്ച കവറിൽ കോടതിയോട് മാത്രം വിവരങ്ങൾ പറയുകയും വിലക്കിന്റെ കാരണം മീഡിയവണിൽനിന്ന് മറച്ചുവക്കുകയും ചെയ്യുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. മുദ്രവച്ച കവർ നീതിപൂർവമായ നിയമ വ്യവഹാരത്തിന് വിഘാതം സൃഷ്ടിച്ച് പരാതിക്കാരെ ഇരുട്ടിൽ നിർത്തുന്നുണ്ടെന്നും വിധിന്യായത്തിൽ പറയുകയുണ്ടായി. സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് മീഡിയവണിന്‍റെ ലൈസന്‍സ് പുതുക്കിയത്.

Latest News