Sorry, you need to enable JavaScript to visit this website.

കൊച്ചി വാട്ടർമെട്രോ: കായൽപരപ്പിലെ വിസ്മയം

വന്ദേഭാരത് എക്‌സ്പ്രസിനോട് കിടപിടിക്കുന്ന യാത്രാസൗകര്യങ്ങളുമായി വാട്ടർ മെട്രോ സർവീസ് തുടങ്ങിയതോടെ കരയിലും വെള്ളത്തിലും മെട്രോ യാത്ര സർവീസുള്ള ഇന്ത്യയിലെ ആദ്യ നഗരമായിരിക്കുകയാണ് കൊച്ചി. രാജ്യത്തെ തന്നെ ആദ്യ വാട്ടർ മെട്രോയായതിനാൽ വാട്ടർ മെട്രോകളിൽ രാജ്യത്തിന് ഇനി മാതൃക കൊച്ചിയാണ്. മെട്രോ റെയിലിന് ഇന്ത്യക്കകത്തും പുറത്തും ഒരുപാട് മാതൃകകളുണ്ടായിരുന്നുവെങ്കിൽ വിദേശ രാജ്യങ്ങൾക്കു പോലും കൊച്ചി വാട്ടർ മെട്രോ മാതൃകയാണ്. കൊച്ചിയുടെ ടൂറിസം ഭൂപടത്തിൽ ഈ പുതിയ ഗതാഗത സംവിധാനം സവിശേഷമായ ഒരിടമാണ് നേടാൻ പോകുന്നത്.
അന്തരീക്ഷ മലിനീകരണം ഉയർത്തുന്ന ഭീഷണികളിലൊന്നും പെടാതെ ഒരു ഫ്‌ളൈറ്റ് യാത്രയുടെ സുഖത്തിൽ വിശാല കൊച്ചിയുടെ ഓളപ്പരപ്പിലൂടെ കുതിക്കുന്ന വാട്ടർമെട്രോ ആദ്യ ദിനം മുതൽ തന്നെ കൊച്ചിയുടെ പ്രിയങ്കരിയായി മാറി.  ഹൈക്കോർട്ട് -വൈപ്പിൻ, വൈറ്റില - കാക്കനാട് റൂട്ടുകളിലാണ് വാട്ടർമെട്രോ ഓടിത്തുടങ്ങിയിരിക്കുന്നത്. പൂർണ രൂപത്തിൽ സർവീസ് ആരംഭിക്കുന്നതോടെ ഇതൊരു വലിയ ശൃംഖലയായി കൊച്ചിയുടെ ഗതാഗതത്തിന്റെ സിരാകേന്ദ്രമായി മാറും. 


ബോട്ട് സർവീസ് എന്നു പറഞ്ഞാൽ മലയാളിക്ക് അത് തുരുമ്പെടുത്ത ബോട്ടുകളിലുള്ള ദുരിത യാത്രയാണ്. കൊച്ചിയിലാകട്ടെ, അതൊരു സാഹസിക യാത്ര കൂടിയാണ്. കൊച്ചിയുടെ ഗതാഗത ചരിത്രം ജല ഗതാഗതത്തിന്റെ കൂടി ചരിത്രമാണ്. പുഴയും കായലുകളും താണ്ടിയായിരുന്നു നൂറ്റാണ്ടുകളായി യാത്രയും ചരക്കുനീക്കവുമെല്ലാം. ഒരു കാലത്ത് അറുപതോളം ജെട്ടികൾ വരെ ഉണ്ടായിരുന്ന കൊച്ചിയിൽ ഇപ്പോൾ 20 ജെട്ടികൾ മാത്രമാണ് അവശേഷിക്കുന്നത്. ജലഗതാഗതം നടന്നിരുന്ന വലിയ തോടുകൾ ഇപ്പോൾ മാലിന്യമൊഴുകുന്ന കാനകളാണ്. ബോട്ടുകളുടെ എണ്ണം പരിമിതപ്പെട്ടു. ഉള്ള ബോട്ടുകൾ തുരുമ്പെടുത്തതും ഒച്ചിഴയുന്ന വേഗത്തിൽ സർവീസ് നടത്തുന്നതുമായതുകൊണ്ടു തന്നെ ദ്വീപുവാസികൾ മാത്രമാണ് ഇവയെ ആശ്രയിക്കാറ്. കാലപ്പഴക്കം ചെന്ന ബോട്ടുകളിൽ ജീവൻ പണയം വെച്ച് യാത്ര ചെയ്ത് പരിചയിച്ച കൊച്ചി നിവാസികൾക്ക് വാട്ടർമെട്രോ ഒരു വിസ്മയമാണ്. ഇതൊരു സമ്പൂർണ സർവീസായി മാറുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണവർ. കൊച്ചി മെട്രോ റെയിലും വാട്ടർമെട്രോയും മെട്രോ ബസ് സർവീസും മെട്രോ ഓട്ടോ സർവീസും ചേർന്ന ഏകോപിത ഗതാഗത സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണിത്. 


