Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍ ഭരണം അരക്കിട്ടുറപ്പിച്ച് ഉര്‍ദുഗാന്‍; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും ജയം

അങ്കാറ- തുര്‍ക്കിയില്‍ ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എ.കെ പാര്‍ട്ടി നേതാവും 15 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രസിഡന്റുമായ തയിപ് ഉര്‍ദുഗാന് വീണ്ടും ജയം. 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ഉര്‍ദുഗാന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചുവെന്ന് തുര്‍ക്കി തെരഞ്ഞെടുപ്പ് ബോര്‍ഡ് മേധാവി സാദി ഗുവെന്‍ അറിയിച്ചു. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്കും സഖ്യകക്ഷിക്കും ഭൂരിപക്ഷം ലഭിച്ചതായും പ്രാദേശിക ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മുഖ്യ പ്രതിപക്ഷം പരാജയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് ഉര്‍ദുഗാന് ലഭിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷം പറഞ്ഞിരുന്നു. ഫലം എന്തായാലും തങ്ങളുടെ ജനാധിപത്യ പോരാട്ടം തുടരുമെന്നും പ്രതിപക്ഷം പ്രതികരിച്ചു. 

അതിനിടെ അങ്കാറയിലെ എ.കെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയാഹ്ലാദത്തില്‍ ഉര്‍ദുഗാന്‍ പങ്കെടുത്തു. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിന് നാളെ മുതല്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും വിജയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സിറിയന്‍ ഭൂമി മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുര്‍ക്കി സേന തുടരുമെന്നും തുര്‍ക്കിയിലെ 35 ലക്ഷം സിറിയന്‍ അഭയാര്‍ത്ഥികളെ സുരക്ഷിതമായി അവരുടെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ വഴിയൊരുക്കേണ്ടതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചതോടെ അധികാരത്തില്‍ ഉര്‍ദുഗാന് കൂടുതല്‍ കരുത്തനാകുമെന്നാണ് കരുതപ്പെടുന്നത്. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് പുതുക്കിയ ഭരണഘടന. ഇതു പ്രകാരം 64-കാരനായ ഉര്‍ദുഗാന് 2028 വരെ അധികാരത്തില്‍ തുടരാന്‍ കഴിയും. രണ്ടു വര്‍ഷം മുമ്പ് സൈനിക അട്ടിമറിയില്‍ നിന്നും രക്ഷപ്പെട്ട ഉര്‍ദുഗാന്‍ ഭരണകൂടം 2017-ലാണ്് പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്തത്്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ മുഖ്യ എതിരാളി സി.എച് പാര്‍ട്ടി നേതാവ് മുഹറം ഇന്‍സ് ആണ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തുന്നത് തടയാന്‍ നിരീക്ഷകര്‍ ഉടന്‍ പോളിങ് സ്റ്റേഷനുകള്‍ വിട്ടു പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ശക്തി കേന്ദ്രങ്ങളായ നഗരങ്ങളില്‍ നിന്നുള്ള ഫലം വരാനിരിക്കുന്നതെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 99 ശതമാനം വോട്ടും എണ്ണിത്തീര്‍ന്നപ്പോള്‍ ഉര്‍ദുഗാന് 52.5 ശതമാനം വോട്ടു ലഭിച്ചു. ഇന്‍സിന് 31 ശതമാനവും ലഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തുന്നത് നിരീക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും രാജ്യത്തുടനീളമുള്ള വോട്ടെടുപ്പു കേന്ദ്രങ്ങളിലെ ബാലറ്റ് പെട്ടികള്‍ നിരീക്ഷിക്കാന്‍ അഞ്ചു ലക്ഷത്തോളം നിരീക്ഷകരെ അണിനിരത്തിയിരുന്നു. പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഇത്തവണ റെക്കോര്‍ഡ് വോട്ടിങ്ങാണ് നടന്നത്. 87 ശതമാനം പേരും വോട്ടു ചെയ്തു. 2019 നവംബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണ് ഉര്‍ദുഗാന്‍ ഭരണകൂടം നേരത്തെയാക്കിയത്.
 

Latest News