സിംഹത്തിന്റെ ആക്രമണത്തിൽ ഫലസ്തീനി ബാലന് ദാരുണാന്ത്യം

ജിദ്ദ - ഗാസക്ക് തെക്ക് ഖാൻ യൂനിസിൽ മൃഗശാലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ ആറു വയസുകാരന് ദാരുണാന്ത്യം. മൃഗശാലയുടെ ഇരുമ്പ് വേലിയിലെ ചെറിയ വിടവ് വഴി അകത്തുകടന്ന ബാലൻ സിംഹത്തിന്റെ കൂട്ടിനു സമീപമെത്തുകയും സിംഹക്കൂട്ടിൽ ശിരസ്സ് മുട്ടിച്ചു നിന്ന ബാലന്റെ ശിരസ്സിൽ സിംഹം കടിക്കുകയുമായിരുന്നു. സുരക്ഷാ സൈനികർ ഓടിയെത്തിയാണ് സിംഹത്തിന്റെ വായിൽ നിന്ന് ബാലന്റെ ശിരസ്സ് വേർപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുമൃഗശാലകളില്ലാത്ത ഗാസയിൽ ഇത്തരത്തിൽ പെട്ട ആദ്യ സംഭവമാണിത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ഗാസ പോലീസ് വക്താവ് അയ്മൻ അൽബത്‌നീജി പറഞ്ഞു. 
ആറു വയസുകാരൻ ഹമാദ നിദാൽ അഖ്തീത് ആണ് മരണപ്പെട്ടതെന്ന് മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു. ഖാൻ യൂനിസിലെ നാസിർ ആശുപത്രിയിലെത്തിച്ച ബാലൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചതെന്നും മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞു. ചെറിയ മൃഗശാല അടങ്ങിയ അസ്ദാ അമ്യൂസ്‌മെന്റ് സിറ്റിയിലാണ് അപകടം. സംഭവത്തിനു ശേഷം അമ്യൂസ്‌മെന്റ് സിറ്റി പോലീസ് അടപ്പിച്ചു. ഈ പാർക്കിൽ രണ്ടു സിംഹങ്ങളാണുള്ളത്. നിരവധി മറ്റു മൃഗങ്ങളും പക്ഷികളും ഇവിടെയുണ്ട്. ഇതിൽ കൂടുതലും വളർത്തു മൃഗങ്ങളാണ്.
 

Latest News