യാത്രാസുഖം തന്നെയാണ് വാട്ടർമെട്രോയെ വേറിട്ട അനുഭവമാക്കുന്നത്. എൻജിൻ ശബ്ദമോ ചെറിയൊരു വൈബ്രേഷൻ പോലുമോ ഇല്ലാത്തതിനാൽ യാത്ര ചെയ്യുന്നത് ബോട്ടിലാണെന്നു പോലും മറന്നു പോകും. എയർ കണ്ടീഷൻ ചെയ്ത കാബിനിലെ യാത്ര മെട്രോ റെയിൽ യാത്രയേക്കാൾ സുഖകരമായാണ് അനുഭവപ്പെടുന്നത്. വിമാനത്തിലേതിന് സമാനമായി യാത്ര ആരംഭിക്കുന്നതിന് മുമ്പ് അടിയന്തര ഘട്ടത്തിൽ സുരക്ഷ സംവിധാനങ്ങൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് യാത്രക്കാർക്ക് നിർദേശങ്ങളും നൽകും. വിമാനത്തിൽ എയർഹോസ്റ്റസ് നേരിട്ടാണ് നിർദേശം നൽകുന്നതെങ്കിൽ ഇവിടെ സ്‌ക്രീനിൽ തെളിയുന്ന വീഡിയോ വഴിയാണ് നിർദേശം. അപകടമുണ്ടായാൽ ധരിക്കേണ്ട ലൈഫ് ജാക്കറ്റ് സീറ്റിനടിയിലും സീറ്റിനോട് ചേർന്ന ബോക്‌സുകളിലും സൂക്ഷിച്ചിട്ടുണ്ട്. 100 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 110 ലൈഫ് ജാക്കറ്റുകളുണ്ടുണ്ടാകും. ഇതിനു പുറമെ ചിൽഡ്രൻസ്, ഇൻഫന്റ് ലൈഫ് ജാക്കറ്റുകളും ബോട്ടിലുണ്ട്. ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും പ്രവർത്തിപ്പിക്കാവുന്ന ഹൈബ്രിഡ് ബോട്ടാണിത്. അടിയന്തര ഘട്ടത്തിൽ ബാറ്ററിയുടെ ചാർജ് തീർന്നാൽ യാത്ര തുടരുന്നതിന് ഡീസൽ ജനറേറ്ററുണ്ട്. ബോട്ടുകൾ ചാർജ് ചെയ്യാൻ സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം. 15 മിനിറ്റ് മതി ചാർജിംഗിന്. അതിനാൽ ഒരു ട്രിപ്പ് കഴിഞ്ഞ് ടെർമിനലുകളിൽ നിർത്തി അടുത്ത യാത്ര പുറപ്പെടുന്നതിന് മുമ്പു തന്നെ ബോട്ട് പൂർണമായും ചാർജ് ചെയ്യാം.
