ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരള ടൂറിസം വകുപ്പിന്റെ മുഖവാക്യം.ഈ ടാഗ് ലൈൻ ഉപയോഗിച്ച് യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും വിനോദ സഞ്ചാര വകുപ്പ് കേരളത്തിന്റെ പരസ്യം നൽകുന്നുണ്ട്.വശ്യസുന്ദരമായ പ്രകൃതി തന്നെയാണ് കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാന ഘടകം.ആ ഘടകത്തെ മാർക്കറ്റ് ചെയ്യുകയും വാണിജ്യാധിഷ്ഠിതമാക്കുകയും ചെയ്താണല്ലോ കേരളത്തിന്റെ വിനോദ സഞ്ചാര രംഗം പ്രധാനമായും പിടിച്ചു നിൽക്കുന്നത്.സംസ്ഥാനത്തിന്റെ വരുമാനത്തിലേക്ക് ചെറുതല്ലാത്ത ഒരു ഭാഗം അതിൽ നിന്ന് ലഭിക്കുന്നുമുണ്ട്.ഇപ്പോൾ വിവാഹങ്ങളും മറ്റു ആഘോഷങ്ങളും നടത്തുന്നതിനുള്ള ഡെസ്റ്റിനേഷൻ ടൂറിസവും ഈ മേഖലകളിൽ സജീവമാകുന്നുണ്ട്.
അതേ സമയം, വിനോദ സഞ്ചാരികളെ കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും ആകർഷിക്കാൻ വിനോദ സഞ്ചാര വകുപ്പിനോ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭകർക്കോ കഴിയുന്നുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നു. ഇല്ലെന്നാണ് ഉത്തരം.മലബാർ മേഖലയിലേക്ക് വിദേശ ടൂറിസ്റ്റുകൾ വിരളമായാണ് എത്തുന്നത്.ടൂറിസം വകുപ്പിന്റെ തന്നെ കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഒരു വർഷം എത്തുന്ന ടൂറിസ്റ്റുകളിൽ ആറ് ശതമാനം മാത്രമാണ് വടക്കൻ കേരളത്തിലേക്ക് വരുന്നത്.അതായത്,ഒരു ലക്ഷം പേർ എത്തുമ്പോൾ ആറായിരം പേർ മാത്രം മലബാറിലേക്ക് വരുന്നുവെന്ന് സാരം.മഹാഭൂരിപക്ഷം വരുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളാണ്.
പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വിനോദ സഞ്ചാരത്തിൽ കേരളത്തിൽ മുന്നിൽ നിൽക്കുന്നത് ഇടുക്കി, കോട്ടയം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളാണ്.പതിറ്റാണ്ടുകളായി കോവളവും കുമരകവും തേക്കടിയുമെല്ലാം വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ടപ്പെട്ട ഇടങ്ങളാണ്.എറണാകുളം ജില്ലയിലാണെങ്കിൽ ഫോർട്ട് കൊച്ചിയും കൊച്ചിക്കായലും കാണാൻ നിരവധി പേരെത്തുന്നു.ആലപ്പുഴയിലെ ഹൗസ് ബോട്ട് ടൂറിസവും സഞ്ചാരികളുടെ ഇഷ്ടമേഖലയാണ്.ഇവന്റുകളെ അടിസ്ഥാമാക്കിയുള്ള ടൂറിസത്തിലാണെങ്കിൽ തൃശൂർ പൂരവും കൊച്ചി ബിനാലെയും ആറൻമുള വള്ളം കളിയും വിദേശ സഞ്ചാരികളെ ആകർഷിക്കുന്നു.ഇത്തരത്തിൽ മധ്യ-തെക്കൻ കേരളത്തിലുള്ള ടൂറിസം ആകർഷണം വടക്കൻ കേരളത്തിലേക്ക് ലഭിക്കുന്നില്ല.