രാത്രിയിൽ മുന്നിലുള്ള കാഴ്ച വ്യക്തമായി കാണാൻ തെർമൽ ക്യാമറ, നൈറ്റ് നാവിഗേഷനു വേണ്ടി റഡാർ എന്നിവയെല്ലാം ബോട്ടിലുണ്ട്. സാധാരണ വലിയ കപ്പലുകളിൽ മാത്രമാണ് ഈ സംവിധാനങ്ങൾ കാണാറുള്ളത്. നൂതന സംവിധാനങ്ങൾ ഉള്ളതിനാൽ മറ്റു ബോട്ടുകളെ അപേക്ഷിച്ച് വാട്ടർമെട്രോയുടെ നിയന്ത്രണവും വളരെ എളുപ്പമാണ്. ബോട്ട് ഓടിക്കുന്ന ബോട്ട് മാസ്റ്റർ മുന്നിലുള്ള വീൽഹൗസിൽ ഇരുന്നാണ് ബോട്ട് നിയന്ത്രിക്കുക. ഇതിനു പിന്നിലാണ് യാത്രക്കാർക്കുള്ള ഇരിപ്പിടം. അടിയന്തര ഘട്ടത്തിൽ ബോട്ട് മാസ്റ്ററുമായി സംസാരിക്കാൻ ഒരു ടോക്ക് ബാക്ക് സിസ്റ്റവും കാബിനുള്ളിൽ നൽകിയിട്ടുണ്ട്. സദാസമയവും വൈറ്റിലയിലെ കൺട്രോൾ സെന്ററിന്റെ നിരീക്ഷണ വലയത്തിലാകും ബോട്ടുകൾ. യാത്രയ്ക്കിടെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ബോട്ടിനടുത്തേക്ക് കുതിച്ചെത്താൻ പ്രത്യകമായി നിർമിച്ച ഗരുഡ എന്ന റെസ്‌ക്യു ബോട്ടും കെ.എം.ആർ.എൽ. സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ ഗരുഡ പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തും. 18 നോട്ട്‌സ് ഡിസൈൻ സ്പീഡ് ഉള്ള ഫാസ്റ്റ് ബോട്ടിന് 22 നോട്ട്‌സ് വരെ വേഗം കൈവരിക്കാനാവും. അതായത് അടിയന്തര ഘട്ടത്തിൽ വാട്ടർമെട്രോ ബോട്ടിനേക്കാൾ മൂന്നിരട്ടിയോളം വേഗത്തിൽ കുതിച്ചെത്താൻ ഗരുഡയ്ക്ക് സാധിക്കും. വാട്ടർമെട്രോയുടെ പാസഞ്ചർ ഫ്ലാറ്റിന് സുരക്ഷയൊരുക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ റെസ്‌ക്യൂ, ടോയിംഗ്, ഇവാക്വേഷൻ തുടങ്ങി വാട്ടർ ആംബുലൻസായും വരെ ഗരുഡയെ ഉപയോഗപ്പെടുത്താം. കൊച്ചി വാട്ടർമെട്രോ പദ്ധതിയിൽ ഇത്തരം നാല് ബോട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ശരാശരി എട്ട് മുതൽ പത്ത് നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ കുതിക്കാൻ വാട്ടർമെട്രോയക്ക് സാധിക്കും. ഇപ്പോൾ സർവീസ് നടത്തുന്ന ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾക്ക് ശരാശരി കിട്ടുന്നത് 6 നോട്ടിക്കൽ മൈൽ വേഗമാണ്. വൈറ്റില-കാക്കനാട് റൂട്ടിൽ ബസുകളിലെ യാത്രയേക്കാൾ സമയം ലഭിക്കാൻ വാട്ടർമെട്രോയ്ക്ക് സാധിക്കുന്നുണ്ട്. വൈറ്റിലയിൽനിന്ന് ബസിൽ കാക്കനാട്ടേക്കുള്ള യാത്രാ സമയം വിവിധ റൂട്ടുകളിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ്. എന്നാൽ, ഇതേ യാത്ര വാട്ടർ മെട്രോയിലാകുമ്പോൾ 23 മിനിറ്റിനകം എത്തിച്ചേരാനാകും. യാത്രാസമയം ഗണ്യമായി കുറയുമെന്നത് വാട്ടർ മെട്രോയുടെ നേട്ടമാണ്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാണ് സർവീസ്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയാണ്. പരമാവധി 40 രൂപയും. ഹൈക്കോടതിയിൽനിന്ന് വൈപ്പിനിലേക്ക് 20 രൂപയും വൈറ്റിലയിൽനിന്ന് കാക്കനാട്ടേക്ക് 30 രൂപയുമാണ് യാത്രാനിരക്ക്. ബസ് യാത്ര നിരക്കിനേക്കാൾ കൂടുതൽ. എന്നാൽ യാത്രാസുഖവും സമയലാഭവും കണക്കിലെടുക്കുമ്പോൾ ഇതൊരു നഷ്ടമല്ല. സ്ഥിരം യാത്രക്കാർക്കായി പ്രതിവാര, പ്രതിമാസ, ത്രൈമാസ പാസുകളും കെ.എം.ആർ.എൽ നൽകുന്നു. പ്രതിവാര പാസിന് 180 രൂപയും പ്രതിമാസ പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ് നിരക്ക്. കൊച്ചി വൺ കാർഡ് ഉപയോഗിച്ചും വാട്ടർമെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.
പരമാവധി 100 യാത്രക്കാർക്കാണ് ബോട്ടിൽ  യാത്ര ചെയ്യാൻ കഴിയുക. 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും യാത്ര ചെയ്യാം. 100 പേർ കയറിയാൽ പിന്നീട് ബോട്ടിനുള്ളിലേക്ക് ആർക്കും പ്രവേശിക്കാൻ പറ്റാത്ത നൂതനമായ പാസഞ്ചർ കൺട്രോൾ സംവിധാനമുണ്ട്. കൂടുതൽ യാത്രക്കാർ കയറിയത് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. സുരക്ഷയുടെ കാര്യത്തിൽ നൂറിൽ നൂറ് മാർക്കാണ് വാട്ടർമെട്രോക്ക്.  കായൽക്കാഴ്ചകൾ ആസ്വദിക്കാൻ വലിയ പനോരമിക് വിൻഡോ ആണ് ബോട്ടിനകത്തെ ഒരു പ്രധാന ആകർഷണം. സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ മെട്രോ റെയിലിന് തുല്യമാണ്. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് കുട്ടികളെ പാലൂട്ടാൻ ഫീഡിങ് ഏരിയയും യാത്രക്കാർക്ക് അറിയിപ്പുകൾ നൽകാൻ പാസഞ്ചർ അനൗൺസ്‌മെന്റ് സിസ്റ്റവും യാത്രാവിവരങ്ങൾ നൽകാൻ ഡിജിറ്റൽ ഡിസ്‌പ്ലേയും മൊബൈൽ ചാർജിംഗ് പോർട്ടുകളുമെല്ലാം കാബിനിലുണ്ട്. ടെർമിനലുകളും ബോട്ടുകളും ഭിന്നശേഷി സൗഹൃദമാണെന്നത് ഇതിനെ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകമാണ്. വീൽ ചെയറിൽ സഞ്ചരിക്കുന്നവർക്കും ഭിന്നശേഷി ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും കാഴ്ച പരിമിതർക്കുമെല്ലാം സുഗമമായി ഇതിലൂടെ യാത്ര ചെയ്യാം. ടെർമിനലുകളിലെ ഫ്‌ളോട്ടിംഗ് പോണ്ടൂണുകളാണ് അനായാസം ബോട്ടിൽ കയറാൻ യാത്രക്കാരെ സഹായിക്കുന്നത്. വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ ബോട്ടിന്റെ അതേ നിരപ്പിൽ തന്നെ ജെട്ടികൾ പൊങ്ങിക്കിടക്കുന്നതിനായി സജ്ജീകരിച്ച സംവിധാനമാണിത്. 