മലബാറിൽ വയനാടൻ ഭൂപ്രകൃതിയാണ് ടൂറിസത്തിൽ മുന്നിൽ നിൽക്കുന്ന ഘടകം.എന്നാൽ അടുത്ത കാലത്തായി വയനാടിന്റെ കാലാവസ്ഥയിലുണ്ടായ മാറ്റം,പ്രകൃതിയെ നശിപ്പിച്ചുള്ള ടൂറിസ്റ്റ് വികസനത്തിനെതിരെയുള്ള പ്രാദേശികമായ എതിർപ്പുകൾ, മാവേയിസ്റ്റ് ഭീഷണി തുടങ്ങിയവ വിദേശ സഞ്ചാരികളുടെ എണ്ണം കുറക്കുന്നുണ്ട്.പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളൊന്നും വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിൽ കാരമായ പങ്കു വഹിക്കുന്നില്ല.കണ്ണൂർ ജില്ലയിലെ തെയ്യം, വിനോദ സഞ്ചാരകളെ കൂടി ആകർഷിക്കാൻ കഴിയുന്ന കലാരൂപമാണെങ്കിലും കാണാനെത്തുന്ന വിദേശികളുടെ എണ്ണം കുറവാണ്.മലബാറിന്റെ പടിഞ്ഞാറൻ മേഖലയിൽ കടലിന്റെയും കായലിന്റെയും സൗന്ദര്യമുണ്ടെങ്കിലും വിദേശ സഞ്ചാരികളെ ആകർഷിക്കാനുതകുന്ന വികസനമോ ഇവന്റുകളോ ഇവിടെയില്ല.പൊന്നാനി ബിയ്യം കായലിൽ ഹൗസ് ബോട്ടുകളുടെ സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഈ പ്രതിസന്ധി തരണം ചെയ്ത് ടൂറിസം മേഖലയിൽ നിന്ന് വരുമാനമുണ്ടാക്കാൻ മലബാറിൽ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുയാണ് ഇപ്പോൾ വിനോദ സഞ്ചാര വകുപ്പ് ചെയ്യുന്നത്.നിലമ്പൂർ കാട്, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ജില്ലയിലെ തുഷാര ഗിരി, വയനാട്ടിലെ പൂക്കോട് തടാകം, കാസർകോട് ജില്ലയിലെ ബേക്കൽ കോട്ട, വിവിധ ജില്ലകളിലെ ബീച്ചുകൾ തുടങ്ങി ചെറുതും വലുതമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് വകുപ്പ് നടത്തുന്നത്.മലബാറിൽ തന്നെയുള്ള ജനങ്ങളെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകർഷിച്ച് വരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.മലപ്പുറം ജില്ലയിലെ താനൂർ ഒട്ടുംപുറം ബീച്ചിൽ അടുത്തിടെ ആരംഭിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് ഇത്തരത്തിലുള്ള പദ്ധതികളുടെ ഭാഗമാണ്.
മലബാറിൽ ടൂറിസം വികസനത്തിനായി കൊണ്ടുവന്ന പദ്ധതികളുടെ ഫലം നിരാശാജനകമാണ്.സംസ്ഥാനത്തെ ഇതര ടൂറിസ്റ്റ് കേന്ദ്രങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള വികസനം ഈ മേഖലയിൽ നടന്നിട്ടില്ല.അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഡെസ്റ്റിനേഷൻ പോലും മലബാറിൽ ഇല്ല എന്നതാണ് അവസ്ഥ.തെക്കൻ കേരളത്തെ അപേക്ഷിച്ച് മനോഹരമായ കായലുകൾ വടക്കൻ കേരളത്തിൽ ഇല്ല.അതേസമയം, കടലോരങ്ങൾക്ക് പുറമെ പുഴകളും ചെറുകായലുകളും ടൂറിസം മേഖലയിൽ സാധ്യതകൾ തുറക്കുന്നുണ്ട്.ഈ മേഖലയിൽ ടൂറിസം വകുപ്പിന്റെ പദ്ധതികൾക്കൊപ്പം സ്വകാര്യ സംരംഭകരുടെ താൽപര്യവും വളരേണ്ടതുണ്ട്്.
ടൂറിസം മേഖലയിലേക്ക് വിനോദ സഞ്ചാരികൾ എത്താൻ ടൂർ ഓപറേറ്റമാർമാരുടെ പിന്തുണ കൂടി ആവശ്യമാണ്.കേരളത്തിൽ പ്രവർത്തിക്കുന്ന ഇത്തരം കമ്പനികളുടെ പ്രൊമോഷനിൽ മലബാർ കാര്യമായി കടന്നു വരുന്നില്ല.കൊച്ചി, കോവളം, കുമരകം, തേക്കടി, മൂന്നാർ തുടങ്ങിയ വൃത്തത്തിനുള്ളിലാണ് ഇവർ മുഖ്യമായും ശ്രദ്ധ ചെലുത്തുന്നത്. ടൂർ ഓപറേറ്റർമാരുടെ ശ്രദ്ധ മലബാറിലേക്ക് കൂടി തിരിയേണ്ടതുണ്ട്.അവരുടെ കൂടി സഹകരണത്തോടെ വിനോദ ടൂറിസ്റ്റുകൾ എത്തുമ്പോൾ അവർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കേണ്ടതുണ്ട്.നിലവാരമുള്ള താമസ സൗകര്യങ്ങൾ, വൃത്തിയുള്ള ബീച്ചുകൾ തുടങ്ങി ടൂറിസം മേഖലയെ ആകർഷകമാക്കാനുള്ള ശ്രമങ്ങൾ ടൂറിസം വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ട്. വിനോദ സഞ്ചാരം സർക്കാരിന് വരുമാനമുണ്ടാക്കുന്നതിനുള്ള ഒരു ഏർപ്പാട് മാത്രമല്ല. ഒട്ടേറെ തൊഴിൽ രഹിതർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അത് സഹായിക്കും. യാത്രയുമായി ബന്ധപ്പെട്ട് വാഹന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വരുമാനം കൂടും. ടൂറിസ്റ്റ് ഗൈഡുകളുടെ അവസരങ്ങൾ വർധിക്കും.ഹോട്ടൽ മേഖലയിൽ ഉണർവുണ്ടാകും. ഇത്തരത്തിൽ വിവിധ തരത്തിലുള്ള വികസനമാണ് ടൂറിസം മേഖലയുടെ അഭിവൃദ്ധിയിലൂടെ ഉണ്ടാകുന്നത്. തദ്ദേശീയരായ ജനങ്ങളുടെ സഹകരണവും ഇക്കാര്യത്തിൽ സുപ്രധാനമാണ്.