വാട്ടർമെട്രോ മുന്നോട്ടു വെക്കുന്ന ടൂറിസം സാധ്യതകൾ പ്രയോജനപ്പെടണമെങ്കിൽ സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്. 10 ദ്വീപുകളെ ബന്ധിപ്പിച്ച്  76 കിലോ മീറ്റർ  ദൈർഘ്യമുള്ള ജലപാതയാണ് വാട്ടർ മെട്രോയുടെ ഭാഗമായി ഒരുങ്ങുന്നത്. കൊച്ചിയുടെ ടൂറിസം മാപ്പിലുള്ള ദ്വീപുകളിലേക്ക് വാട്ടർമെട്രോയിലൂടെ കണക്ടിവിറ്റി ആകുന്നതോടെ കൊച്ചിയിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളായി ഈ ദ്വീപുകളും വാട്ടർമെട്രോ സർവീസും മാറും. ഇപ്പോൾ അവികസിതമായി കിടക്കുന്ന ദ്വീപുകളുടെ വികസനത്തിനും ഇത് വഴിയൊരുക്കും. കൊച്ചിയിൽ വന്നാൽ മെട്രോ റെയിലിലും ലുലു മാളിലും കയറണമെന്ന് ചിന്തിക്കുന്നവരുടെ മനസ്സിൽ വാട്ടർമെട്രോ കൂടി ഇടംപിടിക്കുകയാണ്. അതിന് പക്ഷേ കുറെ ദൂരം കൂടി മുന്നോട്ടു പോകാനുണ്ട്. 2016 ൽ നിർമാണ പ്രവർത്തനം ആരംഭിച്ച കൊച്ചി വാട്ടർമെട്രോയുടെ ആദ്യഘട്ടം 2024 ലാണ് പൂർത്തിയാവുക. ഇതോടെ ദിനംപ്രതി 34,000 ത്തോളം യാത്രക്കാർ വാട്ടർമെട്രോയിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 2035 ഓടെ പദ്ധതി പൂർത്തിയാകുമ്പോൾ ദിനംപ്രതി ഒന്നര ലക്ഷത്തോളം യാത്രക്കാർ വാട്ടർമെട്രോയെ ആശ്രയിക്കുമെന്നും കെ.എം.ആർ.എൽ കണക്കാക്കുന്നു. പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർമെട്രോ ബോട്ടുകൾക്ക് സർവീസ് നടത്താൻ കഴിയും. 100 പേർക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടും 50 പേർക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടും സർവീസിനിറക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ടമാണ് ഹൈക്കോടതി-വൈപ്പിൻ, വൈറ്റില-കാക്കനാട് ടെർമിനലുകൾ. മറ്റു ടെർമിനലിന്റെ നിർമാണ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് അവിടങ്ങളിലും സർവീസ് തുടങ്ങും.
കൊച്ചി കപ്പൽ ശാലയിലാണ് വാട്ടർമെട്രോ ബോട്ടുകൾ നിർമിക്കുന്നത്. 23 ബോട്ടുകൾ നിർമിക്കുന്നതിന് കൊച്ചി കപ്പൽ ശാലയ്ക്ക് കരാർ നൽകിയതിൽ ഇതുവരെ എട്ട് ബോട്ടുകൾ കപ്പൽ ശാല കെ.എം.ആർ.എല്ലിന് കൈമാറി. ബാക്കിയുള്ള ബോട്ടുകളും ഈ വർഷം അവസാനത്തോടെ കൈമാറും. വാട്ടർ മെട്രോ ബോട്ടുകൾ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയിരുന്നു. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാർഡും കൊച്ചി വാട്ടർ മെട്രോ നേടിയിയിട്ടുണ്ട്. പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചെലവു വരുന്നത്. പദ്ധതിയുടെ പ്രഖ്യാപന വേളയിൽ 747 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പദ്ധതി നടപ്പാക്കുന്നത് അനിശ്ചതമായി നീണ്ടതോടെ  ചെലവും കൂടി. ഈ തുകയിൽ ജർമൻ ഫണ്ടിംഗ് ഏജൻസിയായ കെ.എഫ്.ഡബ്ല്യൂയുവിൽ നിന്നുള്ള വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നു. സംസ്ഥാന സർക്കാരിന് 74 ശതമാനവും കെ.എം.ആർ.എല്ലിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. കൊച്ചി മെട്രോ റെയിലിന് അനുബന്ധമായി നടപ്പാക്കിയ വാട്ടർമെട്രോ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ഏകോപന ചുമതല കൊച്ചി വാട്ടർമെട്രോ ലിമിറ്റഡുമാണ് നിർവഹിക്കുന്നത്.

Latest News